വിധി കേട്ടശേഷം ഡിവൈ.എസ്.പി. രാജ്കുമാറിനെ വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ ആലിംഗനം ചെയ്യുന്നു. സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ജി.മോഹൻരാജ് സമീപം.
കോട്ടയം: വിസ്മയ കേസില്‍ കിരണിന് തടവ് ശിക്ഷ വാങ്ങിക്കൊടുത്തതിനു പിന്നില്‍ അന്വേഷണോദ്യോഗസ്ഥനായ ശാസ്താംകോട്ട ഡിവൈ.എസ്.പി.യുടെ ജാഗ്രതയും നിര്‍ണായകമായി. തലയോലപ്പറമ്പ് സ്വദേശി പി.രാജ്കുമാറാണ് ഈ ഡിവൈ.എസ്.പി.
കിരണ്‍കുമാറിന്റെ ഫോണില്‍നിന്ന് പോലീസ് കണ്ടെത്തിയ 121 ശബ്ദരേഖകള്‍ ഉള്‍പ്പെടെയുള്ള തെളിവുകളും മറ്റ് പ്രാഥമിക തെളിവുകളും പരസ്പരം ബന്ധിപ്പിച്ച് സംശയാതീതമായി കേസ് തെളിയിക്കാന്‍ അന്വേഷണ സംഘത്തിനായി.
മുമ്പ് പൊന്‍കുന്നം സി.ഐ. ആയിരുന്നപ്പോള്‍ സൂര്യനെല്ലിക്കേസിലെ മുഖ്യ പ്രതി ധര്‍മ്മരാജനെ കുടുക്കിയത് രാജ്കുമാറിന്റെ കൗശലമായിരുന്നു. അന്ന് നമ്പര്‍ പ്ലേറ്റ് വരെ മാറ്റി വെള്ള നിറത്തിലുള്ള പോലീസ് ജീപ്പില്‍ ചെളിയും വാരിപ്പൂശി രണ്ട് പോലീസുകാരുമായി കര്‍ണ്ണാടകത്തില്‍ ധര്‍മ്മരാജനെ പിടിക്കാന്‍ പോയപ്പോള്‍ പിന്നാലെ മാതൃഭൂമി ചാനലുമുണ്ടായിരുന്നു. കോവിഡ് ബാധിച്ച് മരിച്ച വിപിന്‍ ചന്ദാണ് ആ വാര്‍ത്ത മാതൃഭൂമി ന്യൂസിനായി ആദ്യം ബ്രേക്ക് ചെയ്തതും.
വിസ്മയയുടെ ആത്മഹത്യയ്ക്ക് കാറിനെ ചെല്ലിയുള്ള തര്‍ക്കം പ്രധാന കാരണമായിരുന്നു. എന്നാല്‍ വിവാഹത്തിന് വിസ്മയക്ക് അച്ഛന്‍ നല്‍കിയ സമ്മാനം മാത്രമാണതെന്നും കിരണ്‍ ആവശ്യപ്പെട്ട് നല്‍കിയതല്ലെന്നും അതിനാല്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരുന്നില്ലെന്നും പ്രതിഭാഗം വാദിച്ചു. ഈ വാദത്തെ തെളിവുകള്‍ നിരത്തി പൊളിക്കാന്‍ അന്വേഷണ സംഘത്തിനായി.
കേസ് ഏറ്റെടുത്ത് എണ്‍പതാം ദിവസം കുറ്റപത്രം നല്‍കാനായതും തുടക്കത്തില്‍തന്നെ സ്വാഭാവിക ജാമ്യം കിട്ടാനുള്ള കിരണിന്റെ അവസരം ഇല്ലാതാക്കി. വിസ്മയയുടെ ഫോണ്‍ കിരണ്‍ നശിപ്പിച്ചെങ്കിലും വിസ്മയ കൂട്ടുകാരികള്‍ക്കയച്ച സന്ദേശങ്ങള്‍ കണ്ടെത്തി കിരണ്‍ എങ്ങനെ ഭാര്യയെ മരണത്തിലേക്കു നയിച്ചു എന്ന് തെളിയിക്കാനായതും പ്രതിയെ തുറുങ്കിലാക്കാന്‍ സഹായിച്ചു.
അന്വേഷണ സംഘത്തെയും പബ്ലിക് പ്രോസിക്യൂട്ടറെയും മന്ത്രി വി.എന്‍. വാസവന്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ അഭിനന്ദിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..