പ്രതീകാത്മക ചിത്രം | Reuters
കോഴിക്കോട്: അനധികൃതമായി സ്വത്തുസമ്പാദിച്ച കേസില്‍ തദ്ദേശസ്വയംഭരണ വിഭാഗം കൊണ്ടോട്ടി സബ്ഡിവിഷന് അസി. എക്സിക്യുട്ടീവ് എന്‍ജിനീയറുടെയും സഹോദരന്റെയും കോഴിക്കോട് കോട്ടൂളിയിലെ വീട്ടില്‍ 13 മണിക്കൂര്‍ നീണ്ട വിജിലന്‍സ് റെയ്ഡ്. ഭൂമിയിടപാടിന്റേതടക്കം എഴുപത് രേഖകളും 51,000 രൂപയും കണക്കില്‍പ്പെടാത്ത 84 ഗ്രാം സ്വര്‍ണവും കണ്ടെടുത്തു. അസി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ സന്തോഷ് കുമാറിന്റെ കോട്ടൂളി കുന്നത്ത് ഹൗസിലും കൊണ്ടോട്ടിയിലെ ഓഫീസിലും തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിലുമാണ് കോഴിക്കോട് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ ഡി.വൈ.എസ്.പി. സി. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ഒരേസമയം പരിശോധന നടന്നത്.
കോട്ടൂളിയിലെ വീട്ടില്‍ രാവിലെ ഏഴുമണിക്ക് തുടങ്ങിയ റെയ്ഡ് രാത്രി എട്ടിനാണ് അവസാനിച്ചത്. സഹോദരന്റെ വീട്ടില്‍നടത്തിയ പരിശോധനയില്‍ മൂന്നുലക്ഷം രൂപ കണ്ടെത്തിയെങ്കിലും പിടിച്ചെടുത്തിട്ടില്ല. അതിന്റെ സ്രോതസ്സ് വിജിലന്‍സ് സംഘം പരിശോധിച്ചുവരികയാണ്. സഹോദരന്റെ വീട്ടില്‍നിന്ന് രണ്ടുരേഖകള്‍ മാത്രമാണ് പിടിച്ചെടുത്തത്. ബാക്കി രേഖകള്‍ മുഴുവന്‍ സന്തോഷ് കുമാറിന്റെ വീട്ടില്‍ നിന്നുതന്നെയാണ് കണ്ടെടുത്തത്.
സന്തോഷ്കുമാര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് നേരത്തേ വിജിലന്‍സിന് പരാതി ലഭിച്ചിരുന്നു. പ്രാഥമികാന്വേഷണത്തില്‍ പരാതി സത്യമാണെന്നു കണ്ടെത്തിയതോടെയാണ് റെയ്ഡ് നടത്തിയത്. രാമനാട്ടുകര, ഫറോക്ക് മുനിസിപ്പാലിറ്റികളില്‍ ജോലിചെയ്യുന്ന സമയത്തെല്ലാം ഇയാള്‍ക്കെതിരേ പരാതികളുയര്‍ന്നിരുന്നു. കോഴിക്കോട് വിജിലന്‍സ് യൂണിറ്റും ഇയാള്‍ക്കെതിരേ നേരത്തേ അന്വേഷണം നടത്തിയിട്ടുണ്ട്. ഏറെക്കാലമായി വിജിലന്‍സിന്റെ നിരീക്ഷണത്തിലാണിയാള്‍.
കണ്ടെത്തിയ രേഖകളില്‍ ഭൂമിയിടപാടിന്റേതിന് പുറമേ ബില്ലുകള്‍ ഉള്‍പ്പെടെയുള്ളവയുമുണ്ട്. രേഖകള്‍ വിശകലനം നടത്തിയശേഷം സന്തോഷ് കുമാറിനെ നോട്ടീസ് നല്കി വിളിച്ചുവരുത്തും. ഇന്‍സ്പെക്ടര്‍മാരായ എസ്. സജീവ്, ധനേഷ്കുമാര്‍, വി. ജോഷി, 20 സബ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരടങ്ങിയ വന്‍സംഘമാണ് റെയ്ഡില്‍ പങ്കെടുത്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..