ഭാര്യയുടെ ആത്മഹത്യാശ്രമം മൊബൈലില്‍ പകര്‍ത്തി, രക്ഷിക്കാന്‍ പോലും ശ്രമിച്ചില്ല; ദുരൂഹതയെന്ന് പരാതി


ശോഭിത കഴുത്തില്‍നിന്ന് കുരുക്ക് മാറ്റുന്നതും ഭര്‍ത്താവിനെ നോക്കുന്നതുമാണ് വീഡിയോക്ലിപ്പിന്റെ അവസാനഭാഗത്തുള്ളത്. എന്നാല്‍ ഇതിനുശേഷം എന്തുസംഭവിച്ചു എന്നതില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. 

ശോഭിതയുടെ ബന്ധുക്കൾ(ഇടത്ത്) ശോഭിതയും ഭർത്താവ് സഞ്ജയ് ഗുപ്തയും(വലത്ത്) Photo: twitter.com/munsifdigital & twitter.com/newsmade4u

കാന്‍പുര്‍: യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവിനെതിരേ ഗുരുതര ആരോപണവുമായി കുടുംബം. ഉത്തര്‍പ്രദേശിലെ കാന്‍പുര്‍ സ്വദേശി ശോഭിത ഗുപ്തയുടെ മരണത്തിലാണ് ഭര്‍ത്താവ് സഞ്ജയ് ഗുപ്തയ്‌ക്കെതിരേ ബന്ധുക്കള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ശോഭിത ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോള്‍ രക്ഷിക്കാന്‍ പോലും ശ്രമിക്കാതെ ഭര്‍ത്താവ് ഇതെല്ലാം മൊബൈല്‍ഫോണില്‍ ചിത്രീകരിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. ശോഭിതയുടെ മരണം ആത്മഹത്യയാണെന്ന് ഉറപ്പിക്കാനായി പിന്നീട് ഈ വീഡിയോ കാണിച്ചുനല്‍കിയെന്നും ബന്ധുക്കള്‍ പറഞ്ഞു.

കഴുത്തില്‍ ഷാള്‍ കുരുക്കിയ ശേഷം ശോഭിത തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നതാണ് ഭര്‍ത്താവ് പകര്‍ത്തിയ ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഒരിക്കല്‍പോലും ഭര്‍ത്താവ് ഭാര്യയെ തടയാന്‍ ശ്രമിക്കുന്നതായി ദൃശ്യങ്ങളിലുണ്ടായിരുന്നില്ല. മാത്രമല്ല, ഭാര്യയെ കുറ്റപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. ശോഭിതയെ നോക്കി 'ഇതാണ് നിന്റെ മാനസികാവസ്ഥയെന്നും വളരെ മോശമായ മാനസികാവസ്ഥയാണ് നിനക്കുള്ളതെന്നും' സഞ്ജയ് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ശോഭിത കഴുത്തില്‍നിന്ന് കുരുക്ക് മാറ്റുന്നതും ഭര്‍ത്താവിനെ നോക്കുന്നതുമാണ് വീഡിയോക്ലിപ്പിന്റെ അവസാനഭാഗത്തുള്ളത്. എന്നാല്‍ ഇതിനുശേഷം എന്തുസംഭവിച്ചു എന്നതില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.

ചൊവ്വാഴ്ചയാണ് ശോഭിതയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഷാള്‍ ഉപയോഗിച്ച് ശോഭിത ഫാനില്‍ തൂങ്ങിമരിച്ചെന്നായിരുന്നു ഭര്‍ത്താവിന്റെ വിശദീകരണം. ചൊവ്വാഴ്ച വൈകിട്ടോടെയാണ് ഭര്‍ത്താവ് ശോഭിതയുടെ വീട്ടുകാരെ വിളിച്ച് വിവരമറിയിച്ചത്. തങ്ങള്‍ വീട്ടില്‍ എത്തുമ്പോള്‍ മകളുടെ മൃതദേഹം കിടക്കയിലായിരുന്നുവെന്നും ഭര്‍ത്താവ് സി.പി.ആര്‍. നല്‍കുന്ന ദൃശ്യങ്ങളാണ് നേരില്‍ക്കണ്ടതെന്നും ശോഭിതയുടെ പിതാവ് രാജ് കിഷോര്‍ ഗുപ്ത പ്രതികരിച്ചു.

'മകളെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് പകരം ഭര്‍ത്താവ് അവളുടെ നെഞ്ചില്‍ അമര്‍ത്തുന്നതാണ് ഞങ്ങള്‍ കണ്ടത്. പിന്നീട് ഒരു വീഡിയോ കാണിച്ച് ശോഭിത നേരത്തെ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും അയാള്‍ പറഞ്ഞു. ഭര്‍ത്താവ് അവളരെ തടയാന്‍ ശ്രമിക്കാതെ വീഡിയോ ചിത്രീകരിക്കുകയാണ് ചെയ്തത്. ഏകദേശം ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം നടന്നത്. അതിനുപിന്നാലെ അവള്‍ മരിക്കുകയും ചെയ്തു. ഇതെല്ലാം ദുരൂഹതയുള്ളതാണ്'- രാജ് കിഷോര്‍ പറഞ്ഞു.

ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ശോഭിതയെ സ്വന്തം വീട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ നേരത്തെ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് ദുരൂഹത ആരോപിച്ച് കുടുംബം പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ ചോദ്യംചെയ്യാന്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: uttar pradesh kanpur woman suicide case husband filmed her suicide attempt in mobile phone


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented