ലഹരിക്കേസില്‍ വധശിക്ഷവരെ കിട്ടും; അറിയാം എന്‍.ഡി.പി.എസ്. നിയമത്തെ കുറിച്ച്


സ്വന്തം ലേഖകന്‍

ലഹരിക്കെതിരേ നിലവിലുള്ള കേന്ദ്രനിയമമാണ് സംസ്ഥാനത്തിനും തുടരാനാകുക. ഇതിനുപകരമായി സംസ്ഥാനത്തിന് മറ്റൊരു നിയമനിര്‍മാണം സാധ്യമാകില്ല

പ്രതീകാത്മക ചിത്രം

എന്‍.ഡി.പി.എസ്. അഥവാ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ്‌ സൈക്കോട്രോപിക് സബ്‌സ്റ്റന്‍സസ്‌ ആക്ട്(ഇന്ത്യ) 1985 പ്രകാരമാണ് ലഹരി മരുന്ന് ഇടപാട് കേസുകളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ കേസെടുക്കുന്നത്. കേന്ദ്രനിയമം ആയതിനാല്‍ തന്നെ ഇത് തന്നെയാണ് സംസ്ഥാനങ്ങളും പിന്തുടരുന്നത്. സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നിയമമില്ല. ഇത് നിലവില്‍ വന്നിട്ട് വര്‍ഷങ്ങളായിട്ടും കര്‍ശന വ്യവസ്ഥകള്‍ നിയമത്തില്‍ പറയുമ്പോഴും എന്തുകൊണ്ട് രാജ്യത്ത് ലഹരി ഉപയോഗത്തിന്റേയും ലഹരി മരുന്ന് വില്‍പ്പനയുടേയും കണക്കുകള്‍ വര്‍ഷാ വര്‍ഷം വര്‍ധിച്ചുവരുന്നുവെന്ന ചോദ്യമാണ് പൊതുസമൂഹത്തില്‍ നിന്നും ഉയര്‍ന്ന് വരുന്നത്.

ഒരു വര്‍ഷം മുതല്‍ മുപ്പത് വര്‍ഷം വരെ തടവും പതിനായിരം രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെ പിഴയും എന്തിന് വധശിക്ഷ വരെ എന്‍ഡിപിഎസ് നിയമത്തില്‍ ശിക്ഷയുണ്ട്. പക്ഷെ ധാരാളം പഴുതുകളുമുണ്ട്. ഇതാണ് കുറ്റവാളികളെ രക്ഷപ്പെടാന്‍ സഹായിക്കുന്നത്. 2015-ല്‍ നിയമം ഭേദഗതി ചെയ്ത് കൂടുതല്‍ കര്‍ശനമാക്കിയിട്ടുമുണ്ട്. മയക്കുമരുന്നിനെ ആശ്രയിക്കുന്ന ആളുകള്‍ക്ക് ചികിത്സയും പരിചരണവും മെച്ചപ്പെടുത്തുന്നതിനും പിടിച്ചെടുത്തവ സംസ്‌ക്കരിക്കുന്നതിനും മയക്കുമരുന്ന് കടത്ത് ആരോപണവിധേയരായ വ്യക്തികളുടെ സ്വത്ത് കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികളും ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.



മയക്കുമരുന്നുകളുടെ കൈവശം വെക്കല്‍, ഉപയോഗം, വില്‍പ്പന തുടങ്ങിയവയാണ് ആക്ടില്‍ പ്രധാനമായി പറയുന്ന കാര്യങ്ങള്‍. 1985ല്‍ ആണ് രാജ്യത്ത് എന്‍.ഡി.പി.എസ്. ആക്ട് നിലവില്‍ വന്നത്. മയക്കുമരുന്ന് നിര്‍മിക്കുക, ഉപയോഗിക്കുക, മറ്റുള്ളവര്‍ക്ക് വിപണനം ചെയ്യുക, പണം കൊടുത്ത് വലിയ അളവില്‍ വാങ്ങുക തുടങ്ങിയവ തടയുക എന്നതാണ് ആക്ട് പ്രാബല്യത്തില്‍ കൊണ്ടുവന്നതിലൂടെ പ്രധാനമായി ഉദ്ദേശിക്കുന്നത്.

മയക്കുമരുന്നിന് അടിമപ്പെട്ട ഒരാള്‍ക്ക് പരിരക്ഷ നല്‍കുവാനും ആക്ടിലെ സെക്ഷന്‍ 64.എ യില്‍ പറയുന്നുണ്ട്. എന്നാല്‍ കോടതിക്ക് മാത്രമാണ് ഇതിനുള്ള അധികാരമുള്ളത്. മയക്കുമരുന്ന് കേസില്‍പ്പെട്ടയാള്‍ ലഹരിക്ക് അടിമയാണെങ്കില്‍ ലഹരിവിമുക്ത ചികിത്സയ്ക്ക് തയ്യാറാണെന്ന് സമ്മതിച്ചാല്‍ മാത്രമാണ് നിയമപരിരക്ഷ ലഭിക്കുക. ചെറിയ അളവില്‍ മാത്രമാണ് ലഹരി കൈവശമുള്ളതെങ്കില്‍ മാത്രമാണ് പരിരക്ഷ ലഭിക്കുക.

എന്‍.ഡി.പി.എസ്. ആക്ട് പ്രകാരമുള്ള കേസുകളില്‍ കുറ്റകൃത്യങ്ങളുടെ ഗൗരവം അനുസരിച്ചാണ് ശിക്ഷാ നടപടികള്‍ തീരുമാനിക്കുന്നത്. വധശിക്ഷയാണ് ഇത്തരം കേസുകളില്‍ പരമാവധി നല്‍കുന്ന ശിക്ഷ. മയക്കുമരുന്ന് വലിയ അളവില്‍ വിപണനത്തിന് ഉപയോഗിക്കുന്നവര്‍ക്കാണ് വധശിക്ഷ പോലും കിട്ടാവുന്ന കുറ്റമായി കണക്കാക്കുക.

നിരോധിക്കപ്പെട്ട മയക്കുമരുന്ന് ഉപയോഗിക്കുക മാത്രം ചെയ്തവര്‍ക്ക് ജാമ്യം നല്‍കുവാനും ആക്ട് അനുസരിച്ച് സാധ്യതയുണ്ട്. ഉപയോഗിച്ചയാള്‍ ഇതിന്റെ വ്യാപാരവുമായി ഇടപെടാത്ത ആളാണെങ്കിലാണ് ജാമ്യം ലഭിക്കുക. എന്നാല്‍ ഇതിനും കോടതിയില്‍ ബോണ്ട് ഉള്‍പ്പെടെ സമര്‍പ്പിക്കേണ്ടതുണ്ട്.

2015-ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി അനുസരിച്ച് ഇത്തരം നിരോധിത മയക്കുമരുന്നുകളുടെ പട്ടികയില്‍ ഏതൊക്കെ ഉള്‍പ്പെടും എന്ന് എപ്പോള്‍ വേണമെങ്കില്‍ ഭേദഗതി ചെയ്യാം. മെഫെഡ്രോണ്‍ ഉപയോഗം രാജ്യത്ത് യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചതോടെ ഇതിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ലഹരിക്കെതിരേ നിലവിലുള്ള കേന്ദ്രനിയമമാണ് സംസ്ഥാനത്തിനും തുടരാനാകുക. ഇതിനുപകരമായി സംസ്ഥാനത്തിന് മറ്റൊരു നിയമനിര്‍മാണം സാധ്യമാകില്ല. ഇതാണ് പ്രതിസന്ധിയും. പിടിക്കപ്പെടുന്ന ലഹരിമരുന്നിന്റെ അളവിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം നല്‍കുന്നതടക്കമുള്ള നടപടികള്‍. പലപ്പോഴും നിയമത്തിലുള്ള പഴുതുകള്‍ മൂലം ചെറിയ ശിക്ഷമാത്രമായോ പ്രതികള്‍ രക്ഷപ്പെടാനോ കാരണമാകുന്നുണ്ട്. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ലഹരിവ്യാപനം തടയാനും കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനും കഴിയുന്ന വിധത്തില്‍ നിയമഭേദഗതിക്ക് കേരളം ഇടപെടല്‍ നടത്തും.

ശിക്ഷയിങ്ങനെ
..................................

പിടിച്ചെടുക്കപ്പെടുന്ന മയക്കുമരുന്നിന്റെ അളവനുസരിച്ചാണ് എന്‍ഡിപിഎസ്. നിയമപ്രകാരമുള്ള ശിക്ഷ തീരുമാനിക്കുന്നത്. ഇനിപ്പറയുന്ന ഭേദഗതികളും നിയമത്തില്‍ വരുത്തിയിട്ടുണ്ട്. അതിന്‍പ്രകാരം പിടിച്ചെടുക്കുന്ന മയക്കു മരുന്നുകളുടെ അളവിന്റെ അടിസ്ഥാനത്തില്‍ ശിക്ഷകള്‍ മൂന്നു തരത്തില്‍ വിഭജിച്ചിട്ടുണ്ട്, അതോടൊപ്പം, ശിക്ഷയുടെ കാഠിന്യം സംബന്ധിച്ച കാര്യങ്ങളില്‍ കോടതിക്ക് വിവേചനാധികാരമുണ്ട്.

കഞ്ചാവിനെ സംബന്ധിച്ച ഉദാഹരണം നോക്കിയാല്‍, ഏതെങ്കിലും കഞ്ചാവ് ചെടി വളര്‍ത്തുന്നതിയതായി കണ്ടെത്തിയാല്‍, 10 വര്‍ഷം വരെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാം.

കൂടാതെ, കഞ്ചാവിന്റെ ഉത്പാദനം, നിര്‍മാണം, കൈവശം വയ്ക്കല്‍, വില്‍പ്പന, വാങ്ങല്‍, കഞ്ചാവുമായി ബന്ധപ്പെട്ട ഗതാഗതം, അനധികൃതമായ കടത്ത് എന്നിവ പിടിച്ചെടുത്ത കഞ്ചാവിന്റെ അളവിനെ അടിസ്ഥാനമാക്കി ശിക്ഷ നിശ്ചയിക്കും. അങ്ങനെ നോക്കുമ്പോള്‍, ചെറിയ അളവില്‍ കഞ്ചാവ് പിടിച്ചെടുക്കുന്നതിനുള്ള ശിക്ഷ ഒരു വര്‍ഷം വരെ കഠിന തടവും 10,000 രൂപ വരെ പിഴയുമാണ്.

പിടിച്ചെടുക്കല്‍ വാണിജ്യ അളവിനേക്കാള്‍ കുറവാണെങ്കിലും നിയമപ്രകാരം കണക്കാക്കിയിരിക്കുന്ന ചെറിയ അളവിനേക്കാള്‍ കൂടുതലാണ് എന്ന് കണ്ടെത്തിയാല്‍, കുറ്റവാളിക്ക് 10 വര്‍ഷം വരെ കഠിന തടവും പിഴയിനത്തില്‍ കുറ്റവാളിയില്‍ നിന്ന് ഒരു ലക്ഷം രൂപ വരെയും ഈടാക്കാം.

അതേസമയം വാണിജ്യപരമായ അളവില്‍ കഞ്ചാവ് കൈവശം വച്ചതായി കണ്ടെത്തിയാല്‍ 10 വര്‍ഷത്തില്‍ കുറയാത്തതും എന്നാല്‍ 20 വര്‍ഷം വരെ നീട്ടാവുന്നതുമായ കഠിനമായ തടവു ശിക്ഷയും ഒപ്പം പിഴയിനത്തില്‍ ഒരു ലക്ഷം രൂപയില്‍ കുറയാത്തതും രണ്ട് ലക്ഷം രൂപ വരെയുള്ള തുകയും ഈടാക്കാവുന്നതാണ്. അതു പോലെ തന്നെ കോടതിക്ക് രണ്ട് ലക്ഷം രൂപയില്‍ കൂടുതല്‍ പിഴ ഈടാക്കാനും. അധികാരമുണ്ടെന്നാണ് നിയമം പറയുന്നത്.

സെക്ഷന്‍ 27 അനുസരിച്ച് ഏതെങ്കിലും മയക്കുമരുന്ന് അല്ലെങ്കില്‍ ലഹരി പദാര്‍ഥം കഴിക്കുന്നതിനുള്ള ശിക്ഷയും ഈ നിയമത്തിന്റെ പരിധിയിലാണ് വരുന്നത്. മയക്കുമരുന്ന് ഉപയോഗിക്കുമ്പോള്‍ കൊക്കെയ്ന്‍, മോര്‍ഫിന്‍, ഡയസെറ്റൈല്‍മോര്‍ഫിന്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും മയക്കുമരുന്ന് അല്ലെങ്കില്‍ ഏതെങ്കിലും ലഹരി പദാര്‍ഥം തുടങ്ങിയ മാനദണ്ഡങ്ങള്‍ പ്രകാരം ശിക്ഷ 'ഒരു വര്‍ഷം വരെ കഠിനതടവ് അല്ലെങ്കില്‍ ഇരുപതിനായിരം രൂപ വരെ പിഴയോടുകൂടിയ കഠിന തടവ് തുടങ്ങിയവയായി ഉള്‍പ്പെടുന്നു.

മുകളില്‍ പറഞ്ഞിരിക്കുന്ന പട്ടികയില്‍പ്പെടാത്ത ഏതെങ്കിലും മയക്കുമരുന്ന് ആണ് കണ്ടെടുക്കുന്നത് എങ്കില്‍ ആറു മാസത്തെ തടവും 10,000 രൂപ വരെയുള്ള പിഴയും പ്രതിയില്‍ നിന്ന് ഈടാക്കാവുന്നതാണ്.

റവന്യൂ വകുപ്പിന്റെ അഭിപ്രായത്തില്‍ ഒരു കിലോഗ്രാം വരെ കഞ്ചാവ് കൈവശം വയ്ക്കുന്നത് ചെറിയ അളവും അതിന് മുകളില്‍ 20 കിലോ വരെ മീഡിയം അളവും, 20 കിലോഗ്രാമോ അതില്‍ കൂടുതലോ ആണെങ്കില്‍ വാണിജ്യ അളവുമായാണ് കണക്കാക്കുന്നത്.

ചരസ് / ഹാഷിഷ് തുടങ്ങിയ ലഹരി പദാര്‍ഥങ്ങളുടെ കാര്യത്തില്‍, ചെറിയ അളവ് എന്ന് കണക്കാക്കുന്നത് 100 ഗ്രാം വരെയാണ്. അതേസമയം വാണിജ്യ അളവ് എന്ന കണക്കില്‍ വരുമ്പോള്‍ അത് ഒരു കിലോയോ അതില്‍ കൂടുതലോ ആണ്. എന്‍.ഡി.പി.എസ്. നിയമപ്രകാരം നിരോധിച്ചിട്ടുള്ള മറ്റ് വിവിധ മയക്കുമരുന്ന് വിഭാഗങ്ങള്‍ക്കും ഇത്തരത്തില്‍ പ്രത്യേക ചെറിയ./ വാണിജ്യ അളവ് എന്ന പരിധികള്‍ നിശ്ചയിച്ചിട്ടുണ്ട്.

Content Highlights: valicheriyoo vishalokam ndps act anti drugs campaign


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented