വിസ്മയയും കിരൺകുമാറും | File Photo
കൊല്ലം: വിസ്മയ കേസിലെ ശിക്ഷാവിധിക്ക് മുമ്പ് കോടതിയില്‍ നടന്നത് ശക്തമായ വാദിപ്രതിവാദം. കേസില്‍ പ്രതി കിരണ്‍കുമാറിന് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചപ്പോള്‍ അത് പാടില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് കോടതി നടപടികള്‍ ആരംഭിച്ചത്. ശിക്ഷ വിധിക്കുന്നതിന് മുമ്പ് പ്രതിയായ കിരൺകുമാറിന് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചു. കോടതിക്ക് മുന്നില്‍ ശിരസ് കുനിച്ചുനിന്നിരുന്ന കിരണ്‍, ഇതോടെ മറുപടി നല്‍കി- 'അച്ഛനും അമ്മയ്ക്കും സുഖമില്ല. അച്ഛന് ഓര്‍മക്കുറവുണ്ട്, അതിനാല്‍ അപകടമുണ്ടാകാന്‍ സാധ്യതയുണ്ട്. അമ്മയ്ക്ക് രക്തസമ്മര്‍ദവും വാതരോഗവും പ്രമേഹവുമുണ്ട്'. കേസില്‍ താന്‍ കുറ്റക്കാരനല്ലെന്നും കുടുംബത്തിന്റെ ഏക ആശ്രയം താനാണെന്നും തന്റെ പ്രായം പരിഗണിക്കണമെന്നും കിരണ്‍ കോടതിയില്‍ പറഞ്ഞു.
അതേസമയം, ഇത് ഒരു വ്യക്തിക്കെതിരേയുള്ള കേസല്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. സ്ത്രീധനമെന്ന സാമൂഹികവിപത്തിനെതിരേയുള്ള കേസാണ്. സ്ത്രീധനം വാങ്ങിയ പ്രതി ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ കൂടിയാണ്. സ്ത്രീധനത്തിന് വേണ്ടി മാത്രമാണ് പ്രതി ഭാര്യയെ ഉപദ്രവിച്ചത്. വിസ്മയയുടെ ആത്മഹത്യ കൊലപാതകത്തിന് തുല്യമാണെന്നും അതിനാല്‍ ശിക്ഷാവിധി മാതൃകാപരമാകണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
സര്‍ക്കാര്‍ ജീവനക്കാരന്‍ ഒരു വിലപിടിപ്പുള്ള ഉത്പന്നമാണെന്ന് സ്വയം ധരിക്കാന്‍ പാടില്ല. സ്ത്രീധനത്തിന്റെ പേരില്‍ പ്രതി ഭാര്യയെ ക്രൂരമായി പീഡിപ്പിച്ചു. കിരണ്‍കുമാര്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്, വിദ്യാസമ്പന്നനാണ്, എന്നിട്ടും പ്രതിക്ക് പശ്ചാത്താപമില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഭാര്യയുടെ മുഖത്തിട്ട് ചവിട്ടിയതിലൂടെ എന്ത് സന്ദേശമാണ് പ്രതി സമൂഹത്തിന് നല്‍കുന്നത്. ഈ കേസ് രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന കേസാണെന്നും രാജ്യം മുഴുവന്‍ ഈ വിധിയെ ശ്രദ്ധിക്കുമെന്നും അതിനാല്‍ പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. പ്രതി നിരന്തരപീഡനത്തിലൂടെ ഭാര്യയുടെ ആത്മാവിനെ കൊന്നു. അതിനാല്‍ ജീവപര്യന്തം വരെ തടവ് നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദത്തില്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, കേസില്‍ ജീവപര്യന്തം ശിക്ഷ വിധിക്കരുതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പരിഷ്‌കൃത സമൂഹത്തില്‍ ലോകത്തെവിടെയും ആത്മഹത്യാപ്രേരണാക്കുറ്റത്തിന് ജീവപര്യന്തം നല്‍കിയിട്ടില്ലെന്നും നേരത്തെ സ്ത്രീധനത്തെച്ചൊല്ലിയുള്ള കൊലപാതക കേസില്‍ സുപ്രീംകോടതി ഒരു പോലീസുകാരനെ പത്ത് വര്‍ഷം തടവിന് ശിക്ഷിച്ച കാര്യവും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
കൊലപാതകത്തിന് സമാനമല്ല ആത്മഹത്യ, നരഹത്യയും ആത്മഹത്യയും വ്യത്യസ്തമാണ്. പ്രതി നേരിട്ട് സ്ത്രീധനം ആവശ്യപ്പെട്ടതായി കേസില്‍ പറയുന്നില്ല. ഇത്തരം കേസില്‍ ഉള്‍പ്പെടുന്ന യൂണിഫോമിട്ട ആദ്യ വ്യക്തിയല്ല പ്രതി. പ്രതി ജയിലിലൊന്നും മോശമായി പെരുമാറിയിട്ടില്ല, മറിച്ചാണെങ്കില്‍ ജാമ്യം ലഭിക്കില്ലായിരുന്നു. പ്രതിക്ക് പശ്ചാത്താപമില്ലെന്ന് പ്രോസിക്യൂഷന് എങ്ങനെ പറയാനാകും. പശ്ചാത്താപമില്ലെന്ന് പ്രോസിക്യൂഷന്‍ അളന്നുനോക്കിയോ എന്നും പ്രതിഭാഗം ചോദിച്ചു.
മാധ്യമശ്രദ്ധയുള്ള കേസാണെന്ന സ്വാധീനം ശിക്ഷാവിധിയില്‍ ഉണ്ടാകരുത്. പ്രതിയുടെ പ്രായവും വിദ്യാഭ്യാസയോഗ്യതയും കുടുംബപശ്ചാത്തലവും കോടതി പരിഗണിക്കണം. സൂര്യന് കീഴില്‍ ആദ്യമായി നടക്കുന്ന സ്ത്രീധന മരണമല്ല ഇതെന്നും പ്രതിഭാഗം ശിക്ഷാവിധിക്ക് മുമ്പുള്ള വാദത്തില്‍ പറഞ്ഞു.
Content Highlights: vismaya case verdict prosecution and accused lawyers arguments in court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..