തിരുവനന്തപുരം നഗരസഭയിൽ വിജിലൻസ് സംഘം നടത്തിയ പരിശോധന | Photo: Special Arrangement
തിരുവനന്തപുരം: കെട്ടിട നിര്മാണാനുമതിയിലെ അപാകതകള്‍ കണ്ടെത്തുന്നതിനായി വിജിലന്‍സ് സംസ്ഥാന വ്യാപകമായി നടത്തുന്ന മിന്നല്‍ പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. കോര്‍പ്പറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലെയും ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങി അനധികൃത നിര്‍മാണങ്ങള്‍ക്ക് അനുമതി നേടിയെടുക്കുന്നു എന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന് ട്രൂ ഹൗസ് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുന്നത്.
വെള്ളിയാഴ്ച തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷനുകളിലും 53 മുനിസിപ്പാലിറ്റികളിലും ഒരേ സമയത്താണ് മിന്നല്‍ പരിശോധന തുടങ്ങിയത്. മിക്ക ഓഫീസുകളിലും നടത്തിയ പരിശോധനകളെ തുടര്‍ന്നുള്ള സ്ഥല പരിശോധനകളും നടന്നുകൊണ്ടിരിക്കുന്നു.
ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ക്കും ഓവര്‍സീയര്‍മാര്‍ക്കും നല്കിയ യൂസര്‍ ഐഡിയും പാസ്വേഡും കരാര്‍ ജീവനക്കാര്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇതിനും പുറമെ ഫയല്‍ പോലും കാണാതെ ചിലയിടങ്ങളില്‍ കെട്ടിടങ്ങള്‍ക്ക് നമ്പരുകള്‍ അനുവദിച്ചതും സ്ഥലപരിശോധന നടത്താതെ കെട്ടിടങ്ങള്‍ക്ക് നിര്‍മാണാനുമതി നല്കിയതും ഫയലുകള്‍ പൂഴ്ത്തി വെക്കുന്നതും വിജിലന്‍സ് കണ്ടെത്തി.
കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ച് പൂര്‍ത്തിയാക്കിയ കെട്ടിടങ്ങള്‍, അനുമതിയുള്ളതിലധികം നിലകളുള്ള കെട്ടിടങ്ങള്‍, അനധികൃത നിര്‍മാണങ്ങള്‍ക്ക് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്കല്, അഗ്നിസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കെട്ടിടങ്ങള്‍ക്കും കെട്ടിട നമ്പര്‍ നല്കല്, പ്ലാനില്‍ പറഞ്ഞിട്ടുള്ളതില്‍ നിന്ന് വ്യത്യസ്തമായ നിര്‍മാണങ്ങള്‍ക്ക് ഒത്താശ ചെയ്യല്‍ തുടങ്ങി നിരവധി ക്രമക്കേടുകളാണ് സംസ്ഥാനത്തൊട്ടാകെ കണ്ടെത്തിയത്.
പത്തനംതിട്ട മുനിസിപ്പാലിറ്റിയില്‍ ഒരു ബാര്‍ ഹോട്ടലില്‍ പല മുറികള്‍ക്കും പല നമ്പരുകള്‍ അനുവദിച്ച് മൊത്തം ഏരിയ കുറച്ച് കാണിച്ച് സര്‍ക്കാരിന് നല്‍കേണ്ട നികുതി വെട്ടിച്ചതും വിജിലന്‍സ് പിടികൂടി. ഇത് മാത്രമല്ല കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 10 വാണിജ്യ സമുച്ചയങ്ങള്‍ക്ക് നികുതി അനധികൃതമായി കുറച്ച് നല്കിയതുകൊണ്ട് സര്‍ക്കാരിന് 80 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും വിജിലന്‍സ് പറയുന്നു.
വയല്‍ നികത്തിയും പൊതുസ്ഥലം കൈയേറിയുമൊക്കെയുള്ള നിരവധി നിര്‍മാണങ്ങള്‍ക്ക് നഗരസഭാ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങി ഒത്താശ ചെയ്യുന്നത് വിജിലന്‍സ് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഇതിന് പുറമെ നിലവില്‍ വീടുള്ളവര്‍ക്ക് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ വീട് അനുവദിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
സെക്രട്ടറി, അസി. എഞ്ചിനീയര്‍മാര്‍, ഓവര്‍സീയര്‍മാര്‍ എന്നിവര്‍ക്ക് അനുവദിച്ചിട്ടുള്ള യൂസര്‍ ഐഡിയും പാസ്വേഡും ഉപയോഗിച്ച് കരാര്‍ ജീവനക്കാരും ക്ലര്‍ക്കുമാരും ഓഫീസ് ദിനങ്ങളിലും അവധി ദിനങ്ങളിലും കെട്ടിട നമ്പരുകളും അനുമതികളും നല്‍കിയിട്ടുണ്ടെന്നാണ് വിജിലന്‍സ് പറയുന്നത്. ഇക്കാര്യത്തില്‍ വിശദമായ പരിശോധനകള്‍ ഇനിയുമുണ്ടാകുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..