Screengrab: Mathrubhumi News
തിരുവനന്തപുരം: വിസ്മയ കേസില്‍ കോടതി ശിക്ഷിച്ച കിരണ്‍കുമാറിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് കൊല്ലത്തുനിന്ന് പൂജപ്പുരയില്‍ കൊണ്ടുവന്നത്. ജയിലിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയെങ്കിലും കിരണ്‍ ഒന്നും പ്രതികരിച്ചില്ല. ജയിലിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ സെല്ലിലേക്ക് മാറ്റും.
കഴിഞ്ഞദിവസമാണ് വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിന് കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. പത്തുവര്‍ഷത്തെ കഠിനതടവും 12.55 ലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ.
അഞ്ചുവകുപ്പുകളിലായി 25 വര്‍ഷത്തെ കഠിനതടവാണ് കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചിരുന്നത്. ശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതി. അതിനാല്‍, 10 വര്‍ഷം ജയിലില്‍ കിടന്നാല്‍ മതിയാകും. പിഴ അടച്ചില്ലെങ്കില്‍ 27 മാസവും 15 ദിവസവും അധികം തടവില്‍ കഴിയണം. 10 ലക്ഷംരൂപ പിഴ എന്നത് സ്ത്രീധനനിരോധന നിയമപ്രകാരം സംസ്ഥാനത്തു ചുമത്തിയ ഏറ്റവും വലിയ പിഴയാണ്. പിഴത്തുകയില്‍ രണ്ട് ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കാനും വിധിന്യായത്തില്‍ പറഞ്ഞിട്ടുണ്ട്.
വിസ്മയ കേസില്‍ കിരണ്‍കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. കൊല്ലം പോരുവഴിയിലെ ഭര്‍ത്തൃവീട്ടില്‍ കഴിഞ്ഞ ജൂണ്‍ 21-നാണ് വിസ്മയയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനംചെയ്ത സ്വര്‍ണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെത്തുടര്‍ന്ന് ജീവനൊടുക്കിയെന്നാണ് കേസ്. അറസ്റ്റിലായ കിരണിനെ പിന്നീട് ജോലിയില്‍നിന്ന് പിരിച്ചുവിട്ടു.
കിരണ്‍കുമാറിന്റെ ഫോണില്‍നിന്ന് പോലീസ് വീണ്ടെടുത്ത റെക്കോഡ് ചെയ്തിരുന്ന സംഭാഷണങ്ങള്‍ നിര്‍ണായക തെളിവായി ഹാജരാക്കി.
2020 മേയ് 31-നാണ് നിലമേല്‍ കൈതോട് സീ വില്ലയില്‍ വിസ്മയയെ കിരണ്‍കുമാര്‍ വിവാഹം കഴിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ്, അഭിഭാഷകരായ നീരാവില്‍ എസ്. അനില്‍കുമാര്‍, ബി. അഖില്‍ എന്നിവരാണ് ഹാജരായത്. ശാസ്താംകോട്ട ഡിവൈ.എസ്.പി. പി. രാജ്കുമാറാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
Content Highlights: vismaya case convict kiran kumar in poojappura central jail
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..