Screengrab: Mathrubhumi News
ഇടുക്കി: കുമളി അതിര്‍ത്തിയിലുള്ള മോട്ടോര്‍ വാഹന വകുപ്പ് ചെക്ക് പോസ്റ്റില്‍ നിന്ന് കണക്കില്‍പെടാത്ത പണം വിജിലന്‍സ് കണ്ടെത്തി. അയ്യപ്പഭക്തരുടെ വാഹനത്തില്‍ നിന്ന് കൈക്കൂലി ഈടാക്കുന്നുവെന്ന പരാതിയിലായിരുന്നു പരിശോധന. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യാഗസ്ഥന്‍ മദ്യപിച്ചിരുന്നതായും കണ്ടെത്തി.
ചെക്ക് പോസ്റ്റില്‍ അയ്യപ്പന്മാരുടെ വാഹനം കടത്തിവിടാന്‍ കേരള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പണം വാങ്ങുന്നുവെന്ന നിരവധി പരാതിയാണ് വിജിലന്‍സിന് ലഭിച്ചത്. വാഹനത്തില്‍ എത്തുന്ന ഒരാളിന് നൂറ് രൂപ എന്ന നിലയ്ക്കായിരുന്നു കൈക്കൂലി വാങ്ങിയിരുന്നത്. അയ്യപ്പഭക്തരുടെ വാഹനത്തിന്റെ ഡ്രൈവറുടെ വേഷത്തില്‍ എത്തിയ വിജിലന്‍സ് ഉദ്യാഗസ്ഥന്‍ ആദ്യം 500 രൂപ നല്‍കി. എന്നാല്‍ പത്ത് പേരുടെ പാസ് ഉള്ളതിനാല്‍ 1000 രൂപ തന്നെ വേണമെന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എഎംവിഐ കെ. ജി മനോജ് നിര്‍ബന്ധം പിടിച്ചു. തുടര്‍ന്ന് പണം നല്‍കി, ഉടന്‍ തന്നെ ഇടുക്കി വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം മുറിയിലെത്തി പരിശോധന നടത്തി. ഓഫീസില്‍ നിന്ന് കണക്കില്‍ പെടാത്ത 4000 രൂപ കണ്ടെത്തി. മേശയുടെ അടിയിലും മറ്റും ഒളിപ്പിച്ച നിലയിലായിരുന്നു പണം.
വൈദ്യപരിശോധനയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എഎംവിഐ മദ്യപിച്ചാണ് ജോലി ചെയ്തിരുന്നതെന്നും കണ്ടെത്തി. പാസ് എടുത്ത് അതിര്‍ത്തി കടന്നുവരുന്ന അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ക്ക് പെര്‍മിറ്റില്‍ സീല്‍ വയ്ക്കുന്നതിനാണ് പണം ഇടാക്കിയിരുന്നത്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എഎംവിഐ കെ.ജി. മനോജ്, ഓഫീസ് അസിസ്റ്റന്റ് ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് റിപ്പോര്‍ട്ട് നല്‍കി.
രാത്രി ഒരു മണിയോടെയാണ് വിജിലന്‍സ് സംഘം പരിശോധനയ്ക്ക് എത്തിയത്. 10 മിനിട്ട് കൊണ്ടാണ് 4000 രൂപ കൈക്കൂലിയായി ലഭിച്ചതെന്ന് കണ്ടെത്തി. ഇടയ്ക്കിടെ പുറത്തേക്ക് പോകുന്ന ഓഫീസ് പ്യൂണിന്റെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും പണമൊന്നും കണ്ടെത്താനായില്ല. പണം ഒളിപ്പിക്കുന്നതിന് ചെക്ക് പോസ്റ്റിന് സമീപമുള്ള കടക്കാരുടെ സഹായം ലഭിക്കുന്നുണ്ടെന്ന വിവരവും വിജിലന്‍സിന് ലഭിച്ചു. വരും ദിവസങ്ങളിലും ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കാന്‍ തന്നെയാണ് വിജിലന്‍സ് തീരുമാനം.
Content Highlights: vigilance raid in mvd checkpost kumily idukki
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..