Screengrab: Mathrubhumi News
കോട്ടയം: ഭര്‍ത്താവിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. എലിക്കുളം മല്ലികശ്ശേരി ബിനോയ് ജോസഫിന്റെ ഭാര്യ സിനി(44)യാണ് മരിച്ചത്. ഒരാഴ്ചയിലേറെയായി പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഏപ്രില്‍ ഒമ്പതാം തീയതി രാത്രിയാണ് ബിനോയ് ജോസഫ് ഭാര്യ സിനിയെ കുത്തിപരിക്കേല്‍പ്പിച്ചത്. കിടപ്പുമുറിയില്‍ ഉറങ്ങുന്നതിനിടെ സിനിയുടെ കഴുത്തില്‍ കത്തി കൊണ്ട് കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. നിലവിളി കേട്ട് സമീപത്തെ മുറിയിലുണ്ടായിരുന്ന മക്കള്‍ ഓടിയെത്തി. ഇവരാണ് അയല്‍വാസികളെ വിവരമറിയിച്ച് സിനിയെ ആശുപത്രിയില്‍ എത്തിച്ചത്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ യുവതിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.
സംഭവത്തില്‍ പ്രതി ബിനോയ് ജോസഫിനെ പൊന്‍കുന്നം പോലീസ് അന്നുതന്നെ പിടികൂടിയിരുന്നു. ബിനോയിക്ക് ഭാര്യയെ സംശയമായിരുന്നുവെന്നും ഇതിനെത്തുടര്‍ന്നുള്ള കുടുംബവഴക്കാണ് ആക്രമണത്തില്‍ കലാശിച്ചതെന്നുമാണ് പോലീസ് പറഞ്ഞിരുന്നത്. സംശയരോഗിയായ ബിനോയ്, മക്കള്‍ ഭാര്യയുടെ ഫോട്ടോ എടുക്കുന്നത് പോലും വിലക്കിയിരുന്നു. സിനിയുടെ ഫോട്ടോ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതും ഇയാള്‍ എതിര്‍ത്തു.
അതേസമയം, പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് ബന്ധുക്കളുടെ മൊഴി. എന്നാല്‍ ഇക്കാര്യം പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. സിനി ചികിത്സയിലിരിക്കെ മരിച്ചതിനാല്‍ പ്രതിക്കെതിരേ കൊലക്കുറ്റം അടക്കം ചുമത്തുമെന്നും പോലീസ് അറിയിച്ചു. പ്രതിയായ ബിനോയ് നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
Content Highlights: woman dies after stabbing by husband in kottayam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..