
ജുനൈദ്
സുല്‍ത്താന്‍ബത്തേരി: കര്‍ണാടക സ്വദേശിനിയായ യുവതി റിസോര്‍ട്ടില്‍ കൂട്ടബലാത്സംഗത്തിനിരയായ കേസുമായി ബന്ധപ്പെട്ട് റിസോര്‍ട്ട് നടത്തിപ്പുകാരുടെ സഹായിയായ ഒരാള്‍ അറസ്റ്റിലായി. താമരശ്ശേരി മലപുറം പാറക്കണ്ടി ജുനൈദ് (32) ആണ് അറസ്റ്റിലായത്. യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇയാള്‍ക്ക് നേരിട്ട് ബന്ധമില്ല. അതേസമയം ജുനൈദാണ് റിസോര്‍ട്ടിലേക്ക് അനാശാസ്യത്തിന് ഇടപാടുകാരെ എത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. യുവതിയെ പീഡിപ്പിച്ച സംഘത്തെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
അമ്പലവയല്‍ പൊട്ടംകൊല്ലിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഹോളിഡേ റിസോര്‍ട്ടിലാണ് ജോലിക്കായെത്തിച്ച കര്‍ണാടക സ്വദേശിനി കൂട്ടബലാത്സംഗത്തിനിരയായത്. ഏപ്രില്‍ 20നാണ് സംഭവം. റിസോര്‍ട്ടിലേക്ക് അതിക്രമിച്ചുകയറിയ മുഖംമൂടിധരിച്ച എട്ടംഗസംഘത്തിലെ നാലുപേരാണ് യുവതിയെ പീഡിപ്പിച്ചത്.
റിസോര്‍ട്ട് നടത്തിപ്പുകാരെയും അതിഥികളെയും ഭീഷണിപ്പെടുത്തിയ സംഘം പണവും മറ്റു സാധനങ്ങളും ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ സംഘത്തിലെ നാലുപേര്‍ ചേര്‍ന്ന് മുറികള്‍ തുറന്ന് പരിശോധിക്കുന്നതിനിടെയാണ് കുളിമുറിയിലായിരുന്ന കര്‍ണാടക സ്വദേശിനിയായ യുവതിയെ കണ്ടതും പീഡനത്തിനിരയാക്കിയതും. യുവതിയെ പീഡിപ്പിച്ചശേഷം അര്‍ധരാത്രിയോടെയാണ് സംഘാംഗങ്ങള്‍ സ്ഥലംവിട്ടത്. യുവതിയുടെ മൊബൈല്‍ഫോണും മറ്റും സംഘം അപഹരിച്ചുകൊണ്ടുപോയിരുന്നു. സംഭവശേഷം കര്‍ണാടകയിലേക്ക് തിരിച്ചുപോയ യുവതിയെ റിസോര്‍ട്ട് നടത്തിപ്പുകാരാണ് നിര്‍ബന്ധിച്ച് വീണ്ടും തിരികെയെത്തിച്ചത്. തുടര്‍ന്ന് അമ്പലവയല്‍ പോലീസ് സ്റ്റേഷനിലെത്തിയ യുവതി, അക്രമിസംഘം മൊബൈല്‍ഫോണും മറ്റും കവര്‍ച്ചചെയ്തതായി പരാതിനല്‍കി. സംശയംതോന്നിയ പോലീസ് കൂടുതല്‍ ചോദ്യംചെയ്തപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.
റിസോര്‍ട്ട് നടത്തിപ്പുകാരായ ബത്തേരി കട്ടയാട് പുത്തന്‍വില്ല അപ്പാര്‍ട്ട്മെന്റില്‍ ഷിധിന്‍ (31), വാകേരി ഞരമോളിമീത്തല്‍ വിജയന്‍ (48), പുല്പള്ളി ഇലവന്‍തുരുത്തേല്‍ ജോജോ കുര്യാക്കോസ് (33) എന്നിവരെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ്‌ചെയ്തിരുന്നു. കഴിഞ്ഞമാസമാണ് യുവതിയെ റിസോര്‍ട്ടില്‍ ജോലിക്കായി എത്തിച്ചത്. ഇവരെയിപ്പോള്‍ സഖി സംരക്ഷണകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ബത്തേരി ഡിവൈ.എസ്.പി. കെ.കെ. അബ്ദുള്‍ ഷെരീഫിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..