ഇരുമ്പുവടികൊണ്ട് ഭാര്യയെ തലക്കടിച്ചുകൊന്നു, അടുത്തമുറിയില്‍ കിടന്നുറങ്ങി, അയല്‍ക്കാർപോലും അറിഞ്ഞില്ല


സംഭവസ്ഥലത്തുനിന്നു കിട്ടിയ ഇരുമ്പുദണ്ഡ് പോലീസും ഫൊറൻസിക് വിദഗ്‌ധയും പരിശോധിക്കുന്നു/ ഈശ്വരി

കൊല്ലം: നഗരത്തിനടുത്ത് ഇരവിപുരത്ത് മദ്യലഹരിയില്‍ യുവാവ് കമ്പിവടികൊണ്ട് ഭാര്യയെ തലയ്ക്കടിച്ചുകൊന്നു. ഇരവിപുരം ചന്തയുടെ എതിര്‍വശത്ത് വാടകയ്ക്കുതാമസിക്കുന്ന ഈശ്വരിയാ(27)ണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു കൊലപാതകം. ഭാര്യ മരിച്ചതറിയാതെ അടുത്തമുറിയിലെ കട്ടിലില്‍ കിടന്നുറങ്ങിയ ഭര്‍ത്താവ് മുരുക(42)നെ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തു.

മാടന്‍നട-ഇരവിപുരം റോഡില്‍ ഇരവിപുരം മാര്‍ക്കറ്റിന്റെ എതിര്‍വശത്താണ് മുരുകനും ഈശ്വരിയും മക്കളായ സരസ്വതിയും ശങ്കരേശ്വരിയും താമസിക്കുന്നത്. വീട്ടില്‍ത്തന്നെ വസ്ത്രങ്ങള്‍ ഇസ്തിരിയിട്ടുനല്‍കുന്ന ജോലിയാണ് മുരുകന്. ഈശ്വരി കടകളില്‍ സഹായിയായി പോയിരുന്നു. മദ്യപിച്ചെത്തുന്ന മുരുകന്‍ ഭാര്യയോട് പതിവായി വഴക്കിടാറുണ്ടായിരുന്നു.

ശനിയാഴ്ച വൈകീട്ട് പുത്തന്‍നട എ.കെ.ജി. ജങ്ഷനുസമീപം താമസിക്കുന്ന സഹോദരി മഹാലക്ഷ്മിയുടെ വീട്ടിലെത്തിയ ഈശ്വരി മക്കളെ അവിടെ നിര്‍ത്തിയശേഷം കൊല്ലത്തേക്ക് പോയി. ഇരവിപുരത്തെ വീട്ടില്‍ തിരിച്ചെത്തിയ അവര്‍ മക്കളെ ഞായറാഴ്ച രാവിലെ എത്തി കൂട്ടിക്കൊണ്ടുവരാമെന്ന് ഫോണില്‍ സഹോദരിയെ അറിയിച്ചു. ബന്ധുക്കള്‍ രാവിലെ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഞായറാഴ്ച രാവിലെ കൂട്ടുകാരി അമ്പിളി ഫോണില്‍ വിളിച്ചിട്ടും കിട്ടിയില്ല.

കൊലപാതകവിവരമറിഞ്ഞ് വീട്ടിൽ തടിച്ചുകൂടിയവർ

ഒന്‍പതുമണിയോടെ അവര്‍ ഈശ്വരിയുടെ വീട്ടിലെത്തുമ്പോള്‍ വാതില്‍ തുറന്നുകിടക്കുകയായിരുന്നു. അവരാണ് അകത്തെ മുറിയില്‍ കട്ടിലില്‍ മരിച്ചനിലയില്‍ ഈശ്വരിയെ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ വിവരമറിയിച്ചു. ഇതൊന്നുമറിയാതെ അടുത്തമുറിയില്‍ ഉറങ്ങുകയായിരുന്ന മുരുകനെ സ്ഥലത്തെത്തിയ ഇരവിപുരം പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഭാര്യയെ സംശയിച്ചിരുന്ന മുരുകന്‍ മുമ്പ് വയറ്റില്‍ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി പോലീസ് അറിയിച്ചു. ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഈശ്വരിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം പോളയത്തോട് ശ്മശാനത്തില്‍ സംസ്‌കരിച്ചു.

ആരുമറിഞ്ഞില്ല മരണം; ഒരു ചുവരിനപ്പുറത്തുപോലും

ഇരവിപുരം ചന്തയ്ക്കു മുന്നിലെ വീട്ടില്‍ സ്ത്രീ കൊല്ലപ്പെട്ട വിവരം നാട്ടുകാരറിഞ്ഞത് രാവിലെ ഒന്‍പതുമണിയോടെ. കൊല്ലപ്പെട്ട ഈശ്വരി താമസിച്ചിരുന്ന വീടിന്റെ മറുഭാഗത്തു താമസിക്കുന്ന വീട്ടുകാര്‍പോലും മരണവിവരം അറിഞ്ഞിരുന്നില്ല. തമിഴ്നാട് മധുര സ്വദേശികളാണ് ഈശ്വരിയും കുടുംബവും. വര്‍ഷങ്ങളായി ഇരവിപുരത്തും പരിസരത്തുമാണ് ഇവര്‍ താമസിക്കുന്നത്. വസ്ത്രങ്ങള്‍ ഇസ്തിരിയിട്ടുനല്‍കുന്ന ജോലിയാണ് ഈശ്വരിയുടെ അച്ഛന്‍ വേലുവിന്. ഈശ്വരിയുടെ അമ്മ മുത്തുമാരി വര്‍ഷങ്ങള്‍ക്കുമുമ്പ് മരിച്ചു. ഈശ്വരിയുടെ സഹോദരങ്ങള്‍ തമിഴ്നാട്ടിലാണ്.

ഈശ്വരി പഠിച്ചതും ഇരവിപുരത്തെ സ്‌കൂളുകളിലാണ്. മുരുകന്‍ ആദ്യം മറ്റൊരു വിവാഹം കഴിച്ചിരുന്നു. ഈ വിവരം മറച്ചുവെച്ചാണ് ഇയാള്‍ ഈശ്വരിയെ വിവാഹം ചെയ്തത്. വീട്ടുചെലവുകള്‍ക്കും വാടകയ്ക്കുമെല്ലാം വേണ്ട പണം കണ്ടെത്താന്‍ ഈശ്വരി ജോലിക്കു പോകുന്നത് മുരുകന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഇതിന്റെ പേരില്‍ അവരെ ഉപദ്രവിക്കുകയും ചെയ്തു. ഈശ്വരി സുഹൃത്തുക്കളോടും ബന്ധുക്കളോടും ഇക്കാര്യം പറയുമായിരുന്നു.

ഈശ്വരിയെ കൊല്ലാനുപയോഗിച്ച, ബൈക്കിന്റെ ഷോക്ക് അബ്സോര്‍ബറിന്റെ ഭാഗമായ കമ്പിയുമായി കഴിഞ്ഞ മൂന്നുദിവസമായി മുരുകന്‍ വീടിനുസമീപം നില്‍ക്കുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. എന്നാല്‍, ക്രൂരമായ കൊലപാതകത്തിന് അതയാള്‍ ഉപയോഗപ്പെടുത്തുമെന്ന് ആരും കരുതിയില്ല.

ഈശ്വരി മരിച്ചതറിഞ്ഞ്‌ അച്ഛൻ വേലു സ്ഥലത്തെത്തിയപ്പോൾ/ ഈശ്വരിയെ കൊല്ലപ്പെട്ടനിലയിൽ ആദ്യം കണ്ട കൂട്ടുകാരി അമ്പിളി സംഭവം മാധ്യമങ്ങളോട് വിവരിക്കുന്നു

അമ്മ മടങ്ങിവരുന്നതുംകാത്ത് സത്യയും ശരണ്യയും

സന്ധ്യക്ക് മടങ്ങിയെത്തുമെന്ന് പറഞ്ഞുപോയ അമ്മയെക്കാത്ത് സത്യയും ശരണ്യയും കാത്തിരുന്നത് ഒരു രാത്രി. രാവിലെ അമ്മയെ അച്ഛന്‍ കൊലപ്പെടുത്തിയ വിവരമറിഞ്ഞ് വേദനയാല്‍ തളര്‍ന്നുപോയി ആ കുരുന്നുകള്‍. ശനിയാഴ്ച വൈകുന്നേരമാണ് ഈശ്വരി മക്കളായ സരസ്വതി(ശരണ്യ)യെയും ശങ്കരേശ്വരി(സത്യ)യെയും സഹോദരി മഹാലക്ഷ്മിയുടെ വീട്ടിലാക്കിയത്. ഈശ്വരിയുടെ അച്ഛന്‍ വേലുവും മഹാലക്ഷ്മിക്കൊപ്പമാണ് താമസം. കൊല്ലത്തുനിന്ന് മടങ്ങിവരുമ്പോള്‍ മക്കളെ കൂട്ടാമെന്ന് അറിയിച്ചെങ്കിലും എത്തിയില്ല.

രാവിലെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. പിന്നീടാണ് ബന്ധുക്കള്‍ ഈശ്വരി കൊല്ലപ്പെട്ടതറിഞ്ഞത്. പതിനൊന്നുമണിയോടെയാണ് മഹാലക്ഷ്മിയും മക്കളും സത്യയെയും ശരണ്യയെയുംകൂട്ടി ഇരവിപുരത്തെ വീട്ടിലെത്തിയത്. അമ്മ കൊല്ലപ്പെട്ടതറിഞ്ഞ് അടുത്ത വീടിന്റെ വരാന്തയിലിരുന്നു വിതുമ്പുകയായിരുന്നു ആ കുരുന്നുകള്‍. ജോലിചെയ്തുകിട്ടുന്ന പണം മുഴുവന്‍ മുരുകന്‍ മദ്യപാനത്തിന് ഉപയോഗിച്ചിരുന്നതിനാല്‍ വീട്ടുചെലവിന് ഒന്നും നല്‍കിയിരുന്നില്ല. വേലു വാങ്ങിനല്‍കിയ ടി.വി.യും മൊബൈല്‍ ഫോണും ഇയാള്‍ വില്‍ക്കുകയും ചെയ്തു.

ഇരവിപുരം ചന്തയില്‍ പച്ചക്കറിക്കച്ചവടംചെയ്തും തട്ടുകടകളിലും മറ്റും സഹായിയായി ജോലിചെയ്തും കിട്ടുന്ന പണംകൊണ്ടാണ് ഈശ്വരി മക്കളെ വളര്‍ത്തിയത്. ഈശ്വരി മറ്റുള്ളവരുമായി ഫോണില്‍ സംസാരിക്കുന്നത് വിലക്കിയ മുരുകന്‍ മാസങ്ങള്‍ക്കുമുമ്പ് കത്തികൊണ്ട് വയറ്റില്‍ കുത്തുകയും ചെയ്തു. ഈ വിവരം ഈശ്വരി ബന്ധുക്കളെ അറിയിച്ചിരുന്നു. പോലീസില്‍ പരാതി നല്‍കാന്‍ എല്ലാവരും ഉപദേശിച്ചിരുന്നെങ്കിലും അവര്‍ അതിനു തയ്യാറായില്ല.

Content Highlights: Woman found dead at home in Kollam, husband arrested

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


Congress

1 min

'പിണറായിയും കൂട്ടരും അക്രമം നിര്‍ത്തി മാപ്പ് പറയുംവരെ പ്രതിഷേധം'; വമ്പന്‍ പ്രകടനവുമായി കോണ്‍ഗ്രസ്

Jun 25, 2022

Most Commented