പ്രതി വിശ്വനാഥൻ(ഇടത്ത്) കൊല്ലപ്പെട്ട ഉമ്മർ, ഫാത്തിമ. ഫയൽചിത്രം
കല്പറ്റ: വെള്ളമുണ്ട കണ്ടത്തുവയല്‍ ഇരട്ടക്കൊലക്കേസില്‍ പ്രതിക്ക് വധശിക്ഷ. കോഴിക്കോട് തൊട്ടില്‍പ്പാലം കാവിലുംപാറ പഞ്ചായത്തിലെ മരുതോറയില്‍ കലങ്ങോട്ടുമ്മല്‍ വിശ്വനാഥനാണ്(48) കല്പറ്റ ജില്ലാ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. ജഡ്ജി വി. ഹാരിസാണ് ഇരട്ടക്കൊലക്കേസില്‍ ശിക്ഷാവിധി പ്രസ്താവിച്ചത്. വിശ്വനാഥന്‍ കുറ്റക്കാരനാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു.കൊലപാതകം, കവര്‍ച്ച, ഭവനഭേദനം, തെളിവുനശിപ്പിക്കല്‍ എന്നീ വകുപ്പ് പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
2018 ജൂലായ് ആറിനായിരുന്നു നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം. നവദമ്പതിമാരായിരുന്ന വെള്ളമുണ്ട കണ്ടത്തുവയല്‍ പൂരിഞ്ഞിയില്‍ വാഴയില്‍ ഉമ്മര്‍ (26), ഭാര്യ ഫാത്തിമ (19) എന്നിവരെയാണ് കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ തുമ്പൊന്നുമില്ലാതിരുന്ന കൊലപാതകക്കേസ് അന്നത്തെ മാനന്തവാടി ഡിവൈ.എസ്.പി. കെ.എം. ദേവസ്യയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘമാണ് അന്വേഷിച്ചത്.
രണ്ടുമാസത്തെ അന്വേഷണത്തിനൊടുവില്‍ സെപ്റ്റംബറില്‍ കോഴിക്കോട് തൊട്ടില്‍പ്പാലം കാവിലുംപാറ പഞ്ചായത്തിലെ മരുതോറയില്‍ കലങ്ങോട്ടുമ്മല്‍ വിശ്വനാഥനെ (45) പോലീസ് അറസ്റ്റുചെയ്തു. മോഷണം ചെറുക്കാനുള്ള ശ്രമത്തിനിടെയാണ് വിശ്വനാഥന്‍ ദമ്പതിമാരെ അടിച്ചുകൊന്നത്. വീട്ടില്‍ കയറിയ വിശ്വനാഥന്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഫാത്തിമയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു. ശബ്ദംകേട്ടുണര്‍ന്ന ഉമ്മറിനെയും ഫാത്തിമയെയും കൈയില്‍ കരുതിയിരുന്ന കമ്പിവടികൊണ്ട് അടിച്ചു. മരണം ഉറപ്പാക്കിയശേഷം ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളെടുത്ത് വീട്ടിലും പരിസരങ്ങളിലും മുളകുപൊടി വിതറി വിശ്വനാഥന്‍ രക്ഷപ്പെടുകയാണുണ്ടായത്.
കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് 2020 നവംബറിലാണ് ജില്ലാ സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങിയത്. കേസില്‍ 72 സാക്ഷികളാണുണ്ടായിരുന്നത്. ഇതില്‍ 45 പേരെയാണ് വിസ്താരത്തിനായി തിരഞ്ഞെടുത്തത്.
ഒരുതുമ്പും അവശേഷിപ്പിക്കാതെയുള്ള കൊലപാതകം അന്വേഷണത്തിന്റെ ആദ്യഘട്ടങ്ങളില്‍ പോലീസിന് കനത്ത വെല്ലുവിളിയായിരുന്നു. കൊലപാതകത്തിന്റെ ഉദ്ദേശ്യമെന്താണെന്ന് സ്ഥിരീകരിക്കാനും ആദ്യഘട്ടത്തില്‍ സാധിച്ചില്ല. പലതരം അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് കൊലപാതകം മോഷണശ്രമത്തിനിടെയായിരുന്നെന്നും വിശ്വനാഥനാണ് കൊല ചെയ്തതെന്നും പോലീസ് കണ്ടെത്തിയത്. എഴുന്നൂറോളം പേരെയാണ് പോലീസ് നിരീക്ഷിച്ചത്. വിശ്വനാഥനും പട്ടികയില്‍ ഉള്‍പ്പെട്ട ആളായിരുന്നു. അറസ്റ്റിലായ അന്നുമുതല്‍ വിശ്വനാഥന്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കഴിഞ്ഞദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നാണ് പ്രതിയെ കോടതിയില്‍ എത്തിച്ചത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് ശേഷം പ്രതിയെ മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റിയിരുന്നു.
കേസില്‍ പ്രതിക്കുവേണ്ടി ഷൈജു മാണിശ്ശേരിയും പബ്ലിക് പ്രോസിക്യൂട്ടറായി ജോസഫ് മാത്യുവുമാണ് ഹാജരായത്. വിശ്വനാഥനുവേണ്ടി ഹാജരാവാന്‍ അഭിഭാഷകന്‍ ഇല്ലാത്ത സാഹചര്യത്തില്‍ കോടതി തന്നെയാണ് ഷൈജു മാണിശ്ശേരിയെ പ്രതിഭാഗം വക്കീലായി നിയമിച്ചത്
Content Highlights: wayanad vellamunda kandathuvayal double murder case accused gets death sentence
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..