ലോഡ്ജ് ജീവനക്കാരൻ മാതൃഭൂമി ന്യൂസിനോട് സംസാരിക്കുന്നു | Screengrab: Mathrubhumi News
കൊച്ചി: മയക്കുമരുന്ന് ഉപയോഗിച്ച് അവശനിലയില്‍ കണ്ടെത്തിയ യുവതി ലോഡ്ജില്‍ മുറിയെടുത്തത് ആണ്സുഹൃത്തുക്കള്ക്കൊപ്പമെന്ന് ലോഡ്ജ് ജീവനക്കാരന്. ലോഡ്ജില്‍ വന്നപ്പോള്‍ യുവതിയെ താങ്ങിപിടിച്ചാണ് മറ്റുള്ളവര്‍ കൊണ്ടുവന്നതെന്നും ഭക്ഷ്യവിഷ ബാധയേറ്റ് ചികിത്സ തേടി വരികയാണെന്നുമാണ് ഇവര്‍ പറഞ്ഞതെന്നും ലോഡ്ജ് ജീവനക്കാരന് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
28-ാം തീയതി വൈകിട്ട് ആറരയോടെയാണ് ഇവര്‍ മുറിയെടുക്കാന്‍ വന്നത്. രണ്ട് പെണ്‍കുട്ടികളും ബന്ധുക്കളാണെന്ന് പറഞ്ഞ രണ്ട് യുവാക്കളും ഉണ്ടായിരുന്നു. പെണ്‍കുട്ടികള്‍ കോഴിക്കോട് സ്വദേശികളാണെന്നും ജോലി ആവശ്യത്തിനുള്ള മെഡിക്കല്‍ പരിശോധനയ്ക്ക് കൊച്ചിയില്‍ വന്നതാണെന്നും പറഞ്ഞു. ഒരു പെണ്‍കുട്ടിക്ക് ട്രെയിനില്‍വെച്ച് ബിരിയാണി കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷ ബാധയേറ്റെന്നും ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജായി വരികയാണെന്നും 29-ന് രാവിലെ ചെക്ക് ഔട്ടാകുമെന്നുമാണ് പറഞ്ഞത്. പെണ്‍കുട്ടികള്‍ക്കാണ് മുറിയെന്നും മുറിയിലേക്ക് തങ്ങള്‍ വരില്ലെന്നും യുവാക്കള്‍ പറഞ്ഞിരുന്നു.
ലോഡ്ജില്‍ വരുമ്പോള്‍ ആ പെണ്‍കുട്ടിക്ക് ബോധമുണ്ടായിരുന്നു. പക്ഷേ, താങ്ങിയെടുത്ത് സുഖമില്ലാത്തരീതിയിലാണ് കൊണ്ടുവന്നത്. പിന്നീട് നേരത്തെ വന്ന യുവാവാണ് ഈ പെണ്‍കുട്ടിയെ മുറിയില്‍നിന്ന് എടുത്തുകൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി ഇവരെ വിളിച്ചുവരുത്തുകയായിരുന്നു.29-ാം തീയതി പോലീസ് വന്നപ്പോളാണ് സംഭവം എന്താണെന്ന് തങ്ങള്‍ അറിഞ്ഞത്. പോലീസ് വിവരങ്ങളെല്ലാം ശേഖരിച്ച് മടങ്ങിയെന്നും ലോഡ്ജ് ജീവനക്കാരന് വിശദീകരിച്ചു.
രണ്ടുദിവസം മുമ്പാണ് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജ് മുറിയില്‍ കോഴിക്കോട് സ്വദേശിനികളായ രണ്ട് യുവതികള്‍ മുറിയെടുത്തത്. ഇതിലൊരു യുവതിയെ പിന്നീട് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന യുവതി എം.ഡി.എം.എ. മയക്കുമരുന്ന് ഉപയോഗിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗിച്ചതിനും കൈവശം വെച്ചതിനും ഇവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു. അതേസമയം, യുവതി ആരോഗ്യനില പൂര്‍ണമായി വീണ്ടെടുക്കാത്തതിനാല്‍ വിശദമായ മൊഴിയെടുക്കാനായിട്ടില്ല.
അതിനിടെ, സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് എ.സി.പി. സി.വിജയകുമാര്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. പെണ്‍കുട്ടിയുടെ മൂത്രപരിശോധനയിലാണ് മയക്കുമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞത്. പെണ്‍കുട്ടിക്കെതിരേ കേസെടുത്തിട്ടുണ്ട്. ഇവര്‍ കോഴിക്കോടുനിന്ന് വന്നവരാണ്. ലോഡ്ജില്‍ വന്ന യുവാക്കള്‍ പെണ്‍കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന മറ്റൊരു പെണ്‍കുട്ടിയുടെ സുഹൃത്തുക്കളായിരുന്നു. അവര്‍ കാസര്‍കോട് സ്വദേശികളാണ്. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി ആവശ്യപ്പെട്ടിട്ടാണ് തങ്ങള്‍ എത്തിയതെന്നാണ് യുവാക്കളുടെ മൊഴി. ഇത് ഏകദേശം സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കി കാര്യങ്ങള്‍ സൈബര്‍ സെല്ലിന്റെ അടക്കം സഹായത്തോടെ പരിശോധിച്ചുവരികയാണെന്നും എസിപി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..