പ്രതീകാത്മക ചിത്രം | Getty Images
വടകര: അഴിയൂരില്‍ ലഹരിക്കടത്തിന് വിദ്യാര്‍ഥിനിയെ ഉപയോഗിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നതായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍. പെണ്‍കുട്ടി ഭാവനയിലുള്ള കാര്യങ്ങളാണ് പറയുന്നതെന്ന് വരുത്തിത്തീര്‍ത്ത് പ്രതികളെ രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുന്നത് സംശയാസ്പദമാണെന്ന് പെണ്‍കുട്ടിയുടെ മാതാവും പിതൃമാതാവും മാധ്യമങ്ങളോട് പറഞ്ഞു.
എട്ടാംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി വ്യക്തമായ മൊഴിനല്‍കിയിട്ടും ലഹരിസംഘത്തിലേക്ക് അന്വേഷണമെത്താതെ പോലീസ് സംരക്ഷണം തീര്‍ക്കുകയാണെന്ന് ഇവര്‍ ആരോപിച്ചു. മൊബൈലില്‍ കണ്ട ചില കാര്യങ്ങളാണ് നടന്ന സംഭവമെന്ന രീതിയില്‍ പെണ്‍കുട്ടി പറയുന്നതെന്ന വിചിത്രമായ കണ്ടെത്തലാണ് കഴിഞ്ഞദിവസം വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു.
കുട്ടിയെ മയക്കുമരുന്ന് മണപ്പിച്ച യുവാവിനെയും ലഹരിമരുന്ന് ചേര്‍ത്ത ബിസ്‌കറ്റ് നല്‍കിയ യുവതിയെയും വിശദമായി ചോദ്യംചെയ്യാനും സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കാനും പോലീസ് തയ്യാറാവണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
നിലവിലുള്ള അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ഉന്നതതല അന്വേഷണം വേണമെന്നുമാണ് ഇവര്‍ ആവശ്യപ്പെട്ടത്. തലശ്ശേരിയിലേക്ക് ലഹരിയെത്തിക്കാന്‍ വിദ്യാര്‍ഥിനികളെ ഉപയോഗിച്ച സംഭവത്തില്‍ നിജസ്ഥിതി അറിയാന്‍ പോലീസ് ഒന്നുംചെയ്യുന്നില്ലെന്നും മാതാവ് പറഞ്ഞു.
'ഇനിയൊരു പെണ്‍കുട്ടിക്കും ഈ ഗതി വരരുത്'
വടകര: വിദ്യാര്‍ഥിനിയുടെ പിതൃമാതാവ് മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ പലതവണ പറഞ്ഞുകൊണ്ടിരുന്ന വാക്കുകളാണിത്. നിഷ്‌കളങ്കമായ പ്രായത്തില്‍ ഒരു പെണ്‍കുട്ടിയുടെ ജീവിതം മാറിമറയുന്നത് കണ്ടുനില്‍ക്കേണ്ടിവന്ന ഒരു വയോധികയുടെ വാക്കുകള്‍. ഇനിയൊരു പെണ്‍കുട്ടിക്കും ഈ ഗതി വരരുത് എന്നാണ് അവര്‍ പറയുന്നത്.
സ്‌കൂളിന് സമീപംവെച്ച് പെണ്‍കുട്ടിയെക്കൊണ്ട് യുവാവ് മൂക്കിലൂടെ പൊടിവലിപ്പിച്ചു എന്നുപറയുന്ന ദിവസം തന്റെ കൊച്ചുമകളുടെ അവസ്ഥ കണ്ട ഞെട്ടലില്‍നിന്ന് അവര്‍ ഇനിയും മാറിയിട്ടില്ല. ലഹരിയുടെ മാരകപ്രഹരം താങ്ങാനാവാതെ പൈപ്പില്‍നിന്ന് വെള്ളമെടുത്ത് പെണ്‍കുട്ടി തലയിലൂടെ ഒഴിക്കുകയായിരുന്നു.
ടോയ്ലറ്റില്‍നിന്ന് ഏറെനേരം കഴിഞ്ഞിട്ടും ഇറങ്ങാതായതായതോടെയാണ് സംഭവം പുറത്തറിയുന്നത്. ബന്ധുക്കള്‍ സ്‌കൂളിലെത്തുമ്പോള്‍ നനഞ്ഞ യൂണിഫോമിട്ട് നില്‍ക്കുകയായിരുന്നു അവള്‍. ക്ഷീണിച്ചവശയായ കുട്ടിയെയാണ് കണ്ടതെന്നും ഇവര്‍ പറയുന്നു.
ഇത്തരം സംഭവങ്ങളുണ്ടായാല്‍ കുറ്റക്കാരെ കണ്ടെത്താനാണ് എല്ലാവരും ശ്രമിക്കേണ്ടത്. സ്ഥാപനത്തിന്റെ പേര് ചീത്തയാവാതിരിക്കാന്‍ തെറ്റുകള്‍ മൂടിവെക്കരുതെന്നും ഇനിയൊരു കുട്ടിക്കും ഈ ഗതി വരരുതെന്നും കരഞ്ഞുകൊണ്ട് അവര്‍ പറയുന്നു.
Content Highlights: vadakara azhiyoor girl drugs case relatives allegation against police investigation
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..