പ്രതിയിൽനിന്ന് പോലീസ് പിടിച്ചെടുത്ത ഉരുളികൾ, രോഹിത്
കണ്ണൂര്‍: പോലീസിനെ വെട്ടിച്ചുനടന്ന ഉരുളി മോഷണക്കേസ് പ്രതി ഒടുവില്‍ അകത്തായി. കല്യാണത്തിനെന്നും മരുന്നുണ്ടാക്കാനെന്നും പറഞ്ഞ് ഓട്ടുരുളി വാടക്കയ്‌ക്കെന്ന പേരില്‍ വാങ്ങി മറിച്ചുവില്‍ക്കുന്ന ഇരിക്കൂറിനടുത്ത കോളോട്ടെ വരത്തന്‍കണ്ടി വീട്ടില്‍ വി.കെ. രോഹിത്ത് (22) ആണ് പിടിയിലായത്. ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി, എ.എസ്.ഐ.മാരായ രാജീവന്‍, അജയന്‍, രഞ്ജിത്ത്, നാസര്‍ എന്നിവരടങ്ങിയ സംഘമാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് ഇയാളെ പിടികൂടിയത്. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാളുടെ കൂട്ടാളിയെ കിട്ടാനുണ്ട്.
തളാപ്പ്, കണ്ണൂര്‍ സിറ്റി, താഴെചൊവ്വ എന്നിവിടങ്ങളിലെ വാടകയ്ക്ക് സാധനങ്ങള്‍ നല്‍കുന്ന കടകളില്‍നിന്ന് എട്ട് ഉരുളിയാണ് വാടകയ്‌ക്കെന്ന പേരില്‍ വാങ്ങി മറിച്ചുവിറ്റ് ഇയാള്‍ പുതിയതരം തട്ടിപ്പ് നടത്തിയത്.
അഞ്ചുലക്ഷത്തോളം രൂപ വിലയുള്ള ഓട്ടുരുളികള്‍ വിറ്റത് ഒന്നരലക്ഷം രൂപയ്ക്കാണ്. ശ്രീകണ്ഠപുരം, കാട്ടാമ്പള്ളി, ചക്കരക്കല്ല് എന്നിവിടങ്ങളില്‍ വിറ്റ എട്ട് ഉരുളിയും പോലീസ് കണ്ടെടുത്തു.
കഴിഞ്ഞ മാസം 19-നാണ് തളാപ്പിലെ ബിജുവിന്റെ ഉടമസ്ഥതയിലുള്ള വാടകസാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍നിന്ന് രണ്ട് ഓട്ടുരുളിയും ചട്ടുകവും ഇയാള്‍ വാടകയയ്ക്ക് എന്നപേരില്‍ കൊണ്ടുപോയത്. കണ്ണൂര്‍ സിറ്റിയിലെ ദിലീപിന്റെ കടയില്‍നിന്നും ഇതേരീതിയില്‍ സാധനങ്ങള്‍ കൊണ്ടുപോയി തിരികെ കിട്ടിയില്ലെന്ന പരാതി വന്നു. ഇതിനെത്തുടര്‍ന്നാണ് പോലീസ് അന്വേഷിച്ചത്. ഉരുളി വിറ്റുകിട്ടിയ പണംകൊണ്ട് രണ്ടുപേരും പലയിടത്തും ചുറ്റിയടിച്ചു. പിടികിട്ടാനുള്ള പ്രതി കണ്ണൂര്‍ നഗരത്തില്‍ വാടകയ്ക്ക് താമസിക്കുന്നയാളാണ്.
Content Highlights: uruli stealing-Defendant arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..