കെ. ഗീതു
കല്പറ്റ(വയനാട്): പ്രസവത്തെത്തുടര്‍ന്ന് ആരോഗ്യനില വഷളായ യുവതി മരിച്ചു. കല്പറ്റ ഗീതാലയത്തില്‍ എം.കെ. ഗ്രീജേഷിന്റെ ഭാര്യ കെ. ഗീതു (32) ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് ഗീതുവിനെ പ്രസവത്തിനായി കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചൊവ്വാഴ്ച രാവിലെ സിസേറിയനിലൂടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. തുടര്‍ന്ന്, ഗീതുവിന്റെ നില വഷളാവുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ വിദഗ്ധചികിത്സയ്ക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയോടെ മരിച്ചു. കുഞ്ഞ് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ഐ.സി.യു.വിലാണ്. മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് പോസ്റ്റ്മോര്‍ട്ടം നടത്തി. ഗീതുവിന്റെ രണ്ടാമത്തെ പ്രസവമാണിത്.
സംഭവത്തില്‍ ആശുപത്രിക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നും സിസേറിയന്‍ കഴിഞ്ഞ് വാര്‍ഡിലേക്ക് മാറ്റാന്‍ തുടങ്ങുന്നതിനിടെയാണ് ഗീതുവിന്റെ നില വഷളായതെന്നും കൈനാട്ടി ജനറല്‍ ആശുപത്രി സൂപ്രണ്ട് പറഞ്ഞു. വിദഗ്ധചികിത്സയ്ക്കായി അടുത്തുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമുണ്ടായതോടെയാണ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവുകയുള്ളൂവെന്നും സൂപ്രണ്ട് പറഞ്ഞു. ചികിത്സപ്പിഴവാണ് യുവതി മരിക്കാന്‍ കാരണമായതെന്നാരോപിച്ച് ബന്ധുക്കള്‍ കല്പറ്റ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
വെങ്ങപ്പള്ളി ആര്‍.സി.എല്‍.പി. സ്‌കൂളിന് സമീപം ഗോമത്ത് പറമ്പില്‍ രാജന്റെയും പരേതയായ പ്രസന്നയുടെയും മകളാണ് ഗീതു. നാലുവയസ്സുകാരന്‍ ഗൗതം കൃഷ്ണ ഗീതുവിന്റെ മൂത്തമകനാണ്. സഹോദരന്‍: നിഖില്‍.
പ്രസവാനന്തരം ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ജില്ലയില്‍ ഈ അടുത്തുണ്ടായ മൂന്നാമത്തെ മരണമാണിത്.
Content Highlights: woman dies after delivery in kalpetta wayanad
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..