വന്ദേഭാരത് എക്‌സ്പ്രസ്(ഫയൽചിത്രം)
മലപ്പുറം: താനൂരില്‍ വന്ദേഭാരത് എക്‌സ്പ്രസിന് നേരേ കല്ലെറിഞ്ഞെന്ന കേസില്‍ പ്രതി പിടിയില്‍. താനൂര്‍ സ്വദേശിയായ മുഹമ്മദ് റിസ്വാനെ(19)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, ട്രെയിനിന് നേരേ എറിഞ്ഞത് കല്ല് അല്ലെന്നും പൈപ്പ് കൊണ്ട് എറിഞ്ഞുകളിക്കുന്നതിനിടെ അബദ്ധത്തില്‍ പൈപ്പ് ട്രെയിനില്‍ തട്ടിയതാണെന്നുമാണ് പ്രതിയുടെ മൊഴി. ട്രെയിനിന്റെ ചില്ല് തകര്‍ന്നത് കല്ല് കൊണ്ടുള്ള ഏറില്‍ അല്ലെന്ന് പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്.
സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കുന്നതിനിടെ സംഭവിച്ച പിഴവാണെന്നും മനഃപൂര്‍വ്വം ട്രെയിനിന് നേരേ പൈപ്പ് എറിഞ്ഞതല്ലെന്നുമാണ് റിസ്വാന്‍ പോലീസിനോട് പറഞ്ഞിട്ടുള്ളത്. സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചിരിക്കുന്നതിനിടെ തമാശയ്ക്ക് പൈപ്പ് കൊണ്ട് മരത്തിന് നേരേ എറിഞ്ഞിരുന്നു. ഇത് ഉന്നംതെറ്റി ട്രെയിനില്‍ തട്ടിയതാണെന്നും റിസ്വാന്റെ മൊഴിയിലുണ്ട്. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
മേയ് ഒന്നാം തീയതിയാണ് കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരത് എക്‌സ്പ്രസിന് നേരേ കല്ലേറുണ്ടായത്. ട്രെയിനിലെ സി-4 കോച്ചിലെ ജനല്‍ച്ചില്ലില്‍ ഏറുകൊണ്ട് വിള്ളലുണ്ടായിരുന്നു. ട്രെയിന്‍ തിരൂര്‍ പിന്നിട്ടതിന് ശേഷമാണ് കല്ലേറുണ്ടായതെന്നായിരുന്നു ആദ്യവിവരം. എന്നാല്‍, പോലീസ് നടത്തിയ അന്വേഷണത്തില്‍ പരപ്പനങ്ങാടിക്കും തിരൂരിനും ഇടയില്‍ താനൂര്‍ ഭാഗത്തുവെച്ചാണ് സംഭവമുണ്ടായതെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ട്രെയിനിന് നേരേ എറിഞ്ഞത് കല്ല് അല്ലെന്നും പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
Content Highlights: vande bharat express stone pelting case accused arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..