കിരൺകുമാർ, വിസ്മയ(ഇടത്ത്) അഡ്വ. ബി.എ. ആളൂർ(വലത്ത്) File Photo
ശാസ്താംകോട്ട(കൊല്ലം): നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയ വി.നായരുടെ തൂങ്ങിമരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ കിരണിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അഞ്ചിലേക്കു മാറ്റി. ബി.എ.ആളൂരാണ് കിരണിനുവേണ്ടി വാദിക്കാനെത്തിയത്.
വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെയാണ് ശാസ്താംകോട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ പരിഗണിച്ചത്. തുടര്‍ന്ന് വാദം കേള്‍ക്കുന്നതിനായി കേസ് 12 മണിയിലേക്കുമാറ്റി. ആളൂര്‍ എഴുതിത്തയ്യാറാക്കിയ അപേക്ഷ വായിക്കുകയായിരുന്നു.
കിരണ്‍കുമാര്‍ അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണെന്നും ഇത്രയും കാലത്തിനിടയില്‍ ഒരു കേസിലും പ്രതി ചേര്‍ക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. പോലീസ് മനഃപൂര്‍വം കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണ്. സമാനമായ പല ആത്മഹത്യകളുണ്ടായിട്ടുണ്ടെങ്കിലും ഇത്രയും ശുഷ്കാന്തി പോലീസ് കാണിച്ചിട്ടില്ല. ഈ കേസില്‍ പോലീസ് കാണിക്കുന്നത് അമിതാവേശമാണ്. സ്ത്രീധനപീഡനം (498 എ.) വകുപ്പ് ചുമത്താവുന്ന കുറ്റമാണെന്നും ആളൂര്‍ വാദിച്ചു.
എന്നാല്‍, ആളൂരിന്റെ വാദം അസി.പബ്ളിക് പ്രോസിക്യൂട്ടര്‍(എ.പി.പി.) കാവ്യനായര്‍ എതിര്‍ത്തു. നിലവില്‍ ചുമത്തിയിരിക്കുന്ന 304 ബി. (സ്ത്രീധനപീഡനം മൂലമുള്ള മരണം) വകുപ്പ് മാത്രം ചുമത്താവുന്ന കുറ്റമല്ലെന്നും മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ അന്വേഷണ പുരോഗതിയനുസരിച്ച് മറ്റു പല വകുപ്പുകളും ചുമത്തേണ്ടി വരുമെന്നും അവര്‍ വാദിച്ചു.
കസ്റ്റഡിയില്‍ വാങ്ങിയെങ്കിലും പ്രതിക്ക് കോവിഡ് ബാധിച്ചതിനാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. രോഗം മാറുന്നതനുസരിച്ച് പ്രതിയെ കസ്റ്റഡിയില്‍വാങ്ങി തെളിവെടുപ്പ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനാല്‍ ജാമ്യം നല്‍കരുതെന്നും എ.പി.പി. വാദിച്ചു. വാദം കേട്ട ശേഷം കേസ് പരിഗണിക്കുന്നത് അഞ്ചിലേക്ക് മാറ്റിയതായി മജിസ്ട്രേറ്റ് എ.ഹാഷിം ഉത്തരവായി.
മൂന്നു ദിവസത്തേക്കായിരുന്നു കിരണിനെ കസ്റ്റഡിയില്‍ വിട്ടിരുന്നത്. ബുധനാഴ്ച വൈകീട്ട് തിരികെ ഹാജരാക്കാനിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോടതിയില്‍ ഹാജരാക്കി നെയ്യാറ്റിന്‍കര പ്രത്യേക സബ്ജയിലേക്ക് അയയ്ക്കുകയായിരുന്നു.
അതിനാല്‍ വിസ്മയയുടെ വീട്ടിലെ തെളിവെടുപ്പും നടന്നില്ല. എങ്കിലും രണ്ടു ദിവസം കൊണ്ട് കിട്ടാവുന്ന മുഴുവന്‍ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചു. രോഗം മാറുമ്പോള്‍ കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസ് നീക്കം. 21-ന് പുലര്‍ച്ചെ വീടിന്റെ രണ്ടാം നിലയിലെ ശൗചാലയത്തിലെ അധികം ഉയരമില്ലാത്ത ചെറിയ ജനാലയില്‍ തൂങ്ങിമരിച്ച നിലയിലാണ് വിസ്മയയെ കണ്ടത്.
Content Highlights: vismaya case adv ba aloor appeared in court for accused kiran kumar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..