ചിത്ര രാമകൃഷ്ണ | ഫയൽചിത്രം | PTI
ന്യൂഡല്‍ഹി: നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്(എന്‍.എസ്.ഇ) മുന്‍ എം.ഡി.യും സി.ഇ.ഒ.യുമായിരുന്ന ചിത്ര രാമകൃഷ്ണ വിവരങ്ങള്‍ കൈമാറിയ 'ഹിമാലയത്തിലെ യോഗി' ധനമന്ത്രാലയത്തിലെ മുന്‍ ഉദ്യോഗസ്ഥനാകാമെന്ന് റിപ്പോര്‍ട്ട്. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ചിത്ര രാമകൃഷ്ണ നിരന്തരം ഇ-മെയില്‍ വഴി ബന്ധപ്പെട്ടിരുന്ന അജ്ഞാതന്‍ ഹിമാലയത്തിലെ യോഗിയൊന്നും അല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മൂലധന വിപണിയുടെ അടക്കം ചുമതല വഹിച്ചിരുന്ന കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരിക്കാമെന്നാണ് റിപ്പോര്‍ട്ട്.. ചിത്ര രാമകൃഷ്ണയുടെ കരിയര്‍ മികച്ചരീതിയില്‍ രൂപപ്പെടുത്തിയെടുക്കുന്നതിലും അവരെ എന്‍.എസ്.ഇ.യിലെ ഉന്നത പദവിയില്‍ എത്തിക്കാന്‍ സഹായിച്ചതിലും ഇദ്ദേഹത്തിന് പങ്കുണ്ടെന്നും പറയുന്നു.
അജ്ഞാതനായ യോഗി എന്‍.എസ്.ഇ.യിലെ ചീഫ് സ്ട്രാറ്റജി ഓഫീസര്‍ ആനന്ദ് സുബ്രഹ്‌മണ്യമാകാനുള്ള സാധ്യതയും ഇവര്‍ തള്ളിക്കളഞ്ഞു. ഹിമാലയത്തിലെ യോഗി ആനന്ദ് സുബ്രഹ്‌മണ്യമാണെന്ന് വരുത്തിതീര്‍ത്ത് ഈ പ്രശ്‌നം അവസാനിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ഹിമാലയത്തിലെ യോഗി സുബ്രഹ്‌മണ്യനാണെന്ന് എന്‍.എസ്.ഇ. ബോര്‍ഡും വാദിക്കുന്നുണ്ട്. സുബ്രഹ്‌മണ്യനാണ് യോഗിയെന്ന് സ്ഥാപിച്ചാല്‍, സുപ്രധാനവിവരങ്ങള്‍ എന്‍.എസ്.ഇയ്ക്ക് പുറത്തുനിന്നുള്ളയാള്‍ക്ക് കൈമാറിയെന്ന കുറ്റം ഇല്ലാതാകും.
ചിത്രയില്‍നിന്ന് സഹായങ്ങള്‍ ലഭിക്കാന്‍ വ്യാജ മെയില്‍ ഐ.ഡി.യിലൂടെ ആനന്ദ് സുബ്രഹ്‌മണ്യം ആശയവിനിമയം നടത്തിയെന്ന എന്‍.എസ്.ഇ.യുടെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. rigyajursama@outlook.com എന്ന മെയില്‍ ഐ.ഡിയില്‍നിന്നാണ് ചിത്രയ്ക്ക് സന്ദേശങ്ങള്‍ വന്നിരുന്നത്. ഈ ഐ.ഡി. ഉപയോഗിക്കുന്ന വ്യക്തിക്ക് എന്‍.എസ്.ഇ.യുടെ പ്രവര്‍ത്തനങ്ങളും അധികാരക്രമങ്ങളുമെല്ലാം വ്യക്തമായി അറിയാം. ആധികാരിക സ്വഭാവമുള്ള സന്ദേശങ്ങള്‍ അയാളുടെ സീനിയോറിറ്റിയും അറിവും വ്യക്തമാക്കുന്നതാണ്. എന്നാല്‍ ആനന്ദ് സുബ്രഹ്ണ്യം ഇക്കാര്യങ്ങളിലെല്ലാം തുടക്കക്കാരനാണ്, മാത്രമല്ല, അദ്ദേഹം പുറത്തുനിന്ന് വന്ന ഒരാളാണെന്നും ഇവര്‍ പറയുന്നു.
സംഭവത്തില്‍ സി.ബി.ഐ. വിശദമായ അന്വേഷണം നടത്തിയാല്‍ സന്ന്യാസിയെന്ന പേരില്‍ ചിത്രയുമായി സംസാരിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനാകുമെന്നാണ് ഉന്നതവൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ നേരത്തെയുണ്ടായ 'കോ-ലൊക്കേഷന്‍' അഴിമതിക്കേസ് പോലെ പിഴ ചുമത്തി ഒഴിവാക്കാന്‍ അനുവദിച്ചാല്‍ ഹിമാലയത്തിലെ യോഗിയും സന്ദേശങ്ങളും നിഗൂഢമായി തുടരുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം, സുബ്രഹ്‌മണ്യനാണ് ഹിമാലയത്തിലെ യോഗിയെന്ന വാദത്തെ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) പൂര്‍ണമായും തള്ളിക്കളയുകയാണ്. ചിത്ര രാമകൃഷ്ണ സുപ്രധാന വിവരങ്ങളടക്കം അജ്ഞാതന് കൈമാറിയത് എന്‍.എസ്.ഇ. ബോര്‍ഡിന് അറിയാമായിരുന്നുവെന്നും സെബിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാലാണ് രാജിവെച്ച് പുറത്തുപോകാന്‍ ചിത്രയ്ക്ക് അവസരം നല്‍കിയത്. അവര്‍ക്കെതിരേ ഒരു നടപടിയും സ്വീകരിച്ചില്ല മാത്രമല്ല, ചിത്രയുടെ സേവനങ്ങള്‍ക്ക് ബോര്‍ഡ് നന്ദി അറിയിക്കുകയും ചെയ്തു. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ എന്‍.എസ്.ഇ. ബോര്‍ഡിലെ അംഗങ്ങളെയും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന.
Content Highlights: who is chitra ramakrisha's himalayan yogi new indian express reports he is a former bureaucrat
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..