എട്ടാംക്ലാസുകാരിയെ ഉപയോഗിച്ച് ലഹരിക്കടത്ത്: ഞെട്ടലില്‍ അഴിയൂര്‍, പെണ്‍കുട്ടിയുടെ മൊഴിയെടുത്തു


മാഹി കേന്ദ്രീകരിച്ച് നേരത്തെ മദ്യക്കടത്തും നികുതിവെട്ടിച്ചുള്ള കോഴിക്കടത്തും നടത്തിയിരുന്ന ചിലരും ഈ മേഖലയിലേക്ക് തിരിഞ്ഞിട്ടുണ്ട്. തീരദേശമേഖലയിലാണ് ഇവര്‍ പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

Screengrab: Mathrubhumi News

വടകര: അഴിയൂരില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് നല്‍കി ഭീഷണിപ്പെടുത്തി ലഹരിക്കടത്തിന് ഉപയോഗിച്ചതായ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പോലീസ് വീണ്ടും പെണ്‍കുട്ടിയുടെ മൊഴിയെടുത്തു.

കൗണ്‍സിലിങ്ങിലൂടെയാണ് കുട്ടിയില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇതിനൊപ്പംതന്നെ കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരില്‍നിന്നെല്ലാം പോലീസ് മൊഴിയെടുക്കുന്നുണ്ട്. മൊഴികളെല്ലാം വിശദമായി പരിശോധിച്ചശേഷമായിരിക്കും തുടര്‍നടപടികള്‍.

കുട്ടികള്‍ മയക്കുമരുന്ന് എത്തിച്ചതായി പറയുന്ന തലശ്ശേരിയിലെ മാളിലെയും മറ്റും സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. നിര്‍ണായക വിവരങ്ങള്‍ ഇതിലൂടെ കിട്ടുമെന്നാണ് പ്രതീക്ഷ. കേസന്വേഷണം വടകര ഡിവൈ.എസ്.പി. ആര്‍. ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തിന് കൈമാറി.

എക്സൈസ് വകുപ്പുമന്ത്രി എം.ബി. രാജേഷിന്റെ നിര്‍ദേശപ്രകാരം എക്സൈസും അന്വേഷണം ഊര്‍ജിതമാക്കി. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ വി. രാജേന്ദ്രന്‍, എക്‌സൈസ് ഐ.ബി. അസിസ്റ്റന്റ് കമ്മിഷണര്‍ വൈ. ഷിബു എന്നിവര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. നേരത്തേ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്സോ വകുപ്പുപ്രകാരം അഴിയൂര്‍ സ്വദേശിക്കെതിരേ കേസെടുത്തിരുന്നു. മയക്കുമരുന്ന് നല്‍കിയതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയതായ വിവരം വീട്ടുകാര്‍ അറിഞ്ഞത് കഴിഞ്ഞ 24-നാണെന്ന് കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. അന്ന് സ്‌കൂളിലെ ശൗചാലയത്തില്‍ പൂര്‍ണമായും നനഞ്ഞൊലിച്ച് കുട്ടി നില്‍ക്കുന്നത് അധ്യാപിക കണ്ടിരുന്നു. ഇത് വീട്ടുകാരെ അറിയിച്ചു. വീട്ടിലെത്തിയശേഷമാണ് ഒരു ചേച്ചി തനിക്ക് ബിസ്‌കറ്റ് തരാറുണ്ടെന്നും മയക്കത്തില്‍ ആകാറുണ്ടെന്നും കുട്ടി പറഞ്ഞത്.

ഭയപ്പെടുത്തുന്നു-കോടതി

പതിമ്മൂന്നുകാരിയെപ്പോലും മയക്കുമരുന്ന് കടത്തിന് ഉപയോഗിക്കുന്നത് ഭയപ്പെടുത്തുന്നതാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. കേരളസര്‍വകലാശാലയില്‍ പുറത്താക്കിയ സെനറ്റംഗങ്ങളുടെ കേസ് കേള്‍ക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.

ലഹരിക്കെതിരേ പ്രതിരോധം തീര്‍ക്കാന്‍ അഴിയൂര്‍

അഴിയൂര്‍: ലഹരിമാഫിയ മയക്കുമരുന്ന് നല്‍കി ലഹരിക്കടത്തിന് ഉപയോഗിച്ചെന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ലഹരിക്കെതിരേ പ്രതിരോധം തീര്‍ക്കാന്‍ അഴിയൂര്‍. ബുധനാഴ്ച രാവിലെ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ വി. രാജേന്ദ്രന്റെ നേതൃത്വത്തില്‍ കുട്ടി പഠിക്കുന്ന സ്‌കൂളില്‍ യോഗംചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. തുടര്‍പദ്ധതികള്‍ ആസൂത്രണംചെയ്തു.

വൈകീട്ട് അഴിയൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗവും ചേര്‍ന്നു. പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നു. ക്ലാസ് തിരിച്ച് ബോധവത്കരണം നടത്തും സ്‌കൂളില്‍ ലഹരിക്കെതിരേയുള്ള ബോധവത്കരണം ശക്തമാക്കുന്നതിനൊപ്പം ആരെങ്കിലും ലഹരിയുടെ വലയില്‍പ്പെട്ടിട്ടുണ്ടോ എന്ന് മനസ്സിലാക്കാനും നടപടി സ്വീകരിക്കാന്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. എല്ലാ ക്ലാസുകളിലും ബോധവത്കരണം നടത്തും. ആവശ്യമുള്ള കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്‍കും. പി.ടി.എ. പ്രതിനിധികള്‍, അധ്യാപകര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ജനപ്രതിനിധികള്‍ എന്നിവരെല്ലാം യോഗത്തില്‍ സംബന്ധിച്ചു. ലഹരിമാഫിയക്കെതിരേയുള്ള നടപടികള്‍ ശക്തമാക്കുമെന്നും ഡെപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞു. ഇതിനായി ജനകീയപിന്തുണ തേടും. സ്‌കൂള്‍പരിസരത്ത് കൃത്യമായ നിരീക്ഷണമുണ്ടാകും.

ജാഗ്രതാസമിതികളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനും തീരുമാനമായി. പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍, വാര്‍ഡ് മെമ്പര്‍ സീനത്ത് ബഷീര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വേണു തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

ഞെട്ടലില്‍ അഴിയൂര്‍; കഞ്ചാവുമുതല്‍ ന്യൂജെന്‍ മയക്കുമരുന്നുവരെ

വടകര: അഴിയൂര്‍ മേഖലയില്‍ മയക്കുമരുന്ന് മാഫിയക്ക് വഴിയൊരുക്കിയത് പഴയ കഞ്ചാവുസംഘങ്ങളെന്ന നിഗമനത്തില്‍ എക്‌സൈസ്. അഴിയൂര്‍, പൂഴിത്തല എന്നിവിടങ്ങളില്‍ വര്‍ഷങ്ങള്‍ക്കുമുമ്പേതന്നെ കഞ്ചാവ് വില്‍ക്കുകയും കടത്തുകയും ചെയ്യുന്ന ചില സംഘങ്ങളുണ്ട്. ഇവര്‍ വഴിയാണ് ന്യൂജെന്‍ മയക്കുമരുന്നുസംഘങ്ങള്‍ ഇവിടേക്ക് പിടിമുറുക്കിയതെന്നാണ് വിവരം.

ഒപ്പംതന്നെ മാഹി കേന്ദ്രീകരിച്ച് നേരത്തെ മദ്യക്കടത്തും നികുതിവെട്ടിച്ചുള്ള കോഴിക്കടത്തും നടത്തിയിരുന്ന ചിലരും ഈ മേഖലയിലേക്ക് തിരിഞ്ഞിട്ടുണ്ട്. തീരദേശമേഖലയിലാണ് ഇവര്‍ പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. തലശ്ശേരിയില്‍നിന്ന് സംഘങ്ങള്‍ ഇവിടെയെത്തുന്നതായി വിവരമുണ്ട്. ഇപ്പോള്‍ സ്‌കൂള്‍കുട്ടികളെവരെ ഇരയാക്കിയതായ വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ നാട്ടുകാരെപ്പോലെത്തന്നെ ഞെട്ടലിലാണ് എക്‌സൈസും.

കഞ്ചാവ് മാഫിയയുടെ സാന്നിധ്യം ഈ മേഖലയില്‍ ഉണ്ടെന്ന് അറിയാവുന്നതുകൊണ്ടുതന്നെ എക്‌സൈസിന്റെ ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ സജീവമായിരുന്നു. ഏതാനും മാസംമുമ്പ് ചില വിദ്യാര്‍ഥികള്‍ കഞ്ചാവ് ഉപയോഗിച്ചതായ വിവരം എക്‌സൈസിന് ലഭിച്ചിരുന്നു. വോയ്സ് ക്ലിപ്പ് വഴിയാണ് ഈ വിവരം പുറത്തായത്.

ഇതറിഞ്ഞയുടന്‍ കൃത്യമായ ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഈ മേഖലയിലെ സ്‌കൂളുകളില്‍ ഉള്‍പ്പെടെ ബോധവത്കരണം ശക്തമാക്കി. എന്നാല്‍, എട്ടാംക്ലാസുകാരിക്ക് മയക്കുമരുന്ന് നല്‍കി കാരിയറാക്കിയെന്ന വിവരം മാധ്യമങ്ങള്‍വഴിയാണ് എക്‌സൈസും അറിയുന്നത്. ഇത് വലിയ വീഴ്ചയായാണ് കണക്കാക്കപ്പെടുന്നത്. പ്രാദേശികപിന്തുണ ഉറപ്പാക്കാന്‍ എക്‌സൈസ് മയക്കുമരുന്നുസംഘങ്ങളുടെ പോക്കുവരവുകള്‍ നിരീക്ഷിച്ച് കൃത്യമായ വിവരം ലഭ്യമാക്കാന്‍ എക്‌സൈസ് പ്രാദേശികമായ പിന്തുണതേടും.

വ്യാപാരികള്‍, ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍, ചുമട്ടുതൊഴിലാളികള്‍ തുടങ്ങി ടൗണുമായി എല്ലാ സമയവും ബന്ധപ്പെടുന്നവരുടെ യോഗം പ്രത്യേകമായി അടുത്തദിവസംമുതല്‍ വിളിച്ചുചേര്‍ക്കുമെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ വി. രാജേന്ദ്രന്‍ പറഞ്ഞു. ഇവരുടെകൂടി പിന്തുണയോടെയായിരിക്കും ഇനിയുള്ള നടപടികള്‍.

അഴിയൂര്‍ സംഭവം ഒറ്റപ്പെട്ടതല്ല -മുല്ലപ്പള്ളി

ഒഞ്ചിയം: അഴിയൂരില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ മയക്കുമരുന്നു നല്‍കിയശേഷം കാരിയറായി ഉപയോഗിച്ച സംഭവം ഒറ്റപ്പെട്ടതല്ലെന്ന് കെ.പി.സി.സി. മുന്‍പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. മയക്കുമരുന്നുസംഘങ്ങളുടെ പൂര്‍ണനിയന്ത്രണം ഭരണകക്ഷിയിലെ ഒരു പ്രമുഖ യുവജനവിഭാഗത്തിനാണ്. അഴിയൂര്‍ സംഭവത്തിലും ഇത് വ്യക്തമായിക്കഴിഞ്ഞു. പോലീസില്‍ അവിഹിത ഇടപെടല്‍ നടത്തുകയും ചോമ്പാല പോലീസ് സ്റ്റേഷനില്‍നിന്ന് പ്രതിയെ പൊടുന്നനെ ഇറക്കിക്കൊണ്ടുപോവുകയും ചെയ്തത് ആരുടെ ഇടപെടല്‍മൂലമാണെന്ന് വിശദീകരിക്കണം.

ഇളംതലമുറയെ സര്‍വനാശത്തിലേക്ക് വലിച്ചുകൊണ്ടുപോകുന്ന മയക്കുമരുന്നു വ്യാപനത്തിനെതിരേ രാഷ്ട്രീയപരിഗണനകള്‍ക്കപ്പുറം സമൂഹത്തിന്റെ കൂട്ടായ ജാഗ്രതവേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlights: vadakara azhiyur girl drugs case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented