മുന്നില്‍ ചായക്കാരന്‍, ആയുധങ്ങളുമായി ഓപ്പറേഷന്‍;ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തെ ഡല്‍ഹിയിലെത്തി പിടികൂടി


കേരളത്തിലേക്ക് തിരിച്ചെത്തിയ പോലീസ് അന്വേഷണത്തിന്റെ ഭാഗമായി 150-ഓളം ഫോണ്‍നമ്പറുകളുടെ അഞ്ചുലക്ഷത്തോളം കോളുകളും വിശകലനം ചെയ്തു. ഇതില്‍ തട്ടിപ്പുസംഘത്തിലെ ബിഹാര്‍ സ്വദേശിക്ക് 10 മാസംമുമ്പ് ഒരു കേരള സിമ്മില്‍നിന്ന് മെസേജ് വന്നതായി കണ്ടെത്തി. ഇതോടെ മലയാളികളെക്കുറിച്ചുള്ള സൂചന കിട്ടി.

റെയ്ഡിൽ പിടിച്ചെടുത്ത മൊബൈൽഫോണുകളും മറ്റു രേഖകളും. അറസ്റ്റിലായ സിന്റു ശർമ, അമൻ, അഭിഷേക്, പ്രവീൺ

കല്പറ്റ: ഡല്‍ഹി കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്ന വന്‍സംഘത്തെ വയനാട് സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. കോള്‍സെന്റര്‍ നടത്തിപ്പുകാരായ ബിഹാര്‍ ഗയ സ്വദേശിയായ സിന്റു ശര്‍മ (31), തമിഴ്‌നാട് സേലം സ്വദേശി അമന്‍ (19), എറണാകുളം സ്വദേശിയും ഡല്‍ഹിയില്‍ സ്ഥിരതാമസക്കാരനുമായ അഭിഷേക് (24), അനില്‍ എന്ന് തട്ടിപ്പിനിരയാക്കുന്നവരോട് പരിചയപ്പെടുത്തി സംസാരിക്കുന്ന പത്തനംതിട്ട സ്വദേശിയും ഡല്‍ഹിയില്‍ സ്ഥിരതാമസക്കാരനുമായ പ്രവീണ്‍ (24) എന്നിവരാണ് പിടിയിലായത്. വയനാട് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷജു ജോസഫും സംഘവും ഡല്‍ഹിയില്‍നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഓണ്‍ലൈന്‍ ഷോപ്പിങ് ആപ്പ് ആയ 'മീഷോ'യുടെ ലക്കി ഡ്രോ സമ്മാനപദ്ധതിയില്‍ എസ്.യു.വി. കാര്‍ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് വൈത്തിരി സ്വദേശിയില്‍നിന്ന് 12 ലക്ഷംരൂപ തട്ടിയെടുത്ത കേസിലാണ് ഇവരെ പോലീസ് പിടികൂടിയത്. മീഷോ കമ്പനിയില്‍നിന്ന് സാധനം വാങ്ങി ഏതാനും ദിവസങ്ങള്‍ക്കകം പരാതിക്കാരന് 15 ലക്ഷംരൂപ സമ്മാനം ലഭിച്ചു എന്ന സന്ദേശം വന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം. സന്ദേശത്തിലുണ്ടായിരുന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിച്ച പരാതിക്കാരനോട് രജിസ്‌ട്രേഷന്‍ ഫീസായി ചെറിയ സംഖ്യ അടയ്ക്കാന്‍ ആദ്യം ആവശ്യപ്പെട്ടു. പിന്നീട് തന്ത്രപൂര്‍വം വിവിധ ഫീസ് ഇനത്തില്‍ 12 ലക്ഷത്തോളംരൂപ വാങ്ങിയെടുത്തു. അടച്ച ഫീസും സമ്മാനത്തുകയോടൊപ്പം തിരികെ ലഭിക്കുമെന്നു വിശ്വസിപ്പിച്ചാണ് വീണ്ടും പണം ആവശ്യപ്പെട്ടത്. തുടര്‍ന്നും പണം ആവശ്യപ്പെട്ടപ്പോഴാണ് പരാതിക്കാരന്‍ സൈബര്‍ പോലീസിനെ സമീപിച്ചത്.

ഇവരില്‍നിന്ന് 32 മൊബൈല്‍ഫോണുകളും 80 സിം കാര്‍ഡുകളും പിടിച്ചെടുത്തു. ചേരിപ്രദേശങ്ങളിലും മറ്റും താമസിക്കുന്നവരുടെപേരിലാണ് സിംകാര്‍ഡും ബാങ്ക് അക്കൗണ്ടുകളും. തട്ടിപ്പുകേന്ദ്രമാണെന്നറിയാതെയാണ് ഇവിടെ സ്ത്രീകള്‍ ജോലിക്കെത്തുന്നത്. 15,000 രൂപമുതല്‍ 20,000 രൂപവരെ ശമ്പളവും നല്‍കിയിരുന്നു. ആറുമാസത്തില്‍ കൂടുതല്‍ ഇവര്‍ ജോലിക്ക് നിര്‍ത്തില്ലെന്നും ജോലിക്കാരെ മാറ്റിക്കൊണ്ടിരിക്കുകയാണ് പതിവെന്നും പോലീസ് പറഞ്ഞു. കേസില്‍ അവിടെ ജോലിചെയ്തിരുന്ന 15 സ്ത്രീകളെ പോലീസ് ആവശ്യപ്പെടുന്ന സമയത്ത് അന്വേഷണസംഘത്തിനുമുന്നില്‍ ഹാജരാക്കണം എന്ന വ്യവസ്ഥയില്‍ വിട്ടയച്ചു.

ലൊക്കേഷന്‍ ഡല്‍ഹി, പണം പിന്‍വലിച്ചത് ബിഹാറില്‍...

കല്പറ്റ: സൈബര്‍ പോലീസ് പിടികൂടിയ ഓണ്‍ലൈന്‍ തട്ടിപ്പുസംഘത്തിന്റെ ആസ്ഥാനം ഡല്‍ഹിയാണെങ്കിലും മലയാളികളാണ് പരാതിക്കാരനോട് സംസാരിച്ചിരുന്നത്. തട്ടിപ്പുകാര്‍ ഉപയോഗിച്ച സിം കാര്‍ഡുകളും പണം സ്വീകരിച്ച ബാങ്ക് അക്കൗണ്ടുകളും സാധാരണക്കാരായ പശ്ചിമബംഗാള്‍ സ്വദേശികളുടെ പേരിലുള്ളതായിരുന്നു. ബിഹാറിലെ വിവിധ എ.ടി.എമ്മുകളില്‍നിന്ന് മുഖംമറച്ചെത്തിയ ചിലരാണ് പണം പിന്‍വലിച്ചത്. ഇത് രണ്ടരമാസത്തോളം അനേഷണസംഘത്തിനുമുന്നില്‍ വിലങ്ങുതടിയായി. കൂടുതല്‍ അന്വേഷണത്തില്‍ ബിഹാറില്‍നിന്നുള്ളവര്‍ നടത്തുന്ന വന്‍ വ്യാജകോള്‍സെന്റര്‍ മാഫിയയാണ് ഇതിനുപിന്നിലെന്ന് വ്യക്തമായി. കഴിഞ്ഞമാസം അന്വേഷണസംഘം ഡല്‍ഹിയിലെത്തി പ്രതികളുടെ ടവര്‍ ലൊക്കേഷന്‍ കണ്ട സ്ഥലത്ത് ഒരാഴ്ച തുടര്‍ച്ചയായി തിരച്ചില്‍ നടത്തിയെങ്കിലും തിരക്കേറിയ ഗലികളില്‍നിന്ന് തട്ടിപ്പുസംഘത്തിന്റെ ഓഫീസ് കണ്ടെത്താന്‍ കഴിഞ്ഞില്ല.

അക്കൗണ്ട് വില്‍പ്പനക്കാരനില്‍നിന്ന് തട്ടിപ്പുസംഘത്തിലേക്ക്

തട്ടിപ്പുസംഘത്തിന് ബാങ്ക് അക്കൗണ്ടുകള്‍ വില്‍ക്കുന്ന ഡല്‍ഹി സ്വദേശി സാബിര്‍ അന്‍സാരിയെ പിടികൂടിയതോടെയാണ് തട്ടിപ്പുസംഘത്തിലേക്കെത്താന്‍ പോലീസിനായത്. സാബിര്‍ അന്‍സാരിയെ ഏജന്റാണെന്ന വ്യാജേന വിളിച്ചുവരുത്തി ചോദ്യംചെയ്തു. ഇതില്‍നിന്ന് തട്ടിപ്പുസംഘത്തിലെ ഒരു ബിഹാര്‍ സ്വദേശി സ്ഥിരമായി ഒരു പെണ്‍സുഹൃത്തിനെ സന്ദര്‍ശിക്കുന്നുണ്ടെന്ന് മനസ്സിലായി. പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു. ഇത് മനസ്സിലാക്കിയ പ്രതികള്‍ ബിഹാറിലേക്ക് കടന്നു. കേരളത്തിലേക്ക് തിരിച്ചെത്തിയ പോലീസ് അന്വേഷണത്തിന്റെ ഭാഗമായി 150-ഓളം ഫോണ്‍നമ്പറുകളുടെ അഞ്ചുലക്ഷത്തോളം കോളുകളും വിശകലനം ചെയ്തു. ഇതില്‍ തട്ടിപ്പുസംഘത്തിലെ ബിഹാര്‍ സ്വദേശിക്ക് 10 മാസംമുമ്പ് ഒരു കേരള സിമ്മില്‍നിന്ന് മെസേജ് വന്നതായി കണ്ടെത്തി. ഇതോടെ മലയാളികളെക്കുറിച്ചുള്ള സൂചന കിട്ടി.

ഓഗസ്റ്റ് 23-ന് വീണ്ടും ഡല്‍ഹിയിലെത്തിയ സൈബര്‍ പോലീസ് തട്ടിപ്പുസംഘത്തിലെ മലയാളികളെ ഒരാഴ്ചയോളം പിന്തുടര്‍ന്നു. ഡല്‍ഹിയിലെ പിത്തന്‍പുര എന്ന ഇടുങ്ങിയ ഗലിയിലെ ഒരു കെട്ടിടത്തിലെ ഏഴാംനിലയിലാണ് വ്യാജ കോള്‍സെന്റര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലാക്കി. അവിടേക്ക് ചായ എത്തിച്ചുനല്‍കുന്ന ഒരാളെ മുന്നില്‍നിര്‍ത്തി തന്ത്രപൂര്‍വം ഓഫീസിന്റെ ഇരുമ്പുവാതില്‍ തുറപ്പിച്ച് ആയുധങ്ങളുമായി കയറി ബലപ്രയോഗത്തിലൂടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഡല്‍ഹി കോടതിയില്‍ ഹാജരാക്കി ട്രാന്‍സിസ്റ്റ് വാറന്റ് വാങ്ങി വെള്ളിയാഴ്ച വയനാട്ടിലെത്തിച്ചു. കല്പറ്റ സി.ജെ.എം. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. എ.എസ്.ഐ. ജോയ്‌സ് ജോണ്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.എ. സലാം, പി.എ. ഷുക്കൂര്‍, എം.എസ്. റിയാസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജബലു റഹ്‌മാന്‍, സി. വിനീഷ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

നടത്തിപ്പുകാര്‍ക്കായി അന്വേഷണം

ബിഹാര്‍ സ്വദേശികളായ സിന്റു, രോഹിത്, അവിനാശ് എന്നിവരാണ് വ്യാജ കോള്‍സെന്ററിന്റെ പ്രധാന നടത്തിപ്പുകാര്‍. രോഹിത്, അവിനാശ് എന്നിവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വൈത്തിരി സ്വദേശിയായ പരാതിക്കാരനെ അര്‍ച്ചന എന്ന പേരുള്ള സ്ത്രീയാണ് വിളിച്ചത്. ഇവര്‍ നിലവില്‍ കോള്‍സെന്ററില്‍ ജോലിചെയ്യുന്നില്ലെന്നും അര്‍ച്ചന എന്നത് വ്യാജപേരായിരുന്നെന്നും പോലീസ് പറഞ്ഞു. അതിനുശേഷം വേറെയും ഒട്ടേറെ ഫോണ്‍കോളുകള്‍ പരാതിക്കാരന് വന്നു. ഇതിലൂടെയായിരുന്നു പോലീസിന്റെ അന്വേഷണം. അറസ്റ്റിലായവരില്‍ അമനാണ് തമിഴ്‌നാട്ടില്‍നിന്നുള്ള സ്ത്രീകളെ കോള്‍സെന്ററില്‍ ജോലിക്കായി നിയമിച്ചിരുന്നത്. മലയാളിസ്ത്രീകളെ അഭിഷേകാണ് നിയമിച്ചിരുന്നത്. ഓഫീസ് മാനേജ്മെന്റിന്റെ ചുമതല പ്രവീണിനുമായിരുന്നു.

കൈവശം വ്യക്തിവിവരങ്ങള്‍

കോള്‍സെന്റര്‍ റെയ്ഡില്‍ വിവിധ ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനികളില്‍നിന്നുള്ള ആയിരക്കണക്കിന് ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങളടങ്ങിയ രേഖകളും പോലീസ് പിടിച്ചെടുത്തു. ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളുടെ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ലഭിച്ചത് പോലീസ് ഗൗരവമായാണ് കാണുന്നത്. ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനികളില്‍നിന്ന് ഇത്തരം സമ്മാനം ലഭിച്ചു എന്നതരത്തില്‍ വരുന്ന സന്ദേശങ്ങള്‍ വിശ്വസിക്കരുതെന്ന് പോലീസ് പറഞ്ഞു.

Content Highlights: wayanad cyber police arrested online fraud team and fake call center in delhi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented