പരാതിക്കാരി മാതൃഭൂമി ന്യൂസിനോട് സംസാരിച്ചപ്പോൾ, പി. സതീദേവി | Photo: Screengrab, Mathrubhumi
തിരുവനന്തപുരം: വഞ്ചിയൂരില്‍ വീട്ടമ്മ അക്രമത്തിനിരയായ സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥരെ ന്യായീകരിച്ച വനിതാ കമ്മിഷന്‍ അധ്യക്ഷ പി.സതീദേവിയുടെ പരാമര്‍ശം വിവാദത്തില്‍. പോലീസ് സ്റ്റേഷനില്‍ പരാതി എത്താന്‍ വൈകിയതുകൊണ്ടാണ് അന്വേഷണത്തില്‍ കാലതാമസം ഉണ്ടായതെന്ന് അവര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
പരാതിക്കാരി വിളിക്കുക മാത്രമാണ് ആദ്യം ചെയ്തതെന്നും പരാതി നല്‍കിയില്ലെന്നും അതുമൂലമാണ് പോലീസിന്റെ ഭാഗത്തുനിന്നു നടപടി വൈകാന്‍ കാരണമായി അവര്‍ പറഞ്ഞത്. എന്നാല്‍, ഇതു വിവാദമായതോടെ അവര്‍ പരാതിക്കാരിയെ വീട്ടിലെത്തി സന്ദര്‍ശിക്കുകയും പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി തിരുത്തിപ്പറയുകയും ചെയ്തു.
സംഭവത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ വീഴ്ചയെന്ന് കെ.കെ.രമ എം.എല്‍.എ. പറഞ്ഞു. ചൊവ്വാഴ്ച സഭയില്‍ വിഷയം ഉന്നയിക്കും. വനിതാ കമ്മിഷന്‍ അധ്യക്ഷ പി.സതീദേവി പോലീസിനെ ന്യായീകരിച്ചത് തെറ്റാണെന്ന് കെ.കെ.രമ പറഞ്ഞു. അക്രമത്തിനിരയായ യുവതിയെ വീട്ടിലെത്തി കണ്ട ശേഷമായിരുന്നു കെ.കെ.രമയുടെ പ്രതികരണം.
പേട്ട പോലീസിന്റേത് ഗുരുതരവീഴ്ച, സംഭവം അറിയിച്ചിട്ടും ഗൗനിച്ചില്ല
തിരുവനന്തപുരം: സ്ത്രീസുരക്ഷയ്ക്കായി പിങ്ക് പട്രോളിങ് സേവനമടക്കം 24 മണിക്കൂറുമുണ്ടായിട്ടും നഗരമധ്യത്തില്‍ നടുറോഡില്‍ ആക്രമണത്തിനിരയായ സ്ത്രീക്ക് പോലീസില്‍നിന്നു യാതൊരു സഹായവും ലഭിച്ചില്ല. രാത്രി പതിനൊന്നുമണിയോടെ നടന്ന ആക്രമണത്തിനു തൊട്ടുപിന്നാലെ, പരിക്കേറ്റ സ്ത്രീയുടെ മകള്‍ പേട്ട പോലീസ് സ്റ്റേഷനില്‍ വിളിച്ച് സഹായംതേടി. അമ്മയും മകളും മാത്രമാണ് ഈ വീട്ടിലുള്ളത്.
തലയ്ക്കും മുഖത്തും പരിക്കേറ്റ അമ്മയെ വേഗം ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് കിട്ടിമോ എന്നും അന്വേഷിച്ചിരുന്നു. കുറച്ചുനേരം കാത്തുനിന്നെങ്കിലും രണ്ടുതവണ വിളിച്ച് വിലാസം ചോദിച്ചതല്ലാതെ കൃത്യമായ മറുപടിയൊന്നും ലഭിക്കാത്തതിനാല്‍ മകള്‍ അമ്മയെ സ്‌കൂട്ടറില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്ന് മകള്‍ പറഞ്ഞു.
പന്ത്രണ്ടുമണിയോടെ വീണ്ടും സ്റ്റേഷനില്‍നിന്നു വിളിച്ച് എവിടെയാണെന്നു ചോദിച്ചു. ആശുപത്രിയിലാണെന്നു പറഞ്ഞപ്പോള്‍ സ്റ്റേഷനില്‍വന്ന് പരാതി എഴുതിനല്‍കാന്‍ നിര്‍ദേശിച്ചു. അമ്മയും താനും മാത്രമാണുള്ളതെന്നും ഇപ്പോള്‍വന്ന് പരാതി നല്‍കാനാവില്ലെന്നും മകള്‍ പറഞ്ഞു.പിന്നീട് പേട്ട പോലീസിന്റെ ഭാഗത്തുനിന്നു തുടര്‍നടപടികളൊന്നുമുണ്ടായില്ല.
മൂന്നുദിവസത്തെ ചികിത്സ കഴിഞ്ഞശേഷം ഇവര്‍ വ്യാഴാഴ്ച സിറ്റി പോലീസ് കമ്മിഷണര്‍ക്കു പരാതിനല്‍കി. പേട്ട പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അലംഭാവത്തെത്തുടര്‍ന്നാണ് സിറ്റി പോലീസ് കമ്മിഷണര്‍ക്കു നേരിട്ട് പരാതി നല്‍കിയതെന്ന് പരാതിക്കാരി പറയുന്നു. കമ്മിഷണര്‍ ഓഫീസില്‍നിന്ന് ഇടപെട്ടപ്പോള്‍ പേട്ട പോലീസ് ഉടന്‍തന്നെ കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും അക്രമി വന്ന വാഹനത്തിന്റെ നമ്പര്‍ കണ്ടെത്താനായിട്ടില്ല. എന്നാല്‍, തല പിടിച്ച് ചുവരിലിടിക്കുന്നതടക്കമുള്ള സംഭവങ്ങളുണ്ടായിട്ടും കൊലപാതകശ്രമത്തിന് കേസെടുത്തില്ലെന്നും ആരോപണമുണ്ട്. കമ്മിഷണറുടെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തില്‍ രണ്ട് പോലീസുദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുത്തു. ആക്രമണവിവരം ഇവര്‍ എസ്.ഐ.യെയും സി.ഐ.യെയും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ല.
പരാതിക്കാരിയെക്കണ്ട് മൊഴിയെടുക്കുന്നതടക്കമുള്ള നടപടികളും എടുത്തില്ല. ഈ വീഴ്ചകള്‍ വരുത്തിയതിനാണ് പേട്ട സ്റ്റേഷനിലെ ചാര്‍ജുണ്ടായിരുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജയരാജ്, സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത് എന്നിവരെ സിറ്റി പോലീസ് കമ്മിഷണര്‍ സസ്പെന്‍ഡ് ചെയ്തത്. മ്യൂസിയം, കനകക്കുന്ന്, കവടിയാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മുന്‍പ് സ്ത്രീകള്‍ക്കെതിരേ അതിക്രമങ്ങളുണ്ടായപ്പോള്‍ നഗരത്തില്‍ രാത്രിസുരക്ഷ കര്‍ശനമാക്കിയിരുന്നതാണ്. പിങ്ക് പോലീസിന്റെ സേവനം 24 മണിക്കൂറാക്കിയതും ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു.
Content Highlights: woman attacked in thiruvananthapuram, police ignores complaint, assault
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..