വാളയാർ കേസിൽ അറസ്റ്റ് ചെയ്ത വി. മധു, എം. മധു എന്നിവരെ ചൊവ്വാഴ്ച പാലക്കാട് പോക്സോ കോടതിയിൽ ഹാജരാക്കിയപ്പോൾ
പാലക്കാട്: വാളയാറിലെ അട്ടപ്പള്ളത്ത് 13ഉം എട്ടും വയസ്സുള്ള സഹോദരിമാര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ പ്രതികളായിരുന്ന മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്ത് പാലക്കാട് ഒന്നാം അഡീഷണല്‍ സെഷന്‍സ് (പോക്‌സോ) കോടതിയില്‍ ഹാജരാക്കി. പാമ്പാംപള്ളം കല്ലങ്കാട് വി. മധു, പള്ളിക്കാട് വീട്ടില്‍ എം. മധു, ആലപ്പുഴ ചേര്‍ത്തല സ്വദേശി പ്രദീപ്കുമാര്‍ എന്നിവരെയാണ് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് കോടതിയില്‍ ഹാജരാക്കിയത്.
കേസിലെ മറ്റൊരു പ്രതിയായിരുന്ന ഇടുക്കി രാജാക്കാട് നാലുതൈക്കല്‍ വീട്ടില്‍ ഷിബുവിനെ ബുധനാഴ്ച കോടതിയിലെത്തിക്കാന്‍ പോലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇയാളോട് എത്രയുംവേഗം വാളയാര്‍ പോലീസിനുമുന്നില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അധികൃതര്‍ പറഞ്ഞു.
പോക്‌സോ കോടതി വെറുതെവിട്ട നാല് പ്രതികളെയും ഉടന്‍ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ തിങ്കളാഴ്ച ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സര്‍ക്കാരും പെണ്‍കുട്ടികളുടെ അമ്മയും നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി അറസ്റ്റിന് നിര്‍ദേശം നല്‍കിയത്. തിങ്കളാഴ്ച രാത്രിയോടെ വി. മധു, എം. മധു എന്നിവരെ വാളയാര്‍പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രദീപ് കുമാര്‍ ചൊവ്വാഴ്ച രാവിലെ പോലീസില്‍ കീഴടങ്ങി. പോലീസ് കാവലില്‍ പാലക്കാട് ജില്ലാ കോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന പോക്‌സോ കോടതിയിലേക്ക് മൂവരെയും എത്തിച്ചപ്പോള്‍ ഇവരുടെ ചില ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. മാധ്യമ പ്രവര്‍ത്തകരുടെ ക്യാമറയില്‍പ്പെടാതിരിക്കാന്‍ കൈകൊണ്ട് മുഖംമറച്ച് കോടതി കെട്ടിടത്തിലേക്ക് മൂവരും പോലീസിനൊപ്പം ഓടിക്കയറി.
പോലീസ് ഹാജരാക്കിയ അറസ്റ്റ് രേഖകള്‍ തുടര്‍ന്ന്, കോടതി പരിശോധിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 50,000 രൂപയ്ക്കും തത്തുല്യമായ രണ്ട് ആള്‍ജാമ്യത്തിലും ഇവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. എപ്പോള്‍ ആവശ്യപ്പെട്ടാലും കോടതിയില്‍ ഹാജരാവണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Content Highlights: walayar case accused arrested again and released on bail
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..