Photo: ANI
ബെംഗളൂരു: നഗരത്തെ ഞെട്ടിച്ച് വീണ്ടും വീപ്പയില്‍ സ്ത്രീയുടെ മൃതദേഹം. തിങ്കളാഴ്ച രാവിലെ ബയ്യപ്പനഹള്ളി എം.വിശേശ്വരയ്യ ടെര്‍മിനല്‍(എസ്.എം.വി.ടി) റെയില്‍വേ സ്റ്റേഷനിലാണ് വീപ്പയില്‍ മൃതദേഹം കണ്ടെത്തിയത്.
റെയില്‍വേ സ്‌റ്റേഷനിലെ പ്രവേശന കവാടത്തിന് സമീപമാണ് ഉപേക്ഷിക്കപ്പെട്ടനിലയില്‍ നീലനിറത്തിലുള്ള വീപ്പ കണ്ടെത്തിയത്. തുടര്‍ന്ന് ഇത് പൊളിച്ച് പരിശോധിച്ചതോടെയാണ് വീപ്പയ്ക്കുള്ളില്‍ സ്ത്രീയുടെ അഴുകിയനിലയിലുള്ള മൃതദേഹം കണ്ടത്.
മരിച്ച സ്ത്രീയ്ക്ക് ഏകദേശം 31-35 വയസ്സ് പ്രായം വരുമെന്നാണ് പോലീസിന്റെ നിഗമനം. അടച്ച വീപ്പയ്ക്കുള്ളില്‍ തുണിയില്‍ പൊതിഞ്ഞനിലയിലായിരുന്നു മൃതദേഹം. ഇവരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
മൂന്നുപേരാണ് ഓട്ടോറിക്ഷയില്‍ വീപ്പ സ്റ്റേഷനിലെത്തിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. മൃതദേഹം മച്ച്‌ലിപട്ടണത്തുനിന്ന് ട്രെയിനിലാണ് എത്തിച്ചതെന്നും കരുതുന്നു. ഇതേത്തുടര്‍ന്ന് പോലീസ് സംഘം മച്ച്‌ലിപട്ടണത്തെത്തി അന്വേഷണം നടത്തിയെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും ബെംഗളൂരു റെയില്‍വേ പോലീസ് എസ്.പി. ഡോ.സൗമലത മാധ്യമങ്ങളോട് പറഞ്ഞു.
മൂന്നുമാസത്തിനിടെ സമാനരീതിയില്‍ കണ്ടെത്തുന്ന മൂന്നാമത്തെ സ്ത്രീയുടെ മൃതദേഹമാണിത്. ജനുവരി നാലാം തീയതി യശ്വന്ത്പുര്‍ റെയില്‍വേ സ്റ്റേഷനില്‍ വീപ്പയ്ക്കുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. 20 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് ഒന്നാംനമ്പര്‍ പ്ലാറ്റ്‌ഫോമിലെ വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയത്. ഡിസംബര്‍ രണ്ടാംവാരം മെമു ട്രെയിനില്‍ ചാക്കില്‍ പൊതിഞ്ഞനിലയിലും സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ രണ്ടുസംഭവങ്ങളിലും പോലീസിന് കൂടുതല്‍വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
കര്‍ണാടകയിലേക്കും ആന്ധ്രപ്രദേശിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നെങ്കിലും മരിച്ചവരെ തിരിച്ചറിയാനോ മൃതദേഹം ഉപേക്ഷിച്ചവരെ കണ്ടെത്താനോ കഴിഞ്ഞിട്ടില്ല. അതേസമയം, മൂന്നുസംഭവങ്ങളും സമാനരീതിയിലായതിനാല്‍ ഒരാള്‍തന്നെയാണോ ഇതിനെല്ലാം പിന്നിലെന്നും പോലീസ് സംശയിക്കുന്നുണ്ട്. സീരിയല്‍ കില്ലറാണെന്ന സംശയവും ശക്തമാണ്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും പോലീസ് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: woman body found in a plastic drum in smvt railway station bengaluru
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..