വിജയ് ബാബു
ന്യൂഡല്‍ഹി: യുവനടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. അതേസമയം, വിജയ് ബാബുവിനെ തുടര്‍ന്നും ചോദ്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കോടതി അനുമതി നല്‍കി. അതിജീവിതയയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്തരുതെന്ന് വിജയ് ബാബുവിനോട് കോടതി നിര്‍ദേശിച്ചു.
പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോടതികള്‍ക്ക് വ്യത്യസ്ത നിലപാട് ആണെന്ന് ചൂണ്ടിക്കാട്ടിയാണ് വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയത്. പ്രതിയെ സമ്മര്‍ദ്ദം ചെലുത്താനുള്ളതല്ല അറസ്റ്റ്, നിയമ വ്യവസ്ഥയില്‍നിന്ന് പ്രതി ഒളിച്ചോടാതിരിക്കാന്‍ വേണ്ടിയാണ് അറസ്റ്റെന്നും കോടതി ചൂണ്ടിക്കാട്ടി.
ജൂണ്‍ 27 മുതല്‍ മുതല്‍ ജൂലായ് മൂന്ന് വരെയാണ് വിജയ് ബാബുവിനെ ചോദ്യംചെയ്യാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. എന്നാല്‍ ഈ സമയപരിധി സുപ്രീം കോടതി നീക്കി. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കണം. സാക്ഷികളെ സ്വാധീനിക്കാനോ, അതിജീവിതയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്താനോ പാടില്ല. അതിജീവിതയ്ക്ക് എതിരെ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇടരുത്. സംസ്ഥാനത്തിന് പുറത്ത് പോകുകയാണെങ്കില്‍ മുന്‍കൂര്‍ അനുമതി തേടണമെന്നും കോടതി നിര്‍ദേശിച്ചു.
വിജയ് ബാബു കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. ഫോണിലെ പല സന്ദേശങ്ങളും മായ്ച്ച് കളഞ്ഞെന്നും സര്‍ക്കാര്‍ ആരോപിച്ചു. എന്നാല്‍ വിജയ് ബാബു മാത്രമല്ല, അതിജീവിതയും ഫോണിലെ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തതായി കോടതി ചൂണ്ടിക്കാട്ടി. ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ തിരികെ ലഭിക്കുന്നതിനുള്ള സാങ്കേതികവിദ്യ ലഭ്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
അതിജീവിത ഇപ്പോഴും സന്ദേശങ്ങള്‍ അയക്കുന്നതായി വിജയ് ബാബുവിന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ വാദിച്ചു. എന്നാല്‍ അതിജീവിതയുടെ അഭിഭാഷകര്‍ ഇത് നിഷേധിച്ചു. സമൂഹത്തില്‍ പരിഹാസപാത്രം ആക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്നും അതിജീവിതയുടെ അഭിഭാഷകര്‍ ആരോപിച്ചു. വാടകയ്ക്ക് എടുക്കുന്നവരെ ഉപയോഗിച്ച് പ്രതികള്‍ അപമാനകരമായ പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന സാഹചര്യത്തില്‍ ഇത്തരം കേസുകളില്‍ പരാതി നല്‍കാന്‍ തന്നെ ബുദ്ധിമുട്ടാണെന്ന് അതിജീവിതയുടെ അഭിഭാഷകന്‍ രാകേന്ദ് ബസന്ത് കോടതിയില്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ. ശശി എന്നിവര്‍ ഹാജരായി. അതിജീവിതയ്ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ആര്‍.ബസന്ത്, രാകേന്ദ് ബസന്ത് എന്നിവരും ഹാജരായി. വിജയ് ബാബുവിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂതറ, അഭിഭാഷക ബീന മാധവന്‍ എന്നിവരാണ് ഹാജരായത്.
Content Highlights: vijay babu rape case plea against his anticipatory bail dismisses by supreme court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..