Photo: Mathrubhumi
കാട്ടാക്കട: വീട്ടമ്മയുടെ ചിത്രവും വിവരങ്ങളും അശ്ലീല വെബ്‌സൈറ്റിൽ പ്രദർശിപ്പിച്ചതായുള്ള പരാതിയിൽ കാട്ടാക്കട പോലീസ് ഇൻസ്പെക്ടർ കേസെടുക്കാൻ വിസമ്മതിച്ചതായും ഒത്തുതീർപ്പിനു പ്രേരിപ്പിച്ചതായും പരാതി. ജനുവരി 31-ന് സൈബർ പോലീസിലും ഒന്നിന് കാട്ടാക്കട പോലീസിലും ഇതുസംബന്ധിച്ച് നൽകിയ പരാതികൾ അവഗണിച്ചെന്നു കാണിച്ച് യുവതി റൂറൽ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതി കൂടുതൽ അന്വേഷണത്തിനായി കാട്ടാക്കട പോലീസിനു കൈമാറി.
കഴിഞ്ഞമാസം 25-നാണ് കേസിനാസ്പദമായ സംഭവം. ഇന്ത്യയിൽ നിരോധിച്ചതും ഗൾഫ് അടക്കമുള്ള വിദേശരാജ്യങ്ങളിൽ പ്രചാരത്തിലുള്ളതുമായ അശ്ലീല വെബ്‌സൈറ്റിൽ യുവതിയുടെ ഫോട്ടോയും പ്രായവും ഫോൺനമ്പരും സഹിതം അശ്ലീലപദങ്ങൾ കൂട്ടിച്ചേർത്ത് പ്രസിദ്ധപ്പെടുത്തി. അടുത്ത ദിവസം മുതൽ പല രാജ്യങ്ങളിൽനിന്നു യുവതിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങൾ വന്നു. ആദ്യം നമ്പർ തെറ്റി വന്നതാകാമെന്ന് കരുതി കുറെയധികം നമ്പരുകൾ യുവതി ബ്ലോക്ക് ചെയ്തെങ്കിലും വീണ്ടും സന്ദേശങ്ങൾ വന്നുകൊണ്ടിരുന്നു.
തുടർന്നാണ് കാട്ടാക്കട പോലീസിൽ പരാതി നൽകിയത്. ഇതിനു പിന്നിൽ പ്രവർത്തിച്ചയാളെന്ന് സംശയിക്കുന്ന യുവാവിനെയും മറ്റ് ഏഴുപേരെയും ചോദ്യം ചെയ്യണമെന്നും യുവതി കാട്ടാക്കട പോലീസിനോട് ആവശ്യപ്പെട്ടു. ഇതിനിടെ കുറ്റം ആരോപിക്കുന്നയാളും ബന്ധുക്കളും യുവതിയുടെ വീട്ടിലെത്തി കുറ്റസമ്മതം നടത്തുകയും മാപ്പ് നൽകണമെന്ന് അപേക്ഷിക്കുകയും ചെയ്തതായും യുവതിയും ബന്ധുക്കളും ആരോപിക്കുന്നു. കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ച കാട്ടാക്കട ഇൻസ്പെക്ടർക്കെതിരേ ഡി.ജി.പി.ക്കും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നും യുവതിയുടെ ബന്ധുക്കൾ അറിയിച്ചു.
എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കാട്ടാക്കട ഇൻസ്പെക്ടർ ബിനീഷ് ലാൽ പറഞ്ഞു. പരാതിയിൽ യഥാസമയം നടപടി എടുത്തു. ആരോപണവിധേയരായവരെ വിളിച്ചുവരുത്തി മൊഴിയെടുത്തു. കേസ് സൈബർ സെല്ലിനു കൈമാറുകയും ചെയ്തു. വെബ്സൈറ്റിലെ വിവരങ്ങൾ അവർ നീക്കം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: woman complaints on her picture and information on obscene website
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..