'ബിസ്‌ക്കറ്റുമായി ചേച്ചി വരും, ഇക്കാക്ക മൂക്കിലേക്ക് വെളുത്തപൊടി അടിച്ചു, ലഹരി'; 13-കാരി പറയുന്നു


By സ്വന്തം ലേഖിക

2 min read
Read later
Print
Share

ഇക്കാക്ക എന്റെ കാലില്‍ ഒരു ഗുണനചിഹ്നം വരച്ചിരുന്നു അതേ അടയാളവുമായി എത്തുന്ന ആള്‍ക്ക് കൊടുക്കണം എന്നാണ് പറഞ്ഞത്. അവിടെ എത്തിയപ്പോള്‍ കാലിലെ ചിഹ്നം കണ്ട് ഒരു ചേട്ടന്‍ വന്നു. അതേ അടയാളം അയാളുടെ ദേഹത്തുമുണ്ടായിരുന്നു. സാധനം വാങ്ങി ആ ചേട്ടന്‍ പോയി.

പ്രതീകാത്മക ചിത്രം | Getty Images

കോഴിക്കോട്: ലഹരിമാഫിയ കാരിയറായി ഉപയോഗിച്ചെന്ന വെളിപ്പെടുത്തല്‍ നടത്തിയ എട്ടാംക്ലാസുകാരി പുറത്തുവിട്ടത് ഞെട്ടിക്കുന്നവിവരങ്ങള്‍. വടകര അഴിയൂരിലെ 13 വയസ്സുകാരിയാണ് പ്രദേശത്ത് പിടിമുറുക്കിയ മയക്കുമരുന്ന് സംഘത്തെക്കുറിച്ചും ലഹരിക്കൈമാറ്റത്തെക്കുറിച്ചും തുറന്നുപറഞ്ഞത്. പതിവായി ബിസ്‌ക്കറ്റ് നല്‍കി ഒരു ചേച്ചിയാണ് ആദ്യം ലഹരിനല്‍കിയതെന്നും പിന്നീട് യുവതിയും ഇവരുടെ ആണ്‍സുഹൃത്തും ചേര്‍ന്ന് ലഹരിമരുന്ന് മറ്റൊരിടത്ത് എത്തിക്കാന്‍ നിര്‍ബന്ധിച്ചെന്നുമാണ് എട്ടാംക്ലാസുകാരിയുടെ വെളിപ്പെടുത്തല്‍. നടുക്കുന്ന സംഭവങ്ങളെക്കുറിച്ച് പെണ്‍കുട്ടി പറയുന്നത് ഇങ്ങനെ:-

'' സ്‌കൂളില്‍ ഒപ്പം കബഡി പ്രാക്ടീസ് ചെയ്തിരുന്ന മറ്റൊരു കുട്ടിയാണ് ഒരു ദിവസം ഒരു ചേച്ചിയെ പരിചയപ്പെടുത്തിയത്. അന്ന് അവര്‍ സ്‌നേഹത്തോടെ ഒരു ബിസ്‌ക്കറ്റ് നല്‍കുകയും കൂട്ടുകാരിയുടെ സുഹൃത്തായതിനാല്‍ ആ ബിസ്‌ക്കറ്റ് കഴിക്കുകയും ചെയ്തു. പിന്നീടുള്ള ദിവസങ്ങളിലും ബിസ്‌ക്കറ്റുമായി ചേച്ചിയെത്തി. അത് വാങ്ങി കഴിക്കുകയും ചെയ്തു.

ബിസ്‌ക്കറ്റിനെക്കുറിച്ച് സംശയം തോന്നിയെങ്കിലും അത് ലഹരിവസ്തു ചേര്‍ത്ത ബിസ്‌ക്കറ്റാണെന്ന് തിരിച്ചറിഞ്ഞത് പിന്നീടാണ്. ഒരു ദിവസം ഈ ചേച്ചി സ്‌കൂളിനടുത്തെ ആയുര്‍വേദ ക്ലിനിക്കിനടുത്തെ ഇടവഴിയിലേക്ക് കൂട്ടി കൊണ്ടുപോയി. അവിടെവെച്ച് ചേച്ചി തന്റെ ബോയ്ഫ്രണ്ടാണെന്ന് പറഞ്ഞ് ഒരു ഇക്കാക്കയെ പരിചയപ്പെടുത്തി. ആ ഇക്കാക്കയാണ് മൂക്കിലേക്ക് വെളുത്തപൊടി അടിച്ചുതന്നത്. പിന്നീട് ഇത് പലദിവസങ്ങളിലും ആവര്‍ത്തിച്ചു.

ഇതിനിടെ, ഒരു സാധനം തന്നാല്‍ ഒരു സ്ഥലത്ത് കൊണ്ടുകൊടുക്കുമോ എന്ന് പലതവണ ചോദിച്ചെങ്കിലും ഒഴിഞ്ഞുമാറുകയായിരുന്നു. ഒരു ദിവസം ഇതേ ഇക്കാക്ക കൈയില്‍ സിറിഞ്ച് കുത്തി തന്നു.

രണ്ടാഴ്ച മുമ്പ് ഒരു ചെറിയ കുപ്പിയില്‍ ഒരു സാധനം കാണിച്ചു. ഒരു പൊതി തരാം അത് തലശ്ശേരി എത്തിക്കണം, കൊണ്ടുപോയില്ലെങ്കില്‍ കുപ്പിയിലുള്ള വസ്തു ശരീരത്തില്‍ ഒഴിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഭയന്നാണ് സാധനം കൊണ്ടു പോകാന്‍ തയ്യാറായത്. കൂട്ടുകാരുടെ വീട്ടില്‍ പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍നിന്നിറങ്ങിയത്. തുടര്‍ന്ന് കൂട്ടൂകാര്‍ക്കൊപ്പം അഴിയൂരില്‍നിന്ന് ബസ്സില്‍ തലശ്ശേരിയിലേക്ക് പോയി. തലശ്ശേരിയിലെ മാളില്‍വെച്ചാണ് സാധനം കൈമാറിയത്.

പോകുന്നതിന് മുമ്പ് ഇക്കാക്ക എന്റെ കാലില്‍ ഒരു ഗുണനചിഹ്നം വരച്ചിരുന്നു അതേ അടയാളവുമായി എത്തുന്ന ആള്‍ക്ക് കൊടുക്കണം എന്നാണ് പറഞ്ഞത്. അവിടെ എത്തിയപ്പോള്‍ കാലിലെ ചിഹ്നം കണ്ട് ഒരു ചേട്ടന്‍ വന്നു. അതേ അടയാളം അയാളുടെ ദേഹത്തുമുണ്ടായിരുന്നു. സാധനം വാങ്ങി ആ ചേട്ടന്‍ പോയി. പിന്നീട് താന്‍ കൂട്ടുകാരോടൊപ്പം തിരിച്ചുപോന്നു'- പെണ്‍കുട്ടി പറഞ്ഞു.

ഒരു കട്ടയും പൊടിയുമാണ് തന്റെ കൈയില്‍ കൊടുത്തുവിട്ട പാക്കറ്റില്‍ ഉണ്ടായിരുന്നതെന്നാണ് പെണ്‍കുട്ടി പറയുന്നത്. തന്റെ സ്‌കൂളിലെ കുറേ കുട്ടികള്‍ ഇതേ സാധനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും സാധനം എത്തിച്ചുനല്‍കുന്ന ചേച്ചിയുടേയോ ചേട്ടന്റെയോ ഫോണ്‍ നമ്പര്‍ അറിയില്ലെന്നും കുട്ടി പറയുന്നു.

ഒരോ തവണയും കാണുമ്പോള്‍ അടുത്ത തവണ കാണുന്ന സമയം പറയും. അങ്ങനെയാണ് ലഹരിമരുന്ന് കിട്ടിയിരുന്നത്. ഒരിക്കല്‍ പോലും പണം കൊടുത്തിട്ടില്ലെന്നും സാധനം കൊണ്ടുപോകാന്‍ തന്നെ നിര്‍ബന്ധിക്കുമായിരുന്നുവെന്നും എട്ടാംക്ലാസുകാരി പറഞ്ഞു.

കഴിഞ്ഞദിവസം നാല് കുട്ടികള്‍ സ്‌കൂളിലെ ശൗചാലയത്തില്‍ കയറിയ ശേഷം ഇറങ്ങാന്‍ വൈകുകയും തിരിച്ചിറങ്ങുമ്പോള്‍ ഉടുപ്പ് മുഴുവന്‍ നനയുകയും ചെയ്തതില്‍ സംശയം തോന്നിയ അധ്യാപകരാണ് കുട്ടികളോട് സംസാരിക്കുകയും വിവരം വീട്ടില്‍ അറിയിക്കുകയും ചെയ്തത്. ഇതിനുപിന്നാലെയാണ് എട്ടാംക്ലാസുകാരി ലഹരിമാഫിയസംഘങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്.

പെണ്‍കുട്ടിയുടെ തുറന്നുപറച്ചിലിന് പിന്നാലെ വീട്ടുകാര്‍ ചോമ്പാല പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് നടപടിയൊന്നും സ്വീകരിച്ചില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. രണ്ട് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് സമ്മര്‍ദം ചെലുത്തിയതായും വീട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍ പോലീസിനെതിരേയും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരേയും പെണ്‍കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം, പോക്‌സോ പരാതി മാത്രമാണ് കിട്ടിയതെന്നും ലഹരിമാഫിയയെക്കുറിച്ചുള്ള വിവരങ്ങളൊന്നും പറഞ്ഞിരുന്നില്ലെന്നുമാണ് ചോമ്പാല പോലീസിന്റെ വിശദീകരണം. പോക്‌സോ പരാതിയില്‍ ഒരു യുവാവിനെ പോലീസ് ചോദ്യംചെയ്തിരുന്നു. എന്നാല്‍ പെണ്‍കുട്ടി പറഞ്ഞ സമയത്ത് ഇയാള്‍ സംഭവസ്ഥലത്തുണ്ടായിരുന്നതിന് തെളിവില്ലാത്തതിനാല്‍ ചോദ്യംചെയ്ത് വിട്ടയക്കുകയായിരുന്നു. അതിനിടെ, സംഭവം വിവാദമായതോടെ എക്‌സൈസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: vadakara azhiyoor 13 year old girl reveals about drug mafia and drugs using

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kannur train fire

2 min

തർക്കത്തിന് പിന്നാലെ ട്രെയിനിന് തീയിട്ടത് ബംഗാള്‍ സ്വദേശി?; പ്രതിക്ക് മാനസികപ്രശ്‌നമുണ്ടെന്നും സൂചന

Jun 1, 2023


attack

'കല്ലുകൊണ്ട് മുഖത്തിടിച്ചു, ബെൽറ്റുകൊണ്ട് അടിച്ചു'; മലയാളി വിദ്യാർഥികളെ അക്രമിച്ച 7 പേർ അറസ്റ്റിൽ

Jun 2, 2023


RAPE

1 min

19-കാരിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചു; താമരശ്ശേരി ചുരത്തില്‍ ഉപേക്ഷിച്ചു, പോലീസ് അന്വേഷണം

Jun 2, 2023

Most Commented