കൊല്ലപ്പെട്ട ഹഖ് മുഹമ്മദും മിഥിലാജും | Photo: Special Arrangement
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ രണ്ട് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ വെട്ടേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഭാഗത്തുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചതിനും കോടതി കേസെടുത്തു. നെടുമങ്ങാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതി ഒന്ന് മജിസ്ട്രേട്ട് നിസാമാണ് ഏഴ് ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്കെതിരേ വധശ്രമത്തിനും ആയുധങ്ങളുപയോഗിച്ചതിനുമടക്കം കേസെടുത്തത്.
ആക്രമണസമയത്ത് ഇവരും സ്ഥലത്തുണ്ടായിരുന്നു. കൊലക്കേസിലെ ഒന്നാം പ്രതി സജീബിന്റെ അമ്മ റംലാബീവി, മൂന്നാം പ്രതി സനൽ സിങ് എന്നിവരാണ് പരാതിയുമായി കോടതിയെ സമീപിച്ചത്.
കൊല്ലപ്പെട്ട ഹഖ് മുഹമ്മദിനും മിഥാലാജിനും ഒപ്പമുണ്ടായിരുന്നവരാണ് ഇപ്പോഴത്തെ കേസിലെ പ്രതികൾ. ഡി.വൈ.എഫ്.ഐ. പ്രവർത്തകരായ മാണിക്കൽ ആനക്കുഴി ഹൗസിൽ ഷെഹിൻ(27), ഇടത്തറ ഗാന്ധിനഗർ നിമ്മിഭവനിൽ നിഥിൻ ജോൺ(അപ്പു-30), നെടുവേലി പ്ലാംതോട്ടത്തിൽ വീട്ടിൽ ഷഹീൻ(30), മാണിക്കൽ മണ്ണാംവിള റിജാസ് മൻസിലിൽ മുഹമ്മദ് റിയാസ്(25), തേമ്പാമൂട് കൊതുമല വീട്ടിൽ അജ്മൽ(28), വെമ്പായം മണ്ണുവിള വീട്ടിൽ ഗോകുൽ(28), പേരുമല ആലുവിളവീട്ടിൽ ഫൈസൽ(29) എന്നിവർക്കെതിരേയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചതിന് കേസെടുത്തിട്ടുള്ളത്. ഒന്നാം പ്രതി സജീബ് അടക്കമുള്ളവർക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
കോടതി രണ്ട് തവണ ഈ പരാതികൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വെഞ്ഞാറമൂട് പോലീസിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ സ്വയരക്ഷാർത്ഥമാണ് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ ആക്രമിച്ചതെന്നാണ് പോലീസ് റിപ്പോർട്ട് നൽകിയത്.
ഇത് കോടതി മടക്കിയിട്ടും പോലീസ് ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്കനുകൂലമായാണ് രണ്ടാം റിപ്പോർട്ടും നൽകിയത്.
ഇതോടെ കോടതി കേസെടുത്ത് ഏഴ് പ്രതികൾക്കും വെള്ളയാഴ്ച ഹാജരാകാൻ നോട്ടീസ് അയച്ചു. എന്നാൽ പ്രതികൾ ഹാജരാകാത്തതോടെ കേസ് 27 ലേക്ക് മാറ്റി പ്രതികൾക്ക് വീണ്ടും സമൻസ് അയച്ചു.
ഇരട്ടക്കൊലക്കേസ് പരിഗണിക്കുന്ന ജില്ലാ കോടതിയിലേക്ക് ഈ കേസു കൈമാറുന്നതിനുള്ള നടപടികളും ആരംഭിച്ചു. പ്രതികൾക്ക് വേണ്ടി എൻ.അരവിന്ദാക്ഷൻ നായർ, ദീലീപ് സത്യൻ എന്നിവർ ഹാജരായി.
ആക്രമിച്ചവരെ സാക്ഷികളാക്കി മാറ്റിയെന്ന പരാതിയിൽ നടപടി
തന്റെ മകനെ കാത്തുനിന്ന് ആയുധങ്ങളുപയോഗിച്ച് ആക്രമിച്ചവരെ സാക്ഷികളാക്കി മാറ്റിയെന്ന പരാതിയിലാണ് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ പ്രതികളായത്. സി.സി.ടി.വി. ദൃശ്യങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഒന്നാം പ്രതിയുടെ അമ്മ റംലാബീവിയുടെ പരാതി.
ഒന്നാം പ്രതി സജീബിനെ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ വളഞ്ഞിട്ട് വെട്ടുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു. പ്രതിരോധിക്കുന്നതിനിടെയായിരുന്നു മരണം സംഭവിച്ചതെന്നായിരുന്നു പരാതിയിലെ വാദം. ആക്രമണ ദൃശ്യങ്ങൾ ലഭിച്ചെങ്കിലും തുടക്കം മുതൽ ഡി.വൈ.എഫ്.ഐ. പ്രവർത്തകരെ സംരക്ഷിക്കാനാണ് വെഞ്ഞാറമൂട് പോലീസ് ശ്രമിച്ചതെന്ന് ആരോപണമുണ്ടായിരുന്നു. സംസ്ഥാനത്തൊട്ടാകെ തന്നെ രാഷ്ട്രീയമായി കോളിളമുണ്ടാക്കിയ സംഭവത്തിൽ പോലീസിന്റെ ഇടപെടൽ തുടക്കം മുതൽ തന്നെ ഏകപക്ഷീയമാണെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു.
ഇരട്ടക്കൊലക്കേസിൽ ഒമ്പത് പ്രതികളാണുള്ളത്. സജീബ്, സനൽ, ഉണ്ണി, അൻസർ എന്നിവർക്ക് സംഭവത്തിൽ നേരിട്ടു ബന്ധമുണ്ടെന്നാണ് കുറ്റപത്രം. 2020 ഓഗസ്ത് 30ന് രാത്രി വെഞ്ഞാറമൂടിന് സമീപം തേമ്പാമൂട് ജങ്ഷനിലായിരുന്നു സംഭവം.
Content Highlights: venjaramoodu dyfi activisits murder Mithilaj Haq Muhammad case against dyfi activists witnesses
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..