പാങ്ങോട് പോലീസ് പിടികൂടിയ സത്യശീലൻ
ഭരതന്നൂര്‍(തിരുവനന്തപുരം): വൃദ്ധയായ അമ്മയെ സംരക്ഷിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സഹോദരന് സഹോദരിയെ വെട്ടി. ഗുരുതര പരിക്കേറ്റ ഭരതന്നൂര്‍ ഈട്ടിമുക്ക് കണ്ണമ്പാറയില് ഷീലാഭവനില്‍ ഷീല (50)യെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവരുടെ സഹോദരന് കണ്ണന്‍പാറ കിഴക്കുംകര ചരുവിള പുത്തന്‍വീട്ടില്‍ സത്യശീലനെ(58) പോലീസ് അറസ്റ്റുചെയ്തു.
വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ഷീലയുടെ വീടിനു സമീപത്തുള്ള പുരയിടത്തിലേക്ക് സത്യശീലന് വരുന്നതിനിടയില്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് സത്യശീലന് കൈയില്‍ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. കഴുത്തിലെ വെട്ട് തടയുന്നതിനിടയില്‍ ഷീലയുടെ കൈക്കും ഗുരുതര പരിക്കുപറ്റിയിട്ടുണ്ട്.
ഷീലയും സത്യനും തമ്മില്‍ ഇതിനു മുന്‍പ് പല പ്രശ്നങ്ങളും ഉണ്ടാകുകയും ഷീല സത്യനെതിരേ പാങ്ങോട് പോലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്. നേരത്തേ സത്യന്റെ വീട്ടിലായിരുന്ന ഇവരുടെ മാതാവ് കുഞ്ഞി ഇപ്പോള്‍ കുറച്ചുനാളായി ഷീലയുടെ കൂടെയാണ് താമസം. സത്യന്റെ ഭാര്യയ്ക്ക് അസുഖമായതിനാലാണ് ഷീലയുടെ വീട്ടിലെത്തിയത്. ഇപ്പോള്‍ ഇവരെ തിരിച്ച് വീണ്ടും സത്യന്റെ വീട്ടിലേക്കു കൊണ്ടുപോകണമെന്നുള്ള തര്‍ക്കമാണ് വെട്ടില്‍ കലാശിച്ചത്.
പാങ്ങോട് സി.ഐ. എന്‍.സുനീഷ്, എസ്.ഐ. തുടങ്ങിയവര്‍ ചേര്‍ന്നു പിടികൂടിയ പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Content Highlights: woman hacked by brother in bharathannoor trivandrum
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..