വില്ലേജ് ഓഫീസർ എസ്.രാജീവ്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ജിനു തോമസ്
കോഴഞ്ചേരി: ചെറുകോല്‍ വില്ലേജ് ഓഫീസറേയും അസിസ്റ്റന്റിനേയും കൈക്കൂലി കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ 12 മണിയോടെയാണ് സംഭവം. വില്ലേജ് ഓഫീസര്‍ അമ്പലപ്പുഴ കരുമാടി ശ്രീവിലാസത്തില്‍ എസ്.രാജീവ്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് കവിയൂരില്‍ താമസിക്കുന്ന തിരുവല്ല കുറ്റൂര്‍ പൂവത്തുംതറ മലയില്‍ ജിനു തോമസ് എന്നിവരെയാണ് പത്തനംതിട്ട വിജിലന്‍സ് ഡിവൈ.എസ്.പി. ഹരി വിദ്യാധരന്റെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്.
സംഭവത്തെക്കുറിച്ച് വിജിലന്‍സ് പറയുന്നത് ഇങ്ങനെ: വയലത്തല സ്വദേശിയായ ആളിന്റെ 1.62 ഏക്കര്‍ സ്ഥലം പേരില്‍ക്കൂട്ടി പോക്കുവരവ് ചെയ്യുന്നതിന് രണ്ടാഴ്ചമുമ്പ് അപേക്ഷ നല്‍കിയിരുന്നു. ഇതിനിടെ ഇയാള്‍ പലപ്രാവശ്യം ഓഫീസില്‍ ചെന്നിട്ടും നിഷേധ നിലപാടാണ് ഈ ഉദ്യോഗസ്ഥര്‍ എടുത്തത്. 5000 രൂപ തന്നാല്‍ ശരിയാക്കിത്തരാമെന്ന് ഇരുവരും പറഞ്ഞതിനെ തുടര്‍ന്ന് സ്ഥലം ഉടമ വിജിലന്‍സിന് പരാതി നല്കി. വിജിലന്‍സ് നിര്‍ദേശപ്രകാരം വില്ലേജ് ഓഫീസിലെത്തിയ സ്ഥലം ഉടമ ഇരുവര്‍ക്കും പണം കൈമാറുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.
നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം വൈദ്യപരിശോധന നടത്തി ഇരുവരേയും തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. വില്ലേജ് ഓഫീസര്‍ക്കെതിരേ നേരത്തേയും നിരവധി പരാതികള്‍ ഉള്ളതായി വിജിലന്‍സ് സംഘം പറഞ്ഞു.
വിജിലന്‍സ് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍മാരായ അനില്‍കുമാര്‍, രാജീവ്, അഷറഫ്, എസ്.ഐ. ജലാലുദ്ദീന്‍, സി.പി.ഒ.മാരായ രാജേഷ് കുമാര്‍, ഷാജി പി.ജോണ്‍, ഹരിലാല്‍, അനീഷ് രാമചന്ദ്രന്, അനീഷ് മോഹന്‍, ഗോപകുമാര്‍, ജിനു, അജീര്‍, അജീഷ്, രാജീവ്, വിനീത് എന്നവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Content Highlights: Village officer arrested in bribery case
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..