രഹാന
മൂന്നാര്‍: മൂന്നാറിലെ സ്വര്‍ണക്കടയില്‍നിന്ന് രണ്ടുലക്ഷം രൂപയോളം വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷ്ടിച്ച സ്ത്രീ പിടിയില്‍. ചെന്നൈ രായപുരത്ത് അതിസമ്പന്നര്‍ താമസിക്കുന്ന ഫ്‌ലാറ്റില്‍നിന്നാണ് മൂന്നാര്‍ പോലീസ് ഇവരെ അറസ്റ്റുചെയ്തത്.
രഹാന ഹുസൈന്‍ ഫറൂക്കാ(47)ണ് പിടിയിലായത്. ഇവരില്‍നിന്നും 38 ഗ്രാം തൂക്കംവരുന്ന രണ്ട് മാലകള്‍ കണ്ടെടുത്തു. മൂന്നാറില്‍ സകുടുംബം വിനോദയാത്രയ്‌ക്കെത്തിയ ഇവര്‍ മടങ്ങുന്ന ദിവസം, കൂടെയുള്ളവരറിയാതെ മോഷണം നടത്തുകയായിരുന്നെന്ന് ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ് പറഞ്ഞു. അതിസമ്പന്ന കുടുംബാംഗമാണ് രഹാന.
ജൂലായ് 16-നാണ് ജി.എച്ച്. റോഡിലെ ഐഡിയല്‍ ജൂവലറിയില്‍നിന്നും സ്വര്‍ണം കവര്‍ന്നത്. കോയമ്പത്തൂര്‍ സ്വദേശിനിയാണെന്നും മലേഷ്യയില്‍ സ്ഥിരതാമസമാണെന്നും പറഞ്ഞാണ് ഇവര്‍ രാവിലെ കടയിലെത്തിയത്. മൂന്ന് ജോഡി കമ്മലും ഒരു കൈച്ചെയിനും വാങ്ങിയിട്ട് 78000 രൂപയും നല്‍കി. അഞ്ചുപവന്‍ തൂക്കംവരുന്ന മറ്റൊരു മാലയും നോക്കി. വൈകീട്ട് ഭര്‍ത്താവുമൊത്തുവന്ന് വാങ്ങാമെന്ന് പറഞ്ഞ് അഡ്വാന്‍സും നല്‍കി പോയി.
രാത്രിയില്‍ കടയിലെ സ്റ്റോക്ക് നോക്കിയപ്പോള്‍ രണ്ട് മാലകള്‍ കുറവുണ്ടെന്ന് കണ്ടെത്തി. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍, ജീവനക്കാരുടെ ശ്രദ്ധമാറിയ സമയത്ത് മാലകള്‍ ബാഗില്‍ ഇടുന്നതുകണ്ടു.
കടയുടമ പോലിസില്‍ പരാതി നല്‍കി. പോലീസ് ടൗണിലും പരിസരങ്ങളിലുമുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇവര്‍ തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ടെമ്പോ ട്രാവലറില്‍ കയറിപ്പോയെന്ന് കണ്ടെത്തി. തുടര്‍ന്നാണ് ചെന്നൈയിലെത്തിയ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.
മൂന്നാര്‍ ഡിവൈ.എസ്.പി. കെ.ആര്‍. മനോജിന്റെ മേല്‍നോട്ടത്തില്‍ എസ്.എച്ച്.ഒ. മനേഷ് കെ.പൗലോസ്, എസ്.ഐ.മാരായ ഷാഹുല്‍ഹമീദ്, കെ.ഡി. മണിയന്‍, എസ്.സി.പി.ഒ.മാരായ വേണുഗോപാല്‍ പ്രഭു, ടോണി ചാക്കോ, രഞ്ജിനി വി.ആര്‍. എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..