എസ്.ഐ സുഹൈൽ, ഏജന്റ് മുഹമ്മദ് ബഷീർ
മലപ്പുറം: വഞ്ചനാ കേസിലെ പ്രതിയില്‍നിന്ന് 50,000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ പോലീസ് സബ് ഇന്‍സ്‌പെക്ടറെ വിജിലന്‍സ് പിടികൂടി. മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ചിലെ എസ്.ഐ. സുഹൈലാണ് അറസ്റ്റിലായത്. ഏജന്റുമാരായ മഞ്ചേരി സ്വദേശി മുഹമ്മദ് ബഷീര്‍, ഇരിങ്ങാലക്കുട സ്വദേശി ഹാഷിം എന്നിവരും പിടിയിലായി.
2017 -ല്‍ മലപ്പുറം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത വഞ്ചനാകേസിലെ പ്രതിയായ പരാതിക്കാരന് 2019 -ല്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. അതിനിടെ, മറ്റൊരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ബെംഗളൂരുവില്‍ പോയ എസ്.ഐ. പരാതിക്കാരനെ അറസ്റ്റ് ചെയ്തു. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് ജാമ്യവും കിട്ടി. പരാതിക്കാരനെതിരേ വേറെയും വാറണ്ടുകള്‍ ഉണ്ടെന്നും കാണേണ്ടതുപോലെ കണ്ടാല്‍ സഹായിക്കാമെന്നും എസ്.ഐ. അറിയിച്ചു. കൈക്കൂലിയായി ഐ ഫോണ്‍ 14 വാങ്ങി നല്‍കണമെന്നും ആവശ്യപ്പെട്ടു.
അതനുസരിച്ച് പരാതിക്കാരന്‍ ജനുവരി രണ്ടിന് കറുത്ത ഐ ഫോണ്‍ 14 വാങ്ങി എസ്.ഐ. സുഹൈല്‍ നിര്‍ദേശിച്ചപ്രകാരം ഏജന്റായ മുഹമ്മദ് ബഷീറിനെ ഏല്‍പ്പിച്ചു. എന്നാല്‍, നീല നിറത്തിലുള്ള ഐ ഫോണ്‍ 14 (256 ജി.ബി.) തന്നെ വേണമെന്നും കേസ് മയപ്പെടുത്താന്‍ 3.5 ലക്ഷം രൂപ കൂടി വേണമെന്നും സുഹൈല്‍ ആവശ്യപ്പെട്ടു. നീല നിറത്തിലുള്ള ഫോണ്‍ എത്രയും വേഗം വാങ്ങിക്കൊടുക്കാമെന്നും പണം നല്‍കാന്‍ കുറച്ച് സാവകാശം വേണമെന്നും പരാതിക്കാരന്‍ അറിയിച്ചു. തുടര്‍ന്ന് കറുത്ത ഫോണ്‍ ഏജന്റ് മുഖേന എസ്.ഐ. ജനുവരി നാലിന് തിരികെ നല്‍കി. പണം നല്‍കിയില്ലെങ്കില്‍ കൂടുതല്‍ പ്രയാസമുണ്ടാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിനെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചു. വിജിലന്‍സ് ഡയറക്ടര്‍ തുടര്‍നടപടികള്‍ക്കായി വടക്കന്‍ മേഖല പോലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിനെ ചുമതലപ്പെടുത്തുകയായിരുന്നു. അതിനിടെ, 24 -ന് നീലനിറത്തിലുള്ള ഫോണ്‍ പരാതിക്കാരന്‍ വാങ്ങി എസ്.ഐ. നിര്‍ദേശിച്ച ഇരിങ്ങാലക്കുടയിലുള്ള ഏജന്റ് ഹാഷിമിനെ ഏല്‍പ്പിച്ചു. കൈക്കൂലി പണം തവണകളായി നല്‍കിയാല്‍ മതിയെന്നും എസ്.ഐ. പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ആദ്യഗഡുവായി 50,000 രൂപ ഏല്‍പ്പിക്കവേയാണ് ഏജന്റ് മുഹമ്മദ് ബഷീറിനെ വിജിലന്‍സ് കൈയോടെ അറസ്റ്റ് ചെയ്തത്. പിന്നാലെ എസ്.ഐ. സുഹൈലിനെയും ഇരിങ്ങാലക്കുട സ്വദേശി ഹാഷിമിനെയും അറസ്റ്റ് ചെയ്തു.
വിജിലന്‍സ് സംഘത്തില്‍ ഡിവൈ.എസ്.പിമാരായ ഷാജി വര്‍ഗീസ്, സുനില്‍കുമാര്‍, പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ ശിവപ്രസാദ്, എം.പി. രാജേഷ്, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ജയരാജന്‍, സുനില്‍, പ്രദീപന്‍, ഷാജി തുടങ്ങിയവരും ഉണ്ടായിരുന്നു.
Content Highlights: vigilance- bribe-malappuram-police
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..