പ്രതി അർഷദ്
തൃശ്ശൂര്‍: കുന്നംകുളത്ത് വാഹനാപകടത്തില്‍ യുവതിക്ക് പരിക്കേറ്റ സംഭവത്തില്‍ ട്വിസ്റ്റ്. യുവതിയെ സുഹൃത്ത് കാറില്‍നിന്ന് തള്ളിയിട്ടതാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. യാത്രയ്ക്കിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും യുവതിയെ കാറില്‍നിന്ന തള്ളിയിട്ടെന്നുമാണ് യുവതി നല്കിയ മൊഴി. സുഹൃത്തായ കാവീട് സ്വദേശി അര്‍ഷദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച രാവിലെ കുന്നംകുളം-പട്ടാമ്പി റോഡിലായിരുന്നു സംഭവം. ചെറായി സ്വദേശി പ്രതീക്ഷയും അര്‍ഷദും കാറില്‍ ഒരുമിച്ച് വരികയായിരുന്നു. യാത്രയ്ക്കിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ യുവതിയോട് വാഹനത്തില്‍നിന്ന് ഇറങ്ങാന്‍ യുവാവ് ആവശ്യപ്പെട്ടു. വാഹനം നിര്‍ത്തി ഡോര്‍ തുറക്കുകയും യുവതി ഇറങ്ങുകയും ചെയ്തു. എന്നാല്‍ വാഹനം പെട്ടെന്ന് മുന്നോട്ട് എടുത്തതോടെ യുവതി കാറില്‍ തൂങ്ങി വാഹനം തടയാന്‍ ശ്രമിച്ചു. തുടര്‍ന്നാണ് അതിവേഗത്തില്‍ വാഹനം മുന്നോട്ടെടുത്ത് യുവതിയെ റോഡിലേക്ക് തള്ളിയിട്ടത്. പരിക്കേറ്റ പ്രതീക്ഷയെ പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തിന് പിന്നാലെ പോലീസ് ആശുപത്രിയിലെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതോടെയാണ് അപകടമല്ലെന്നും കാറില്‍നിന്ന് തള്ളിയിട്ടതാണെന്നും വ്യക്തമായത്. തുടര്‍ന്ന് അര്‍ഷദിനെ പിടികൂടുകയുമായിരുന്നു. ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വിവാഹിതയായ പ്രതീക്ഷയും അര്‍ഷദും അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതേത്തുടര്‍ന്ന് ഭര്‍ത്താവുമായി തെറ്റിപിരിഞ്ഞ യുവതി, അര്‍ഷദിനൊപ്പം ജീവിക്കാനായി വീട് വിട്ടിറങ്ങുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..