വിജിലൻസ് പിടിച്ചെടുത്ത പണം ബക്കറ്റിൽ(ഇടത്ത്) പിടിയിലായ സുരേഷ്‌കുമാർ(വലത്ത്) | Screengrab: Mathrubhumi News
പാലക്കാട്: കൈക്കൂലി കേസില്‍ വിജിലന്‍സ് പിടിയിലായ 'കോടീശ്വരനായ' വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ്‌കുമാര്‍ നാടുനീളെ നടന്ന് കൈക്കൂലി വാങ്ങിയതായി ആരോപണം. പ്രദേശത്തെ വീടുകളില്‍ കയറിയിറങ്ങി ഇയാള്‍ കൈക്കൂലി വാങ്ങിയിരുന്നതായാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഏറ്റവും കുറഞ്ഞത് 500 രൂപയായിരുന്നു സുരേഷിന്റെ കൈക്കൂലി. പതിനായിരം രൂപ വരെ ഇയാള്‍ പലരില്‍നിന്നും വാങ്ങിയെടുത്തിരുന്നതായും നാട്ടുകാര്‍ ആരോപിച്ചു.
കഴിഞ്ഞദിവസം സംസ്ഥാന സര്‍ക്കാരിന്റെ പരാതി പരിഹാര അദാലത്ത് നടക്കുന്നയിടത്ത് കൈക്കൂലി വാങ്ങുന്നതിനിടെയാണ് പാലക്കയം വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റ് വി.സുരേഷ്‌കുമാറിനെ വിജിലന്‍സ് പിടികൂടിയത്. മഞ്ചേരി സ്വദേശിയായ വിപിന്‍ ബാബുവില്‍നിന്ന് 2500 രൂപയാണ് ഇയാള്‍ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നത്. ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ സമര്‍പ്പിച്ച വിപിന്‍ ബാബുവില്‍നിന്ന് നേരത്തെ രണ്ടുതവണ ഇയാള്‍ കൈക്കൂലി വാങ്ങിയിരുന്നു. തുടര്‍ന്നാണ് വീണ്ടും 2500 രൂപ കൂടി ആവശ്യപ്പെട്ടത്. ചൊവ്വാഴ്ച പരാതി പരിഹാര അദാലത്ത് നടക്കുന്നയിടത്ത് പണം എത്തിക്കാനും നിര്‍ദേശം നല്‍കി. ഇതോടെ വിപിന്‍ ബാബു വിജിലന്‍സിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് നിര്‍ദേശപ്രകാരം സുരേഷ് കുമാറിന്റെ കാറില്‍വെച്ച് പണം കൈമാറുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.
മണ്ണാര്‍ക്കാട്ട് സുരേഷ് താമസിക്കുന്ന വാടകമുറിയില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 17 കിലോ നാണയങ്ങള്‍ ഉള്‍പ്പെടെ 35 ലക്ഷം രൂപയാണ് പണമായി കണ്ടെടുത്തത്. ഇതിനുപുറമേ 71 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപങ്ങളും മറ്റു സമ്പാദ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. ആകെ ഒരു കോടിയിലധികം രൂപയുടെ അനധികൃത സമ്പാദ്യം ഇയാള്‍ക്കുണ്ടെന്നാണ് പ്രാഥമിക പരിശോധനയിലെ വിവരം. ഇയാളുടെ സ്വദേശമായ തിരുവനന്തപുരം ഊരൂട്ടമ്പലത്തെ വീട്ടിലും വിജിലന്‍സ് സംഘം പരിശോധന നടത്തിയിരുന്നെങ്കിലും ഇവിടെനിന്ന് പണമോ രേഖകളോ ലഭിച്ചിട്ടില്ലെന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
നാടുനീളെ കൈക്കൂലി, എന്തിനും പണം ചോദിക്കും...
20 വര്‍ഷമായി മണ്ണാര്‍ക്കാട് മേഖലയിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ ജോലിചെയ്തിരുന്ന സുരേഷ് നാടുനീളെ നടന്ന് കൈക്കൂലി വാങ്ങിയിരുന്നതായാണ് നാട്ടുകാരുടെ ആരോപണം. കഴിഞ്ഞദിവസം ഇയാള്‍ വിജിലന്‍സിന്റെ പിടിയിലായതിന് പിന്നാലെയാണ് നേരത്തെ കൈക്കൂലി നല്‍കേണ്ടിവന്ന പലരും വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
ഓട്ടോ വാടകയ്ക്ക് വിളിച്ച് വരെ സുരേഷ് വീടുകളില്‍ കയറിയിറങ്ങി കൈക്കൂലി പിരിച്ചിട്ടുണ്ടെന്നായിരുന്നു പ്രദേശത്തെ ഒരു ഓട്ടോ ഡ്രൈവറുടെ പ്രതികരണം. ഇരുമ്പകച്ചോല എന്ന സ്ഥലത്തേക്കാണ് ഓട്ടം വിളിച്ചത്. അയാള്‍ കൈക്കൂലി വാങ്ങുന്നത് നേരിട്ടുകണ്ടതാണ്. മൂന്നുവീട്ടില്‍ കയറി. 700 രൂപ, 800 രൂപ, ആയിരം രൂപ എന്നിങ്ങനെയാണ് മൂന്നുവീടുകളില്‍നിന്നായി വാങ്ങിയത്. ചോദിച്ചപ്പോള്‍ ഇതെല്ലാം തന്റെ ഫീസാണെന്നാണ് സുരേഷ്‌കുമാര്‍ മറുപടി നല്‍കിയതെന്നും ഓട്ടോഡ്രൈവര്‍ പറഞ്ഞു.
ഏറ്റവും കുറഞ്ഞത് 500 രൂപയായിരുന്നു സുരേഷ്‌കുമാര്‍ വാങ്ങിയിരുന്ന കൈക്കൂലി. എന്ത് ആവശ്യത്തിനും അപേക്ഷ സമര്‍പ്പിച്ചാലും അതെല്ലാം താമസിപ്പിച്ച് പണം ചോദിച്ചുവാങ്ങുന്നതായിരുന്നു രീതി. തണ്ടപ്പേരിനായി ഒരാളില്‍നിന്ന് ആറായിരം രൂപയാണ് അടുത്തിടെ കൈക്കൂലി വാങ്ങിയത്. ഇതേ ആവശ്യത്തിനായി മറ്റൊരാളില്‍നിന്ന് രണ്ടായിരവും വാങ്ങി. പട്ടയത്തിനായി മൂവായിരം രൂപയാണ് പ്രദേശവാസിയായ മറ്റൊരാള്‍ക്ക് സുരേഷിന് നല്‍കേണ്ടിവന്നത്.
ഒരു ഏക്കര്‍ ഭൂമിയുടെ പൊസഷന്‍ സര്‍ട്ടിഫിക്കറ്റിന് 2500 രൂപയാണ് സുരേഷ് കുമാര്‍ നിര്‍ബന്ധിച്ച് പിടിച്ചുവാങ്ങിയതെന്ന് നാട്ടുകാരനായ മറ്റൊരാളും പ്രതികരിച്ചു. ആദ്യം ആയിരംരൂപ കൊടുത്തപ്പോള്‍ ഇത് തനിക്ക് വേണ്ടെന്നും 2500 രൂപ തികച്ച് വേണമെന്നുമായിരുന്നു സുരേഷ് പറഞ്ഞതെന്നും ഇദ്ദേഹം ആരോപിച്ചു.
പട്ടയവുമായി ബന്ധപ്പെട്ട രേഖകള്‍ക്കാണ് സുരേഷ്‌കുമാര്‍ ഉയര്‍ന്നതുക കൈക്കൂലിയായി വാങ്ങിയിരുന്നത്. പ്രദേശവാസിയായ ഒരാളില്‍നിന്ന് പതിനായിരം രൂപയാണ് പട്ടയവുമായി ബന്ധപ്പെട്ട രേഖയ്ക്കായി അടുത്തിടെ വാങ്ങിയത്. ഇതില്‍ മൂവായിരം രൂപ അപേക്ഷകന്റെ വീട്ടില്‍വെച്ചാണ് പോക്കറ്റിലാക്കിയത്. ബാക്കി ഏഴായിരം രൂപ വില്ലേജ് ഓഫീസിനുള്ളില്‍വെച്ചാണ് കൈമാറിയതെന്നും അപേക്ഷകന്‍ പറഞ്ഞു.
പണം മാത്രമല്ല, തേനും കുടംപുളിയും കൈക്കൂലി...
പണം മാത്രമല്ല, തേനും കുടംപുളിയുമെല്ലാം സുരേഷ്‌കുമാര്‍ കൈക്കൂലിയായി വാങ്ങിയിരുന്നതായാണ് കണ്ടെത്തല്‍. ഇയാളുടെ വാടകമുറിയില്‍ നടത്തിയ പരിശോധനയില്‍ പത്തുലിറ്റര്‍ തേനാണ് കണ്ടെടുത്തത്. ഒരുലിറ്ററിന്റെ പത്തുകുപ്പികളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. വലിയ അളവില്‍ കുടംപുളിയും കണ്ടെടുത്തു. ഇതെല്ലാം വീട്ടില്‍ കൊണ്ടുപോകാനായി സൂക്ഷിച്ചതാണെന്നായിരുന്നു സുരേഷ്‌കുമാറിന്റെ മൊഴി.
ഉപയോഗിക്കാത്ത നിരവധി ഷര്‍ട്ടുകളും മുണ്ടുകളും ഇയാളുടെ മുറിയില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ പലതും പലരില്‍നിന്നായി വാങ്ങിയതാണെന്നും പക്ഷേ, മുഷിഞ്ഞ ഷര്‍ട്ടും മറ്റും ധരിച്ചാണ് സുരേഷിനെ അധികസമയവും പുറത്തുകാണാറുള്ളതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. വാടകമുറിയില്‍ ലളിതമായജീവിതമായിരുന്നു ഇയാളുടേത്. അധികമാരുമായും സമ്പര്‍ക്കം പുലര്‍ത്തിയിരുന്നില്ല. ജീവിതരീതികളില്‍ ആഡംബരമൊന്നും കാണിച്ചിരുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
കൈക്കൂലി വാങ്ങിയത് വീട് വെയ്ക്കാനെന്ന് മൊഴി...
താന്‍ കൈക്കൂലി വാങ്ങിയത് വീട് വെയ്ക്കാന്‍ വേണ്ടിയാണെന്നാണ് സുരേഷ്‌കുമാര്‍ വിജിലന്‍സിന് നല്‍കിയ മൊഴി. എന്നാല്‍ അന്വേഷണസംഘം ഇത് വിശ്വസിച്ചിട്ടില്ല. കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ പണമായി മാത്രം 35 ലക്ഷം രൂപയാണ് ഇയാളുടെ വാടകമുറിയില്‍നിന്ന് പിടിച്ചെടുത്തത്. സമീപത്തെ കടയില്‍നിന്ന് നോട്ടെണ്ണല്‍ യന്ത്രം എത്തിച്ചാണ് വിജിലന്‍സ് സംഘം ഇത് എണ്ണിതീര്‍ത്തത്.
സുരേഷ് കുമാറിന്റെ സാലറി അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിച്ചത് അപൂര്‍വമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ബാങ്കില്‍ ലക്ഷങ്ങളുടെ സ്ഥിരനിക്ഷേപവുമുണ്ട്. 46 ലക്ഷം രൂപയാണ് സുരേഷ്‌കുമാറിന് സ്ഥിരനിക്ഷേപമായുണ്ടായിരുന്നത്. സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ 25 ലക്ഷം രൂപയുമുണ്ട്.
കൈക്കൂലിയിലൂടെയാണ് ഇയാള്‍ ജീവിതച്ചെലവുകള്‍ക്കുള്ള പണം കണ്ടെത്തിയിരുന്നതെന്നാണ് പ്രാഥമിക നിഗമനം. ബാങ്കില്‍ പണം കുമിഞ്ഞ് കൂടിയിട്ടും ഇതൊന്നും ചെലവാക്കാതെ നാട്ടുകാരില്‍നിന്ന് പണം 'പിടിച്ചുപറിക്കുക'യായിരുന്നു. ബാങ്ക് അക്കൗണ്ടുകളിലെ സമ്പാദ്യത്തിന് പുറമേ വസ്തുക്കളോ മറ്റോ ഇയാള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ടോ എന്നതും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്.
ഒന്നും അറിഞ്ഞില്ലെന്ന് വില്ലേജ് ഓഫീസര്‍, ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല...
സുരേഷ് കൈക്കൂലി വാങ്ങുന്നതിനെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നും ഇതുവരെ ഇയാള്‍ക്കെതിരേ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നുമായിരുന്നു പാലക്കയം വില്ലേജ് ഓഫീസര്‍ സജിത്ത് കുമാറിന്റെ പ്രതികരണം. എട്ടുമാസമായി താന്‍ ഇവിടെവന്നിട്ട്. അപ്പോള്‍തന്നെ സുരേഷ് ഇവിടെയുണ്ട്. ജോലിയിലെല്ലാം വലിയ സഹായം ചെയ്തിരുന്നു.. ഇത്രയധികം കൈക്കൂലി വാങ്ങിയെന്നത് കേട്ടപ്പോള്‍ അദ്ഭുതം തോന്നി. സുരേഷ് ഇത്തരത്തിലുള്ളയാളാണെന്ന് വിചാരിച്ചിരുന്നില്ലെന്നും വില്ലേജ് ഓഫീസര്‍ പറഞ്ഞു.
Content Highlights: village assistant sureshkumar caught while taking bribe vigilance seized 35 lakhs from his room
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..