പ്രതീകാത്മക ചിത്രം/ AFP
ജയ്പുര്‍: രാജസ്ഥാനിലെ ഭരത്പുരില്‍ യുവതിയെ ഭര്‍ത്താവിന്റെ ഒത്താശയോടെ ബന്ധുക്കള്‍ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സ്ത്രീധനത്തുക നല്‍കാത്തതിന്റെ പേരിലാണ് യുവതി ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും ക്രൂരതയ്ക്കിരയായത്. ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ ഭര്‍ത്താവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തി യൂട്യൂബില്‍ അപ് ലോഡ് ചെയ്തതായും യുവതിയുടെ പരാതിയില്‍ ആരോപിക്കുന്നുണ്ട്. ഭരത്പുരിലെ കാമാന്‍ പോലീസ് സ്‌റ്റേഷനിലാണ് ഭര്‍ത്താവിനും ഭര്‍ത്താവിന്റെ ബന്ധുക്കളായ രണ്ടുപേര്‍ക്കും എതിരേ യുവതി പരാതി നല്‍കിയിരിക്കുന്നത്.
2019-ല്‍ ഹരിയാണയില്‍വെച്ചാണ് ദമ്പതിമാര്‍ വിവാഹിതരായത്. വിവാഹശേഷം സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍നിന്ന് ഉപദ്രവം പതിവായിരുന്നുവെന്നാണ് യുവതിയുടെ ആരോപണം. ഉപദ്രവം സഹിക്കവയ്യാതെ യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങി. എന്നാല്‍ അടുത്തിടെ യുവതിയെ ഭര്‍ത്താവ് തിരികെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
ഭര്‍തൃവീട്ടിലേക്ക് മടങ്ങിയതിന് പിന്നാലെ ബന്ധുക്കളായ രണ്ടുപേരെ ഭര്‍ത്താവ് വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് ഇവരോട് തന്നെ കൂട്ടബലാത്സംഗം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഭര്‍ത്താവിന്റെ മുന്നിലിട്ടാണ് ബന്ധുക്കളായ രണ്ടുപേര്‍ തന്നെ ബലാത്സംഗം ചെയ്‌തെന്നും ഇതിന്റെ വീഡിയോ ഭര്‍ത്താവ് മൊബൈലില്‍ പകര്‍ത്തിയതായും യുവതിയുടെ പരാതിയിലുണ്ട്. ഒന്നരലക്ഷം രൂപ സ്ത്രീധനം നല്‍കാത്തതിന്റെ പേരിലാണ് ഈ ക്രൂരത നേരിടേണ്ടിവന്നതെന്നും പരാതിയില്‍ പറയുന്നു.
ബലാത്സംഗത്തിന്റെ വീഡിയോ പകര്‍ത്തിയ ശേഷം ഭര്‍ത്താവ് ഈ ദൃശ്യങ്ങള്‍ യൂട്യൂബില്‍ ഉള്‍പ്പെടെ അപ് ലോഡ് ചെയ്തതായാണ് യുവതിയുടെ ആരോപണം. ബലാത്സംഗത്തിന്റെ വീഡിയോ യൂട്യൂബില്‍ അപ് ലോഡ് ചെയ്താല്‍ ബാക്കിയുള്ള സ്ത്രീധനത്തുക തനിക്ക് അതുവഴി ലഭിക്കുമെന്നാണ് ഭര്‍ത്താവ് പറഞ്ഞതെന്നും യുവതി പറഞ്ഞിട്ടുണ്ട്. ഇതിനുശേഷം പ്രതികളിലൊരാള്‍ അഞ്ചുദിവസം മുമ്പ് തന്നെ കാമാനിലേക്ക് കൊണ്ടുവന്നെന്നും ഇവിടെവെച്ച് വീണ്ടും ബലാത്സംഗത്തിനിരയാക്കിയെന്നും പരാതിയില്‍ പറയുന്നു.
യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കളായ രണ്ടുപേര്‍ക്കും എതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു. അതേസമയം, ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്‌തോ എന്നതടക്കമുള്ള കാര്യങ്ങള്‍ ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെന്നും പോലീസ് പറഞ്ഞു.
Content Highlights: woman filed gang rape complaint against husband and his relatives in rajasthan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..