വെടിവെപ്പ് മോന്ററേ പാർക്കിൽ നിലയുറപ്പിച്ച പോലീസ് സംഘം | Photo: AP
ലോസ് ആഞ്ജലിസ്: യു.എസിലെ മോന്ററേ പാര്‍ക്കില്‍ പത്തുപേരെ വെടിവെച്ച് കൊലപ്പെടുത്തിയ അക്രമി സ്വയം വെടിയുതിര്‍ത്ത് മരിച്ചതായി പോലീസിന്റെ സ്ഥിരീകരണം. 72-കാരനായ ഹു കാന്‍ ട്രാന് എന്നയാളാണ് വെടിവെപ്പ് നടത്തിയ ശേഷം വാനിനുള്ളില്‍ സ്വയം നിറയൊഴിച്ച് മരിച്ചത്. പോലീസ് സംഘം ഇയാളുടെ വാഹനത്തിന് നേരേ അടുത്തതോടെ വാഹനത്തിനുള്ളില്‍നിന്ന് വെടിയൊച്ച കേട്ടെന്നും പിന്നാലെ വാഹനം പരിശോധിച്ചപ്പോള്‍ വെടിയേറ്റ് മരിച്ചുകിടക്കുന്ന നിലയിലാണ് അക്രമിയെ കണ്ടെത്തിയതെന്നും ലോസ് ആഞ്ജലിസ് കൗണ്ടി ഷെറീഫ് റോബര്‍ട്ട് ലൂണ പറഞ്ഞു. പത്തുപേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
ശനിയാഴ്ച രാത്രി ചൈനീസ് പുതുവത്സരാഘോഷങ്ങള്‍ക്കിടെയാണ് മോന്ററേ പാര്‍ക്കില്‍ വെടിവെപ്പ് നടന്നത്. ആക്രമണത്തില്‍ പത്തുപേര്‍ കൊല്ലപ്പെടുകയും പത്തുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഏഷ്യക്കാര്‍ തിങ്ങിനിറഞ്ഞ് താമസിക്കുന്ന പ്രദേശമാണ് മോന്ററേ പാര്‍ക്ക്. അതേസമയം, വെടിവെപ്പിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ലെന്നും അന്വേഷണം തുടരുകയാണെന്നും ലോസ് ആഞ്ജലിസ് കൗണ്ടി ഷെറീഫ് റോബര്‍ട്ട് ലൂണ പറഞ്ഞു.
ഏതെങ്കിലും പ്രത്യേകവിഭാഗത്തെ ലക്ഷ്യമിട്ടാണോ വെടിവെപ്പ് നടന്നതെന്ന കാര്യം അധികൃതര്‍ പരിശോധിച്ചുവരികയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. വെടിവെപ്പിനെ തുടര്‍ന്ന് മോന്ററേ പാര്‍ക്കിലെ ചൈനീസ് ചാന്ദ്ര പുതുവത്സരാഘോഷ പരിപാടികള്‍ റദ്ദാക്കി. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി യു.എസ്. പതാക പകുതി താഴ്ത്തിക്കെട്ടാന്‍ യു.എസ്. പ്രസിഡന്റ് ജോ ബൈഡന് നിര്‍ദേശിച്ചു.
Content Highlights: us los angeles monterey park mass shooting suspect killed him self
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..