പൂർണിമ, അജിൻ
വിഴിഞ്ഞം(തിരുവനന്തപുരം): യുവതിയും ആണ്‍ സുഹൃത്തുക്കളും ചേര്‍ന്ന് വിഴിഞ്ഞത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു.
പണം നല്‍കാത്തതിലുള്ള വഴക്കിനെത്തുടര്‍ന്നാണ് അഞ്ചംഗസംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്‌നനാക്കി ക്രൂരമായി മര്‍ദിച്ചതെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. കോയമ്പത്തൂര്‍ മേര്‍ക്ക് രഥവീഥിയില്‍ പൂര്‍ണിമ (23), വിഴിഞ്ഞം കരയടിവിള വേടന്‍വിള പുരയിടത്തില്‍ അജിന്‍ (27) എന്നിവരെയാണ് അറസ്റ്റുചെയ്തത്. പൂര്‍ണിമയെ റിമാന്‍ഡ് ചെയ്തു. ചിറയിന്‍കീഴ് ഊരുപൊയ്ക ഇടയ്ക്കോട് സ്വദേശി അനൂപിനെ(38) ആണ് സംഘം മര്‍ദിച്ച് അവശനാക്കിയത്.
ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകളും സ്വര്‍ണമോതിരവും തട്ടിയെടുത്തതായും പോലീസില്‍ പരാതിയുണ്ട്. സംഭവത്തിലെ മുഖ്യകണ്ണിയും ഒന്നാം പ്രതിയുമായ ബീമാപള്ളി സ്വദേശി ഷാഫിക്കും ഇയാള്‍ക്കൊപ്പമുള്ള രണ്ടുപേര്‍ക്കുമായി പോലീസ് തിരച്ചില്‍ നടത്തുകയാണ്.
കഴിഞ്ഞ ഞായറാഴ്ച രാവിലെ 11 ഓടെയാണ് സംഭവം. പരസ്പരം പരിചയമുള്ളവരാണ് മര്‍ദനമേറ്റ അനൂപും പ്രതികളുമെന്ന് പോലീസ് പറഞ്ഞു. അനൂപ് ജോലിനോക്കുന്ന സ്പാ സെന്ററില്‍ ജോലിക്കെത്തിയതായിരുന്നു കേസിലെ മൂന്നാം പ്രതിയായ പൂര്‍ണിമ.
ഇവിടെ ജോലിചെയ്തതിന്റെ ശമ്പളയിനത്തില്‍ 27,000 രൂപയോളം പൂര്‍ണിമയ്ക്ക് അനൂപ് നല്‍കാനുണ്ടായിരുന്നു. ഈ പണം കൊടുക്കാന്‍ പറ്റാത്തതിനെത്തുടര്‍ന്ന് പൂര്‍ണിമയ്ക്ക് കോവളത്തുള്ള സ്പാ സെന്ററില്‍ അനൂപ് ജോലി തരപ്പെടുത്തി നല്‍കി. ഇവിടെവെച്ചായിരുന്നു അനൂപിന്റെ പരിചയക്കാരനായ ഷാഫി, അജിന്‍ എന്നിവരുമായി പൂര്‍ണിമ പരിചയപ്പെടുന്നത്. തുടര്‍ന്ന് അനൂപ് തനിക്ക് പണം നല്‍കാനുണ്ടെന്ന് ഷാഫിയോടും അജിനിനോടും പൂര്‍ണിമ പറഞ്ഞു.
ഷാഫി അനൂപിനെ വിളിച്ച് വിഴിഞ്ഞം തെന്നൂര്‍ക്കോണത്തുള്ള അജിന്റെ വീട്ടില്‍ എത്തിച്ചു. അവിടെവെച്ച് അനൂപിനെ നഗ്‌നനാക്കി പൂര്‍ണിമയും മറ്റുള്ളവരുംചേര്‍ന്ന് മര്‍ദിച്ചു.
മര്‍ദനത്തില്‍ വേദനകൊണ്ട് പുളഞ്ഞ അനൂപിന് സംഘം ജ്യൂസിനുള്ളില്‍ ഉറക്കഗുളിക ചേര്‍ത്ത് നല്‍കി. പിന്നീട് ആറ്റിങ്ങല്‍, കന്യാകുമാരി എന്നിവിടങ്ങളിലുമെത്തിച്ച് മര്‍ദിച്ചതായി അനൂപിന്റെ പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് കോവളത്തുകൂടി കാറില്‍ സംഘം കൊണ്ടുപോകവേ അനൂപ് കാറില്‍ നിന്ന് ഇറങ്ങി ഓടി. ആ സമയത്ത് അതുവഴി വരുകയായിരുന്ന കോവളം പോലീസിന്റെ ജീപ്പിന് മുന്നില്‍പ്പെട്ടതാണ് അനൂപിന് രക്ഷയായത്.
എസ്.എച്ച്.ഒ. പ്രജീഷ് ശശി, എസ്.ഐ.മാരായ കെ.എല്‍.സമ്പത്ത്, ജി.വിനോദ്, ഹര്‍ഷകുമാര്‍, സി.പി.ഒ.മാരായ വിജിത, ലജീവ്, സുജിത്, സതീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.
Content Highlights: woman and her friend arrested for kidnapping youth in vizhinjam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..