Screengrab: Youtube.com/Polimer News
ചെന്നൈ: പുനര്‍വിവാഹത്തിന് താത്പര്യമുള്ള മധ്യവയസ്ക്കരെ വിവാഹം കഴിച്ച് പണവും സ്വത്തും തട്ടിയെടുക്കുന്ന സ്ത്രീ അറസ്റ്റില്‍. ആന്ധ്രപ്രദേശിലെ തിരുപ്പതി പുത്തൂര്‍ സ്വദേശിയായ സുകന്യ(54)യെയാണ് തമിഴ്നാട് പോലീസ് പിടികൂടിയത്. തിരുവള്ളൂര്‍ പുതുപ്പേട്ടയിലെ 35-കാരനെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചതിനും സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചതിനുമാണ് ഇവര്‍ പിടിയിലായത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ 54-കാരി നേരത്തെയും സമാനരീതിയിലുള്ള വിവാഹത്തട്ടിപ്പുകള്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
തിരുവള്ളൂര്‍ സ്വദേശിയായ ഇന്ദ്രാണി(65)യാണ് സുകന്യക്കെതിരേ പോലീസില്‍ പരാതി നല്‍കിയത്. തന്റെ 35-കാരനായ മകന് വിവാഹം കഴിച്ച സ്ത്രീ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായും ഇവരെക്കുറിച്ച് സംശയമുണ്ടെന്നുമായിരുന്നു ഇവരുടെ പരാതി. തുടര്‍ന്നാണ് പോലീസ് സംഘം സുകന്യയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയത്.
ശരണ്യ എന്ന പേരിലാണ് ഇന്ദ്രാണിയുടെ മകനെ സുകന്യ വിവാഹം കഴിച്ചതെന്ന് പോലീസ് പറഞ്ഞു. സ്വകാര്യ കമ്പനിയില്‍ മാനേജരായ ഇന്ദ്രാണിയുടെ മകന് വിവാഹമോചിതനായിരുന്നു. കഴിഞ്ഞ ആറുവര്‍ഷമായി മകനുവേണ്ടി ഒരു പെണ്‍കുട്ടിയെ തേടുകയായിരുന്നു ഇവര്‍. ഇതിനിടെയാണ് വിവാഹദല്ലാള്‍ വഴി തിരുപ്പതി സ്വദേശിയായ ശരണ്യയുടെ വിവാഹാലോചന വരുന്നത്. തുടര്‍ന്ന് ഇന്ദ്രാണിയും മകനും തിരുപ്പതിയിലെത്തി പെണ്ണുകാണലും നടത്തി. 54-കാരിയായ പ്രതിയെ മുപ്പതുവയസ്സെന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയത്. പ്രായം തോന്നിക്കാതിരിക്കാന്‍ സുകന്യ ബ്യൂട്ടി പാര്‍ലറില്‍ പോയി ഒരുങ്ങുന്നത് പതിവായിരുന്നു. ഇന്ദ്രാണിയും മകനും പെണ്ണുകാണലിന് വരുന്നതിന് മുമ്പും പ്രതി ബ്യൂട്ടി പാര്‍ലര്‍ പോയി അടിമുടി മാറ്റംവരുത്തി. പിന്നാലെ സുകന്യയും ഇന്ദ്രാണിയുടെ മകനും തമ്മിലുള്ള വിവാഹം നടന്നു. തിരുവള്ളൂരില്‍ നടന്ന വിവാഹചടങ്ങില്‍ ഇന്ദ്രാണി മരുമകള്‍ക്കായി 25 പവന്റെ സ്വര്‍ണാഭരണങ്ങളും നല്കി.
എന്നാല്‍, വിവാഹം കഴിഞ്ഞ് ഏതാനുംദിവസങ്ങള്‍ കഴിഞ്ഞതോടെ മരുമകളുടെ ഉപദ്രവം തുടങ്ങിയെന്നാണ് ഇന്ദ്രാണിയുടെ പരാതിയില്‍ പറയുന്നത്. സ്വത്തുക്കളെല്ലാം സ്വന്തം പേരില്‍ എഴുതിനല്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സുകന്യയുടെ ഉപദ്രവം. ഒരിക്കല്‍ ഇന്ദ്രാണിയെ വീട്ടില്‍നിന്ന് ഇറക്കിവിടുകയും ചെയ്തു. ഇതോടെ എല്ലാ സ്വത്തുക്കളും സുകന്യയുടെ പേരില്‍ എഴുതിനല്‍കാമെന്ന് ഭര്‍ത്താവ് സമ്മതിച്ചു. രജിസ്ട്രേഷന് നടപടികള്‍ക്കായി ആധാര്‍ കാര്‍ഡും ചോദിച്ചു. എന്നാല്‍ ആധാര്‍ കാര്‍ഡില്‍ മറ്റൊരു പേര് കണ്ടതോടെ ഇവര്‍ക്ക് സംശയം തോന്നി. തുടര്‍ന്നാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്.
ആധാര്‍ കാര്‍ഡ് കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സുകന്യയുടെ തട്ടിപ്പുകളുടെ ചുരുളഴിഞ്ഞത്. ശരണ്യ, സുകന്യ, സന്ധ്യ തുടങ്ങിയ പേരുകളില്‍ ഇവര്‍ മറ്റുചിലരെയും വിവാഹം കഴിച്ച് മുങ്ങിയതാണെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. തിരുപ്പതി പുത്തൂരിലെ രവി എന്നയാളെയാണ് സുകന്യ ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ രണ്ടുമക്കളുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ഭര്‍ത്താവുമായി തെറ്റിപിരിഞ്ഞ് സുകന്യ അമ്മയുടെ അടുത്തേക്ക് തിരിച്ചെത്തി. ഇതോടെ കുടുംബത്തിന്റെ ചെലവുകള്‍ക്കായി സ്വന്തമായി പണം കണ്ടത്തേണ്ട സ്ഥിതിയായി. അതുവരെ ഭര്‍ത്താവിന്റെ വരുമാനത്തില്‍ ജീവിച്ചിരുന്ന സുകന്യ, സാമ്പത്തിക പ്രയാസം രൂക്ഷമായതോടെ വിവാഹത്തട്ടിപ്പിലേക്ക് നീങ്ങുകയായിരുന്നു. വിവാഹദല്ലാളന്മാര് വഴി പുനര്‍വിവാഹത്തിന് താത്പര്യമുള്ള മധ്യവയസ്ക്കരെയാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. വിവാഹശേഷം പണവും സ്വത്തും കൈക്കലാക്കിയ ശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതായിരുന്നു രീതി.
സന്ധ്യ എന്ന പേരിലാണ് ഇവര്‍ സുബ്രഹ്മണി എന്നയാളെ വിവാഹം കഴിച്ചത്. ഇയാള്‍ക്കൊപ്പം വര്‍ഷങ്ങളോളം താമസിച്ച ശേഷം കോവിഡ് ലോക്ഡൗണ്‍ കാലത്ത് ഇയാളെ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. ഇതിനു പിന്നാലെയാണ് തമിഴ്നാട്ടില്‍നിന്ന് ഇന്ദ്രാണിയുടെ മകന്റെ വിവാഹാലോചന വന്നത്. ഇവരുടെ സ്വത്തും പണവും കൈക്കലാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സുകന്യ 35-കാരനെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചതെന്നും പോലീസ് പറഞ്ഞു. പുനര്വിവാഹങ്ങളിലൂടെ പണവും മറ്റും കൈക്കലാക്കിയിരുന്ന സുകന്യ, നേരത്തെ ആദ്യഭര്ത്താവിനെതിരേ കേസും നല്‍കിയിരുന്നു. ഈ കേസില്‍ പത്തു ലക്ഷം രൂപയാണ് ഇവര്‍ക്ക് ഭര്‍ത്താവില്‍നിന്ന് ജീവനാംശമായി ലഭിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..