പ്രതീകാത്മകചിത്രം | Photo: Mukesh Gupta Reuters
വരാപ്പുഴ: റഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത എക്സൈസ് ഉദ്യോഗസ്ഥൻ എ.ജെ. അനീഷ്, റഷ്യയിലാണെന്നു പറഞ്ഞ് യുവാക്കളെ താമസിപ്പിച്ചത് നാട്ടിലുള്ള വാടക വീട്ടിൽ. റഷ്യയിലെത്തി തൊട്ടടുത്ത ദിവസംതന്നെ നാട്ടിലേക്ക് മടങ്ങേണ്ടി വന്ന വരാപ്പുഴ സ്വദേശികളായ രണ്ട് യുവാക്കളെയാണ് ഇയാൾ മാസങ്ങളോളം പറഞ്ഞു പറ്റിച്ചത്. നോർത്ത് പറവൂർ ആനച്ചാലിലും കോട്ടുവള്ളിയിലും ഞാറയ്ക്കലുമായിട്ടാണ് യുവാക്കളെ താമസിപ്പിച്ചത്. ഇവരാണ് എക്സൈസ് ഉദ്യോഗസ്ഥനും കോട്ടുവള്ളി വാണിയക്കാട് സ്വദേശിയുമായ എ.ജെ. അനീഷിന് ആദ്യം പണം നൽകിയത്. അഞ്ചുലക്ഷം രൂപ വീതമാണ് അനീഷും പങ്കാളിയായ കൊല്ലം സ്വദേശിയും ചേർന്ന് തട്ടിയെടുത്തത്.
തുടർന്ന് യുവാക്കളെ റഷ്യയിലേക്ക് അയച്ചു. ബിസിനസ് വിസയിൽ റഷ്യയിലെത്തിയ യുവാക്കളെ തടഞ്ഞുവെച്ച എയർപോർട്ട് അധികൃതർ തൊട്ടടുത്ത ദിവസംതന്നെ നാട്ടിലേക്ക് തിരിച്ചയച്ചു. കൊച്ചി വിമാനത്താവളത്തിൽ തിരികെ എത്തിയ യുവാക്കളെ അനീഷ് സ്വന്തം വാഹനത്തിൽ പറവൂർക്കെത്തിച്ചു. ആനച്ചാലിലുള്ള ഒരു വീട്ടിൽ താമസിപ്പിച്ചു. റഷ്യയിൽ നിന്നു മടങ്ങിപ്പോന്ന കാര്യം വീട്ടുകാരോടു പോലും പറയരുതെന്നും സാങ്കേതിക പ്രശ്നങ്ങൾ നീക്കി തൊട്ടടുത്ത ദിവസംതന്നെ റഷ്യയിലേക്ക് പോകാനാകുമെന്നും അനീഷ് ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചു.
വീട്ടിൽനിന്നു വിളിച്ച ബന്ധുക്കളോടു പോലും തങ്ങൾ റഷ്യയിലാണെന്നും തൊഴിലിടത്തിലാണെന്നും യുവാക്കൾ കളവുപറഞ്ഞു.
ആനച്ചാലിൽ പന്തിയല്ലെന്നു വന്നതോടെ യുവാക്കളെ ആദ്യം ഞാറയ്ക്കലിലേക്ക് മാറ്റി. തുടർന്ന് കോട്ടുവള്ളി പഞ്ചായത്തിലെ ബ്ലോക്കുപടിയിലുള്ള വീട്ടിലേക്കു മാറ്റി. നാട്ടിൽ ഒളിവിലെന്നോണം ദിവസങ്ങൾ പിന്നിട്ടപ്പോൾ യുവാക്കൾ വീട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനീഷ് അനുവദിച്ചില്ല.
ഒടുവിൽ യുവാക്കൾ വീട്ടുകാരോട് കാര്യം പറഞ്ഞു. അങ്ങനെ യുവാക്കൾക്ക് ബന്ധുക്കളെ കാണാൻ അനീഷ് അവസരമുണ്ടാക്കി. പ്രത്യേക സ്ഥലത്ത് എത്തിച്ചായിരുന്നു കൂടിക്കാഴ്ച. ഉടൻതന്നെ റഷ്യയിലേക്ക് പോകാനാകുമെന്നും അതുവരെ ഇവർ തന്റെയൊപ്പം കഴിയട്ടെയെന്നും അനീഷ് ബന്ധുക്കളെയും പറഞ്ഞു വിശ്വസിപ്പിച്ചു. മാസങ്ങളാണ് പിന്നിട്ടത്. എന്നിട്ടും റഷ്യയിലേക്കുള്ള പോക്ക് നടക്കാതായതോടെ മണ്ണംതുരുത്ത് സ്വദേശിയായ യുവാവ് താമസസ്ഥലത്തുനിന്ന് കടന്നു. പിന്നാലെ അടുത്തയാളും.
മറ്റുള്ളവരിൽനിന്ന് കിട്ടാനുണ്ടായിരുന്ന പണം കൂടി നേടിയെടുക്കുന്നതിനു വേണ്ടിയാണ് അനീഷ് യുവാക്കളെ പുറത്തേക്ക് വിടാതിരുന്നത്. 65-ഓളം പേരിൽ നിന്നായി ലക്ഷക്കണക്കിനു രൂപയാണ് അനീഷും സംഘവും തട്ടിയെടുത്തിട്ടുള്ളത്.
അനീഷിനെതിരേ പോലീസ് കേസെടുക്കുകയും സർവീസിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ട് ആഴ്ചകളായിട്ടും അനീഷിനെ അറസ്റ്റ് ചെയ്യാൻ പോലീസിനു കഴിഞ്ഞിരുന്നില്ല. ഈ സാവകാശം മുതലാക്കി ഇയാൾ കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം വാങ്ങിയിരിക്കുകയാണിപ്പോൾ. അനീഷിനെതിരേ നാല് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നാണക്കേട് ഭയന്നാണ് യുവാക്കൾ വിവരം പുറത്തുപറയാതിരുന്നതെന്നും റഷ്യയിലേക്ക് മടങ്ങിപ്പോകാനാകുമെന്നാണ് അവസാന നിമിഷം വരെ കരുതിയതെന്നും ചതിയിൽപ്പെട്ട യുവാക്കളുടെ ബന്ധുക്കൾ പറഞ്ഞു.
Content Highlights: varappuzha excise officer russia visa scam stay at kochi saying russia
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..