.jpg?$p=d8cbf09&f=16x10&w=856&q=0.8)
ബീന
കോഴിക്കോട്: ക്രൂരമായ ശാരീരികപീഡനത്തെത്തുടർന്ന് നാലരവയസ്സുകാരി കൊല്ലപ്പെട്ട കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിക്ക് 31 വർഷത്തിനുശേഷം ജീവപര്യന്തം തടവ്. മംഗളൂരു പഞ്ചമുകിൽ സ്വദേശിനി ബീന എന്ന ഹസീനയ്ക്കാണ് (50) കോഴിക്കോട് ഫസ്റ്റ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി കെ. അനിൽകുമാർ ജീവപര്യന്തം തടവും 10,000 രൂപ പിഴയും വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നുവർഷംകൂടി കഠിനതടവനുഭവിക്കണം.
1991 നവംബർ 21-നാണ് സംഭവം. തെരുവിൽക്കഴിയുന്ന ബെംഗളൂരു സ്വദേശിയിൽനിന്ന് വളർത്താനായി ഏറ്റെടുത്ത ശാരി എന്ന പെൺകുട്ടിയെ ബീനയും കാമുകൻ ഗണേശനും ചേർന്ന് ശാരീരികമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ അറസ്റ്റിലായ ഇരുവരും മൂന്നുമാസത്തിനുശേഷം ജാമ്യത്തിലിറങ്ങി മുങ്ങി. ബീനയെ കഴിഞ്ഞവർഷം മാർച്ചിൽ എറണാകുളം കളമശ്ശേരിയിൽവെച്ച് ടൗൺ പോലീസ് അറസ്റ്റുചെയ്തെങ്കിലും കേസിലെ ഒന്നാംപ്രതി ഗണേശൻ ഇപ്പോഴും ഒളിവിലാണ്.
മംഗളൂരുവിൽനിന്ന് എറണാകുളത്ത് താമസിക്കാനെത്തിയ ബീനയും ഗണേശനും അവിടെനിന്ന് കർണാടകസ്വദേശിയായ മഞ്ജുവിൽനിന്ന് വളർത്താനെടുത്ത കുട്ടിയുമായി കോഴിക്കോട് ഒയിറ്റിറോഡിലുള്ള ലോഡ്ജിലാണ് താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ പ്രശ്നമുണ്ടാവുമ്പോൾ കാമുകൻ കുട്ടിയെ സിഗരറ്റുകൊണ്ട് പൊള്ളിച്ചും മറ്റും പരിക്കേൽപ്പിക്കുമായിരുന്നു. മർദനത്തിൽ വാരിയെല്ലും തുടയെല്ലും തകർന്നാണ് അന്ന് കുട്ടിയെ കോളേജിൽ പ്രവേശിപ്പിച്ചത്. തലയ്ക്കുള്ളിൽ രക്തം കട്ടപിടിക്കുകയും ചെയ്തിരുന്നു.
നഗരത്തെ നടുക്കിയ കൊലപാതമായിരുന്നു ശാരിയുടേത്. അബദ്ധത്തിൽ വെള്ളത്തിൽ വീണെന്നുപറഞ്ഞാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. മെഡിക്കൽ കോളേജിലെത്തിച്ച് ഏതാനുംസമയത്തിനുള്ളിൽ കുട്ടി മരിച്ചെങ്കിലും ഇരുവരും പിന്നീട് മുങ്ങി. പോസ്റ്റ്മോർട്ടത്തിനുശേഷമാണ് കുട്ടി അതിക്രൂരമായ പീഡനത്തിരയായെന്ന് വ്യക്തമായത്. പത്രത്തിൽ കുട്ടിയുടെ ചിത്രം പ്രസിദ്ധീകരിച്ചപ്പോഴാണ് ശരിയായ അമ്മ എറണാകുളത്തുനിന്നെത്തിയത്. എറണാകുളത്ത് പഴയസാധനങ്ങൾ ശേഖരിച്ചുവിൽക്കുന്ന ജോലിചെയ്തുവരുകയായിരുന്നു കുട്ടിയുടെ അമ്മ. ബീന കാബറെ നർത്തകിയായിരുന്നു. കുഞ്ഞിനെ വളർത്താൻ നിവൃത്തിയില്ലാത്തുകൊണ്ട് ബീനയെ ഏൽപ്പിക്കുകയായിരുന്നുവെന്ന് മഞ്ജു മൊഴിനൽകി.
സംഭവം നടന്ന് രണ്ടുവർഷത്തിനുശേഷമാണ് പ്രതികൾ ആദ്യം പിടിയിലാവുന്നത്. ഗണേശനെ മംഗലാപുരത്തുവെച്ചാണ് അന്ന് ടൗൺ ഇൻസ്പെക്ടറായിരുന്ന മുൻ എസ്.പി. ടി.കെ. രാജ്മോഹന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ടൗൺ പോലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ ഇൻസ്പെക്ടർമാരായിരുന്ന ടി.കെ. രാജ്മോഹൻ, വി.വി. നാരായണൻ, ടി.എ. പീതാംബരൻ, കെ. സതീഷ് ചന്ദ്രൻ എന്നിവരാണ് അന്വേഷണം നടത്തിയത്.
വിവാഹം കഴിച്ച് ഒളിവിൽ താമസം, പിടിയിലായത് കഴിഞ്ഞവർഷം
കോഴിക്കോട്: ജാമ്യത്തിലിറങ്ങി മുങ്ങിയശേഷം ബീന മൂന്നാറിനടുത്ത് ദേവികുളത്ത് മറ്റൊരു വിവാഹം കഴിച്ച് ഒളിവിൽക്കഴിയുകയായിരുന്നു. അവിടെ ഭർത്താവിനൊപ്പം ഹോട്ടൽ നടത്തിവരുന്നതിനിടയിലാണ് ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഇവർ കളമശ്ശേരിയിൽ എത്തുന്നുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചത്.
തിരിച്ചറിയാത്തവിധം രൂപമാറ്റം വന്നിരുന്നു. പക്ഷേ, പോലീസിന്റെ ചോദ്യംചെയ്യലിൽ ഇവർ ബീനതന്നെയെന്ന് സമ്മതിച്ചു. തുടർന്ന്, ഒരുവർഷത്തോളമായി റിമാൻഡിൽ കഴിയുകയായിരുന്നു. ബീനയുടെ അറസ്റ്റാണ് കേസിൽ വഴിത്തിരിവായത്. മുപ്പതുവർഷത്തിനുശേഷം പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിക്കുന്നത് അപൂർവമാണ്.
സാക്ഷികൾ പോലീസിൽ നൽകിയ മൊഴിയിൽ ഉറച്ചുനിന്നത് േപ്രാസിക്യൂഷന് തുണയായി. സാക്ഷികൾ സംഭവങ്ങൾ കൃത്യമായി ഓർക്കുന്നുമുണ്ടായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..