ഗായത്രി | Screengrab: Youtube.com/INEWS
ഹൈദരാബാദ്: ഭര്‍ത്താവുമായി രഹസ്യബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയെ വാടകഗുണ്ടകളെ കൊണ്ട് കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ യുവതിയടക്കം ആറുപേര്‍ പിടിയില്‍. ഹൈദരാബാദിന് സമീപം കൊണ്ടാപൂരിലെ ശ്രീരാമനഗര്‍ കോളനിയില്‍ താമസിക്കുന്ന ഗായത്രിയെയും വാടക ഗുണ്ടകളായ അഞ്ചുപേരെയുമാണ് സൈബരാബാദ് പോലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിന്റെ സുഹൃത്തായ യുവതിയെ കൂട്ടബലാത്സംഗം ചെയ്യാന്‍ ഗായത്രി ക്വട്ടേഷന്‍ നല്‍കിയതാണെന്നും പ്രതികള്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി യുവതിയെ ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു.
ഗായത്രിയുടെ ഭര്‍ത്താവ് ശ്രീകാന്തിന്റെ സുഹൃത്തായ യുവതിയെയാണ് പ്രതികള്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മേയ് 26-ാം തീയതി വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
ബലാത്സംഗത്തിനിരയായ യുവതിയും ശ്രീകാന്തും ദീര്‍ഘനാളായി സുഹൃത്തുക്കളായിരുന്നു. യു.പി.എസ്.സി. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് ഇരുവരും സൗഹൃദത്തിലായത്. പലതവണ യുവതി ശ്രീകാന്തിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തുകയും 2021 ഒക്ടോബര്‍ മുതല്‍ 2022 ഫെബ്രുവരി വരെ ശ്രീകാന്തിന്റെ വീട്ടില്‍ താമസിക്കുകയും ചെയ്തു. ഇതോടെയാണ് ഗായത്രി ഭര്‍ത്താവിനെ സംശയിച്ച് തുടങ്ങിയത്. സുഹൃത്തായ യുവതിയും ഭര്‍ത്താവും തമ്മില്‍ രഹസ്യബന്ധമുണ്ടെന്നായിരുന്നു ഗായത്രിയുടെ സംശയം. ഇതേച്ചൊല്ലി ദമ്പതിമാര്‍ തമ്മില്‍ പലതവണ വഴക്കുണ്ടായി. ഇതോടെ യുവതി ശ്രീകാന്തിന്റെ വീട്ടില്‍നിന്ന് താമസം മാറുകയും ചെയ്തു.
എന്നാല്‍, യുവതി വീട്ടില്‍നിന്ന് താമസം മാറിയിട്ടും ഗായത്രിയുടെ സംശയം മാറിയിരുന്നില്ല. തുടര്‍ന്നാണ് യുവതിയെ ക്വട്ടേഷന്‍ ബലാത്സംഗത്തിനിരയാക്കാന്‍ തീരുമാനിച്ചത്. ഇതിനായി അഞ്ചംഗ ഗുണ്ടാസംഘത്തെയാണ് ഗായത്രി സമീപിച്ചത്. തുടര്‍ന്ന് ഇവര്‍ വിശദമായ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു.
മേയ് 26-ാം തീയതി ഗായത്രി തന്നെയാണ് യുവതിയെ വീട്ടിലേക്ക് ക്ഷണിച്ചത്. ക്ഷണം സ്വീകരിച്ച് വീട്ടിലെത്തിയ യുവതിയെ അവിടെ കാത്തിരുന്ന അഞ്ചംഗ ഗുണ്ടാസംഘം കൂട്ടബലാത്സംഗത്തിനിരയാക്കി. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. പോലീസില്‍ പരാതി നല്‍കിയാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നായിരുന്നു പ്രതികളുടെ ഭീഷണി. എന്നാല്‍ ബലാത്സംഗത്തിനിരയായ യുവതി പിന്നീട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കേസെടുത്ത് അന്വേഷണം നടത്തിയ സൈബരാബാദ് പോലീസാണ് ഗായത്രി ഉള്‍പ്പെടെ ആറ് പ്രതികളെയും പിടികൂടിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..