• നീരജ്, അശ്വിൻ, അതുൽ പ്രശാന്ത്, ഒബത്ത്, അഭിനവ്
വർക്കല: പ്രണയബന്ധത്തിൽനിന്നു പിന്മാറാൻ യുവാവിനെ തട്ടിക്കൊണ്ടുപോയി വിവസ്ത്രനാക്കി മർദിച്ച് എറണാകുളത്ത് റോഡരികിൽ തള്ളിയ കേസിൽ അഞ്ചുപ്രതികൾകൂടി അറസ്റ്റിൽ. ഒളിവിൽക്കഴിഞ്ഞിരുന്ന എറണാകുളം സ്വദേശികളായ പ്രതികൾ വ്യാഴാഴ്ച രാവിലെ 10.30-ഓടെ അയിരൂർ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
രണ്ടാംപ്രതി ഏലൂർ മഞ്ഞുമ്മൽ പനയ്ക്കൽ ഹൗസിൽ അഭിനവ്(18), മൂന്നാംപ്രതി പാലാരിവട്ടം കാട്ടുങ്കൽ ഹൗസിൽ കിക്കി എന്നു വിളിക്കുന്ന ഒബത്ത് (21), നാലാംപ്രതി തൃക്കാക്കര തോപ്പിൽ അമ്പാടിയിൽ അതുൽ പ്രശാന്ത്(22), ആറാം പ്രതി കളമശ്ശേരി മൂലേപാടം റോഡ് കാഞ്ഞിരത്തിങ്ങൽവീട്ടിൽ അശ്വിൻ രാജ്(21), എട്ടാംപ്രതി ഇടപ്പള്ളി ബി.ടി.എസ്. റോഡ് നീരാഞ്ജനത്തിൽ നീരജ്(22) എന്നിവരാണ് കീഴടങ്ങിയത്. ഇവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഒന്നാംപ്രതി ചെറുന്നിയൂർ താന്നിമൂട് സ്വദേശിനി ലക്ഷ്മിപ്രിയ(19), ഒമ്പതാംപ്രതി എറണാകുളം സ്വദേശി അമൽ മോഹൻ(24) എന്നിവർ കഴിഞ്ഞദിവസം പിടിയിലായിരുന്നു.
അഞ്ചാംപ്രതി സൈക്കോ ജോസഫ്, ഏഴാംപ്രതി ഈസ എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. ലക്ഷ്മിപ്രിയയുടെ സുഹൃത്താണ് അഭിനവ്. മറ്റു പ്രതികളെല്ലാം അഭിനവിന്റെ സുഹൃത്തുക്കളാണ്. വർക്കല അയിരൂർ സ്വദേശിയായ യുവാവിനെയാണ് സംഘം ഏപ്രിൽ അഞ്ചിന് തട്ടിക്കൊണ്ടുപോയി മർദിച്ചത്. ലക്ഷ്മിപ്രിയയുമായുള്ള പ്രണയബന്ധത്തിൽനിന്നു പിന്മാറാൻ തയ്യാറാകാത്തതാണ് അക്രമത്തിനു പിന്നിലെന്നാണ് പോലീസ് കേസ്.
യുവാവിനെ ലക്ഷ്മിപ്രിയയും അഭിനവും ഉൾപ്പെട്ട സംഘം കാറിൽ തട്ടിക്കൊണ്ടുപോയാണ് മർദിച്ചത്. കാറിലിട്ട് മർദിക്കുകയും യുവാവിന്റെ മാലയും സ്മാർട്ട് വാച്ചും ഊരിവാങ്ങുകയും 3500 രൂപ ഗൂഗിൾ പേ വഴി കൈക്കലാക്കുകയും ചെയ്തതായും പരാതിയിലുണ്ട്. തുടർന്ന് എറണാകുളം ബൈപ്പാസിന് അടുത്തുള്ള വീട്ടിലെത്തിച്ച് യുവാവിനു ലഹരിവസ്തുക്കൾ നൽകിയശേഷം വിവസ്ത്രനാക്കി മർദിക്കുകയും ദൃശ്യങ്ങൾ യുവതി മൊബൈലിൽ പകർത്തുകയും ചെയ്തു. തുടർന്ന് വൈറ്റില ബസ് സ്റ്റോപ്പിൽ ഉപേക്ഷിച്ചശേഷം സംഘം കടന്നുകളയുകയായിരുന്നുവെന്നാണ് യുവാവ് പോലീസിനു മൊഴി നൽകിയത്.
സംഭവശേഷം രക്ഷപ്പെടാൻ ശ്രമിച്ച ലക്ഷ്മിപ്രിയയും അഭിനവും സഞ്ചരിച്ച കാർ തമ്മനത്ത് വൈദ്യുതത്തൂണിലിടിച്ച് അപകടത്തിൽപ്പെട്ടിരുന്നു. പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിയ അയിരൂർ പോലീസ് ആദ്യം അമൽമോഹനെയും പിന്നീട് കഴക്കൂട്ടം കുളത്തൂരിൽനിന്നു ലക്ഷ്മിപ്രിയയെയും പിടികൂടിയിരുന്നു. പ്രതികളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. തെളിവെടുപ്പിനു പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് അയിരൂർ ഇൻസ്പെക്ടർ സി.എൽ.സുധീർ അറിയിച്ചു.
Content Highlights: varkala ayiroor kidnap and attack case five accused surrendered


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..