വിനോയ് ചന്ദ്രൻ
കോട്ടയം: ഫയല്‍ തീര്‍പ്പാക്കണമെങ്കില്‍ ലൈംഗികബന്ധത്തിന് സമ്മതിക്കണമെന്ന് ഉദ്യോഗസ്ഥന്‍. ഇതിനായി വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥയെ ഹോട്ടല്‍ മുറിയിലേയ്ക്ക് വിളിച്ചുവരുത്തിയ പ്രോവിഡന്റ് ഫണ്ട് സംസ്ഥാന നോഡല്‍ ഓഫീസറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ മുനീശ്വരന്‍ കോവിലിന് സമീപം അശ്വതി അപ്പാര്‍ട്ട്‌മെന്റ് എസ്-മൂന്ന് വിസ്മയയില്‍ ആര്‍. വിനോയ് ചന്ദ്ര (43)നെയാണ് കിഴക്കന്‍ മേഖല വിജിലന്‍സ് സൂപ്രണ്ട് വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇയാള്‍ ജീവനക്കാരിയെ ഫോണില്‍ വിളിച്ച് നഗ്‌നദൃശ്യങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഗവ. എയ്ഡഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്രോവിഡന്റ് ഫണ്ട് സംസ്ഥാന നോഡല്‍ ഓഫീസറും കാസര്‍കോട് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എജ്യുക്കേഷന്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടുമാണ് പ്രതി. എന്‍.ജി.ഒ. യൂണിയന്റെ സജീവപ്രവര്‍ത്തകനുമാണ്.
കോട്ടയം സ്വദേശിനിയായ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരി വീട് പണിയാന്‍ പ്രോവിഡന്റ് ഫണ്ടില്‍നിന്ന് വായ്പയെടുക്കുന്നതിന് അപേക്ഷിച്ചു. സാങ്കേതികപിഴവുകള്‍ വന്നതിനാല്‍ പരിഹാരത്തിന് ജില്ലാ നോഡല്‍ ഓഫീസര്‍ക്കും അപേക്ഷ കൊടുത്തു. സംസ്ഥാന നോഡല്‍ ഓഫീസര്‍ക്കേ പരിഹാരം സാധിക്കൂവെന്ന് ജില്ലാ നോഡല്‍ ഓഫീസര്‍ അറിയിച്ചു. ഇതനുസരിച്ചാണ് വിനോയ് ചന്ദ്രനെ പരാതിക്കാരി ഫോണില്‍ വിളിച്ചത്.
പ്രശ്‌നം പരിഹരിക്കാമെന്നേറ്റ ഇയാള്‍ വാട്‌സാപ്പില്‍ തന്നെ തിരികെവിളിക്കാന്‍ ഉദ്യോഗസ്ഥയോട് ആവശ്യപ്പെട്ടു. പിന്നീട് നിരന്തരം വാട്‌സാപ്പില്‍ വിളിച്ചു. അശ്ലീലചുവയോടെ സംസാരിച്ചു.
കഴിഞ്ഞദിവസം വിളിച്ചിട്ട് വാട്‌സാപ്പില്‍ നഗ്‌നയായി വരാന്‍ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥ ഇത് നിരസിച്ചു. താന്‍ അടുത്തദിവസം കോട്ടയത്തെത്തുമെന്നും അവിടെ ഹോട്ടല്‍ മുറിയില്‍വെച്ച് പ്രശ്‌നം പരിഹരിച്ചുനല്‍കാമെന്നും ഇയാള്‍ അറിയിച്ചു.
44 അളവിലുള്ള ഷര്‍ട്ട് വാങ്ങിക്കൊണ്ടുവരണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഇതോടെ ഉദ്യോഗസ്ഥ വിജിലന്‍സ് എസ്.പി.യെ സമീപിക്കുകയായിരുന്നു. വിജിലന്‍സിന്റെ നിര്‍ദേശപ്രകാരം ഷര്‍ട്ടുവാങ്ങിയ ഉദ്യോഗസ്ഥയ്ക്ക് അതില്‍ ഫിനോഫ്തലിന്‍ പൗഡര്‍ പുരട്ടി നല്‍കി.
ബുധനാഴ്ച കോട്ടയത്തെത്തിയ പ്രതി റെയില്‍വേ സ്റ്റേഷനുസമീപത്തെ ഹോട്ടലില്‍ മുറിയെടുത്തു. വിജിലന്‍സ് സംഘവും അടുത്ത മുറികളില്‍ ഉണ്ടായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ റെയില്‍വേ സ്റ്റേഷനിലെത്തിയ ഉദ്യോഗസ്ഥയെ പ്രതി ഹോട്ടല്‍ മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നാലെയെത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ മുറിയില്‍ കയറി ഇയാളെ പിടികൂടുകയായിരുന്നു. വിനോയ് ചന്ദ്രന്റെ പക്കല്‍നിന്ന് ഗര്‍ഭനിരോധന ഉറകളും കണ്ടെത്തി.
Content Highlights: waited at hotel with condoms, vigilance arrived-arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..