ഹരിത
തൃത്താല(പാലക്കാട്): ഭാരതപ്പുഴയില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്നും യുവതിയുടേത് മുങ്ങിമരണമാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കൈപ്പത്തി അറ്റുപോയത് തെരുവുനായയുടെ കടിയേറ്റാണെന്നും യുവതിയുടെ കൈയില്‍ ജീവിയുടെ കടിയേറ്റതായാണ് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയതെന്നും തൃത്താല പോലീസ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് ഗുരുവായൂര്‍ കാരക്കാട് കുറുവങ്ങാട്ടില്‍ വീട്ടില്‍ ഹരിതയെ (28) പട്ടാമ്പി പാലത്തിനുസമീപം ഭാരതപ്പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം കൈപ്പത്തിയറ്റ് അഴുകിയ നിലയിലായിരുന്നു. തൃത്താല സ്റ്റേഷന് ഹൗസ് ഓഫീസര്‍ സി. വിജയകുമാര്‍, പേരാമംഗലം പോലീസ് ഇന്‍സ്പെക്ടര്‍ വി. അശോക് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് ഹരിതയുടെ ബാഗും രേഖകളടങ്ങിയ മറ്റൊരു കവറും തെരുവുനായകള്‍ കടിച്ചുപറിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അതേസമയം, ഇവരുടെ അറ്റുപോയ കൈപ്പത്തി കണ്ടെത്താനായില്ല.
യുവതിക്ക് മാനസികാസ്വാസ്ഥ്യമെന്ന് പോലീസ്
യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി യുവതിയുടെ ബന്ധുക്കളും പോലീസും പറയുന്നു. ഇവര്‍ അസുഖത്തിന് ചികിത്സ തേടിയിരുന്നതായും പോലീസ് പറഞ്ഞു.
അതേസമയം, യുവതി പട്ടാമ്പിയില്‍ എങ്ങനെ എത്തിയതെന്നതിനെക്കുറിച്ച് വ്യക്തതയില്ല. ആറരവര്‍ഷം മുമ്പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. വിവാഹത്തിനുശേഷം കൈപ്പറമ്പ് പോണോരിലെ ഭര്‍ത്താവിന്റെ വീട്ടിലാണ് താമസം.
ഇവരുടെ വീട്ടില്‍നിന്ന് പട്ടാമ്പി ഭാഗത്തേക്ക് നേരിട്ടുള്ള ബസ് സര്‍വീസുകളുണ്ട്. ഏതെങ്കിലും ബസില്‍ കയറി പട്ടാമ്പിയിലെത്തിയതാകാമെന്നാണ് നിഗമനം. ഇതില്‍ വ്യക്തത തേടി പോലീസ് അന്വേഷണം നടത്തുന്നുണ്ട്. പേരാമംഗലം പോലീസാണ് അന്വേഷണം നടത്തുന്നത്.
Content Highlights: woman found dead in bharathapuzha river pattambi findings in postmortem report
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..