പ്രതീകാത്മക ചിത്രം / UNI
ഭോപാല്‍: പീഡനശ്രമം ചെറുത്ത യുവതിയെ ഓടുന്ന തീവണ്ടിയില്‍നിന്ന് ചവിട്ടി തള്ളിയിട്ടു. ഉത്തര്‍പ്രദേശ് സ്വദേശിയായ 24-കാരിയെയാണ് ഖജ്രാവോ-മഹോബ സ്പെഷ്യല്‍ എക്സ്പ്രസ് തീവണ്ടിയില്‍നിന്ന് തള്ളിയിട്ടത്. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.
മധ്യപ്രദേശിലെ ഛത്തര്‍പുരില്‍ ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. യു.പി. സ്വദേശിയായ യുവതി ഭാഗേശ്വര്‍ ധാം ക്ഷേത്രം സന്ദര്‍ശിക്കാനായാണ് ഛത്തര്‍പുരിലെ ഖജ്റാവോയില്‍ എത്തിയത്. ക്ഷേത്രദര്‍ശനം കഴിഞ്ഞ് ബുധനാഴ്ച വൈകിട്ട് ഖജ്റാവോ-മഹോബ എക്സ്പ്രസില്‍ നാട്ടിലേക്ക് മടങ്ങി. വൈകിട്ട് 5.15-ന് ഖജ്റാവോയില്‍നിന്ന് തിരിച്ച തീവണ്ടിയില്‍ ജനറല്‍ കോച്ചിലാണ് യുവതി യാത്ര ചെയ്തിരുന്നത്. തീവണ്ടി സ്റ്റേഷന് വിടുന്നതിന് തൊട്ടുമുമ്പ് മറ്റൊരാളും ഇതേ കമ്പാര്‍ട്ട്മെന്റില്‍ കയറി. യാത്രയ്ക്കിടെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും തുടര്‍ന്ന് തീവണ്ടിയില്‍നിന്ന് തള്ളിയിട്ടെന്നുമാണ് പരിക്കേറ്റ യുവതിയുടെ മൊഴി.
യുവതി മാത്രമുണ്ടായിരുന്ന കോച്ചില്‍ കയറിയ പ്രതി ആദ്യം അശ്ലീലച്ചുവയില്‍ സംസാരിക്കുകയായിരുന്നു. ഇത് അവഗണിച്ചതോടെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഇതോടെ യുവതി പ്രതിയുടെ മുഖത്തടിക്കുകയും സീറ്റില്‍നിന്ന് എഴുന്നേറ്റ് തൊട്ടടുത്ത കോച്ചിലേക്ക് ഓടുകയുമായിരുന്നു.
എന്നാല്‍ ഈ കോച്ചിലും യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് അക്രമി യുവതിയെ കയറിപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ പ്രതിയുടെ കൈവിരലില്‍ കടിച്ച് യുവതി പ്രതിരോധിച്ചു. കടിയേറ്റ് ചോര വന്നതോടെ പ്രതി കൂടുതല്‍ അക്രമാസക്തനായി. ഇയാള്‍ യുവതിയെ ചവിട്ടുകയും നിരന്തരം മുഖത്തടിക്കുകയും ചെയ്തു. പിന്നാലെയാണ് തീവണ്ടിയില്‍നിന്ന് തള്ളിയിട്ടത്. എന്നാല്‍ വാതിലിന്റെ ഹാന്‍ഡിലില്‍ പിടിത്തം കിട്ടിയ യുവതി അല്പനേരം വാതിലില്‍ പിടിച്ചുതൂങ്ങി. തുടര്‍ന്ന് അക്രമി കൈകളില്‍ വീണ്ടും ചവിട്ടുകയം ഇതോടെ പിടിവിട്ട് താഴെവീണെന്നുമാണ് യുവതി നല്കിയ പ്രാഥമിക മൊഴി.
റെയില്‍വേ ജീവനക്കാരനാണ് പാളത്തിന് സമീപം പരിക്കേറ്റനിലയില്‍ യുവതിയെ കണ്ടെത്തിയത്. ഉടന്‍തന്നെ ഇദ്ദേഹം പോലീസില്‍ വിവരമറിയിച്ച് യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
അതേസമയം, സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞതായാണ് പോലീസ് നല്‍കുന്നവിവരം. ഇയാളെക്കുറിച്ച് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഉടന്‍തന്നെ അറസ്റ്റുണ്ടാകുമെന്നും ജബല്‍പുര്‍ റെയില്‍വേ പോലീസ് എസ്.പി. വിനായക് വര്‍മ പറഞ്ഞു.
Content Highlights: woman kicked off from train after rape attempt in madhya pradesh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..