പ്രതീകാത്മക ചിത്രം | Reuters
ഏറ്റുമാനൂര്‍: ഭര്‍ത്താവ് ഫിക്സഡ് ഡെപ്പോസിറ്റ് പിന്‍വലിച്ചശേഷം ഭാര്യയെ കബളിപ്പിക്കാന്‍ ഡെപ്പോസിറ്റ് സര്‍ട്ടിഫിക്കറ്റിന്റെ ഫോട്ടോസ്റ്റാറ്റ് വീട്ടില്‍ സൂക്ഷിച്ചത് ഒടുവില്‍ പൊല്ലാപ്പായി. ഭര്‍ത്താവ് കബളിപ്പിച്ചതറിയാതെ പണം വിന്‍വലിക്കാന്‍ ബാങ്കിലെത്തിയ ഭാര്യയുടെ പേരില്‍ ബാങ്കിന്റെ പരാതി പ്രകാരം പോലീസ് കേസെടുത്തു.
നീണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിലാണ് സംഭവം. സ്ത്രീയുടെ പേരിലുള്ള അഞ്ചുലക്ഷം രൂപ സ്ഥിരനിക്ഷേപം ഇവര്‍ അറിയാതെ ഡോക്ടറായ ഭര്‍ത്താവ് നേരത്തേ പിന്‍വലിച്ചിരുന്നു. പകരം സര്‍ട്ടിഫിക്കറ്റിന്റെ ഫോട്ടോസ്റ്റാറ്റ് വീട്ടില്‍ സൂക്ഷിച്ചു. ഭാര്യ ഇതറിയാതെ ഫോട്ടോസ്റ്റാറ്റ് സര്‍ട്ടിഫിക്കറ്റ് ഒറിജിനലാണെന്നു കരുതി ബാങ്കില്‍ ഹാജരാക്കി പണം പിന്‍വലിക്കാന്‍ ശ്രമിച്ചു.
ബാങ്ക് അധികൃതര്‍ പോലീസിനെ വിവരം അറിയിച്ചു. ഇതേത്തുടര്‍ന്നു ഭര്‍ത്താവിനെ വിളിച്ചുവരുത്തി ചോദ്യംചെയ്തു. ഭര്‍ത്താവ് കുറ്റം സമ്മതിച്ചെന്നു പോലീസ് പറഞ്ഞു. ഭാര്യയുടെയും ഭര്‍ത്താവിന്റെയും മൊഴിരേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിട്ടയച്ചു.
ഉദ്യോഗാര്‍ഥം ഈ ദമ്പതിമാര്‍ ചാലക്കുടിയിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ഭാര്യ സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ്.
Content Highlights: wife cheated by husband through withdrawing fd from bank
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..