റിഫ മെഹ്നു, മെഹ്‌നാസ് | Photo: https://www.instagram.com/rifa_mehnu_919/
കോഴിക്കോട്: ദുബായിലെ ഫ്‌ളാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ വ്‌ളോഗര്‍ റിഫ മെഹ്നുവിനെ ഭര്‍ത്താവ് മെഹ്നാസ് നിരന്തരം മര്‍ദിച്ചിരുന്നുവെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. റിഫയ്ക്കും മെഹ്നാസിനും ഒപ്പം മുറി ഷെയര്‍ ചെയ്തിരുന്ന ജംഷാദ് റെക്കോര്‍ഡ് ചെയ്ത റിഫയും ജംഷാദും തമ്മിലുളള സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്, റിഫ മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ മുമ്പ് ജംഷാദാണ് ഈ സംഭാഷണം വീഡിയോയായി റെക്കോഡ് ചെയ്തത്. രഹസ്യമായി റെക്കോര്‍ഡ് ചെയ്ത വീഡിയോ പോലീസ് പിടിച്ചെടുത്ത ജംഷാദിന്റെ ഫോണില്‍ നിന്നാണ് വീണ്ടെടുത്തത്.
25 മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ തന്നെ നിരന്തരം മര്‍ദിക്കുന്നതില്‍ റിഫയ്ക്കുള്ള പരാതികളാണ് പറയുന്നത്. 'ശരിക്കും ഒരാണ് വേറെ ഒരാണിനെ തല്ലുന്നത് പോലുള്ള തല്ലല്ലേടാ എന്നെ തല്ലുന്നത്, എനിക്കെന്തെങ്കിലും ആയിപ്പോയാ മെഹ്നു എന്താക്കും എന്നെ സഹിക്കണ്ടേ, എന്റെ തലയ്ക്ക് ഒക്കെ അടിയേറ്റിട്ട് ഞാന്‍ എന്തെങ്കിലും ആയിപ്പോയാ മെഹ്നു എന്താക്കും' എന്നെല്ലാം റിഫ വീഡിയോയില്‍ പറയുന്നുണ്ട്.
ഈ തല ഇപ്പോള്‍ അങ്ങനെ മുഴച്ചതാണോ എന്ന ചോദ്യത്തിന് 'പിന്നേ ഇതിപ്പൊ കട്ടിലിന് കൊണ്ട് പോയി ഇടിച്ചിട്ട് മുഴച്ചതല്ലേ' എന്ന് റിഫ പറയുന്നതും വീഡിയോയില്‍ കാണാം. പിടിച്ചിട്ട് കൊണ്ടുപോയി ഇടിച്ചതാണെന്നും നിലത്തിട്ട് ഉരുട്ടിയെന്നും വീഡിയോയില്‍ പറയുന്നുണ്ട്. പറയാനാണേല്‍ കുറേ പറയാന്‍ ഉണ്ടെന്നും റിഫ പറയുന്നു.
എന്ത് വഴക്കുണ്ടാക്കിയാലും നിനക്ക് അവനെ പിരിഞ്ഞ് ജീവിക്കാനാകുമോ എന്ന സുഹൃത്തിന്റെ ചോദ്യത്തിന് അവനെ തല്ലി പ്രതികാരം ചെയ്യാനൊന്നും പറ്റില്ലെന്നും അവന് മറ്റെന്തെങ്കിലും തരത്തില്‍ കിട്ടുന്നത് കണ്ട് താന്‍ ഇങ്ങനെ സന്തോഷിക്കുമെന്നുമായിരുന്നു റിഫയുടെ പ്രതികരണം. നിനക്ക് ഒരിക്കലും അവനെ വേണ്ടെന്ന് പറയാന്‍ കഴിയില്ലെന്നും നമുക്ക് ഒരു വഴിയുണ്ടാക്കാം എന്ന സുഹൃത്തിന്റെ മറുപടിയും വീഡിയോയില്‍ ഉണ്ട്.
വീഡിയോ ക്ലിപ്പ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നും മെഹ്നാസിന് തക്കതായ ശിക്ഷ കിട്ടുന്നതില്‍ ഈ വീഡിയോ നിര്‍ണായകമാകുമെന്നും റിഫയുടെ കുടുംബത്തിന്റെ അഭിഭാഷകന്‍ പി. റഫ്ത്താസ് പറഞ്ഞു. 29-നാണ് കേസിലെ വിധി.
കഴിഞ്ഞ മാര്‍ച്ച് ഒന്നാം തീയതി പുലര്‍ച്ചെയാണ് റിഫയെ ദുബായിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിനു കാരണമായതായി കാക്കൂര്‍ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി റിഫയുടെ മൃതദേഹം ഖബറില്‍ നിന്നും പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്തിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..