സൊനാലിയും സനയും | Photo: https://twitter.com/DainikBhaskar
ലഖ്നൗ: രണ്ടു പെൺകുട്ടികൾ തമ്മിൽ സുഹൃത്തുക്കളായി, ശേഷം പ്രണയത്തിലായി. ഒരുമിച്ച് ജീവിക്കാനായി കൂട്ടത്തിലൊരാൾ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്ത് പുരുഷനാവുകയും ചെയ്തു. എന്നാൽ കുറച്ചു കാലങ്ങൾക്ക് ശേഷം ഒപ്പം ജീവിച്ചിരുന്ന യുവതി മറ്റൊരു പുരുഷനുമായി പ്രണയത്തിലായി. ഇപ്പോൾ താൻ വഞ്ചിക്കപ്പെട്ടുവെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് പുരുഷനായി മാറിയ സൊഹൈൽ ഖാൻ.
ഉത്തർപ്രദേശിലെ ജാൻസിയിലാണ് സംഭവം. പേയിങ് ഗസ്റ്റായി എത്തിയ സന എന്ന യുവതിയും വീട്ടുടമസ്ഥയുടെ മകളായ സോനാലും വളരെ പെട്ടെന്നുതന്നെ സുഹൃത്തുക്കളായി. വീടിന്റെ മുകൾ നിലയിലായിരുന്നു സന താമസിച്ചിരുന്നത്, സോനാൽ താഴത്തെ നിലയിൽ മാതാപിതാക്കൾക്കൊപ്പവും. സുഹൃത്തുക്കളായി നാല് മാസത്തിനുള്ളിൽ തന്നെ തങ്ങൾ ഇരുവരും പ്രണയത്തിലായതായി സന പറയുന്നു. എന്നാൽ ഇക്കാര്യം അറിഞ്ഞ സോനാലിയുടെ വീട്ടുകാർ ഇതംഗീകരിക്കാൻ തയ്യാറായില്ല. സനയോട് വീട്ടിൽ നിന്ന് മാറിത്താമസിക്കാൻ സോനാലിയുടെ വീട്ടുകാർ ആവശ്യപ്പെട്ടു.
2016 മുതൽ ഝാൻസിയിൽ സർക്കാർ ഉദ്യോഗസ്ഥയായി ജോലി ചെയ്തുവരികയായിരുന്നു സന. ഒരുവർഷത്തിന് ശേഷം സർക്കാർ ഉദ്യോഗസ്ഥർക്കായുള്ള താമസസ്ഥലത്തേക്ക് സന സോനാലിയുടെ വീട്ടിൽ നിന്ന് മാറുകയും ചെയ്തു. 2017 ഓഗസ്റ്റ് 10-നായിരുന്നു സന സർക്കാർ കെട്ടിടത്തിലേക്ക് താമസം മാറ്റുന്നത്. സനയോട് പിരിഞ്ഞിരിക്കാൻ പറ്റാതെ നാല് ദിവസത്തിന് ശേഷം സോനാലിയും വീട്ടിൽ നിന്ന് ഇറങ്ങി തന്നോടൊപ്പം താമസമാക്കിയതായി സന പറയുന്നു.
2017 സെപ്തംബർ 14-ന് സൊനാലിയുടെ കുടുംബം പോലീസിൽ പരാതി നൽകിയെങ്കിലും സനയ്ക്കൊപ്പം താമസിക്കാനാണ് താത്പര്യം എന്ന് സൊനാലി എഴുതി നൽകുകയായിരുന്നുവെന്ന് സന പറയുന്നു.
കുറച്ചു ദിവസങ്ങൾക്ക് ശേഷം സനയോട് ലിംഗമാറ്റ ശസ്ത്രക്രിയക്കുറിച്ച് പറയുകയും അതിന് പ്രേരിപ്പിക്കുകയും ചെയ്യുകയായിരുന്നുവെന്ന് സനയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് ഡൽഹിയിലെ സർ ഗംഗ റാം ആശുപത്രിയെ സമീപിച്ചു. വിശദമായ മെഡിക്കൽ പരിശോധനകൾക്കും കൗൺസിലിങ്ങുകൾക്കും ശേഷം സന ലിംഗമാറ്റ ശസ്ത്രക്രിയക്ക് അനുയോജ്യമാണെന്ന് ഡോക്ടർമാർ റിപ്പോർട്ട് നൽകുകയും ചെയ്തു. എല്ലാം സൊനാലിക്ക് വേണ്ടിയായിരുന്നുവെന്ന് സന പറയുന്നു. 2020 ജൂൺ 22-ന് ആയിരുന്നു സനയുടെ ശസ്ത്രക്രിയ. ശസ്ത്രക്രിയക്ക് പിന്നാലെ സൊഹൈൽ ഖാൻ എന്ന് ഔദ്യോഗികമായിത്തന്നെ താൻ പേര് മാറ്റുകയും ചെയ്തുവെന്ന് സന പറയുന്നു. അഞ്ച് ലക്ഷത്തോളം രൂപ ശസ്ത്രക്രിയക്കായി ചെലവഴിച്ചുവെന്ന് സന വ്യക്തമാക്കുന്നു.
ആശുപത്രിയിൽ കഴിഞ്ഞിരുന്ന സമയത്ത് സോനാൽ എല്ലാ രേഖകളിലും സൊഹാൽ ഖാന്റെ ഭാര്യ എന്നായിരുന്നു നൽകിയിരുന്നതെന്നും ഒപ്പ് വെച്ചതെന്നും സന അവകാശപ്പെടുന്നു.
സനയ്ക്ക് സർക്കാർ ഉദ്യോഗം ഉള്ളതുകൊണ്ടുതന്നെ സൊനാലിക്കും ഒരു ജോലി അത്യാവശ്യമായിരുന്നു. അങ്ങനെയാണ് 2022-ൽ സോനാൽ യഥാർഥ എന്ന ആശുപത്രിയിൽ ജോലിക്ക് ചേരുന്നത്. എന്നാൽ ഇതിന് പിന്നാലെ സൊനാലിയുടെ ഭാവത്തിൽ മാറ്റംവന്നുതുടങ്ങിയെന്ന് സന ആരോപിക്കുന്നു.
ആശുപത്രിയിലേക്ക് ജോലിക്ക് പോയ സൊനാൽ അധിക സമയവും വീട്ടിലെത്താതെ ആശുപത്രിയിൽ തന്നെ ചെലവഴിക്കാൻ തുടങ്ങി. ഇത് തങ്ങൾക്കിടയിൽ തർക്കത്തിന് ഇടയാക്കിയിരുന്നുവെന്ന് സന പറയുന്നു. ഒരു രാത്രിയിൽ സൊനാലി ഗ്രൂപ്പ് കോളിൽ കരയുന്നത് കണ്ട സന, കാരണം അന്വേഷിച്ചപ്പോള്‍ തന്റെ കുടുംബത്തെ വല്ലാതെ മിസ്സ് ചെയ്യുന്നുവെന്ന് മറുപടി പറഞ്ഞു. എന്നാൽ വൈകാതെ തന്നെ താൻ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് സന തിരിച്ചറിയുകയായിരുന്നു. ആശുപത്രിയിലെ സഹപ്രവർത്തകനുമായി സൊനാലി പ്രണയത്തിലാണെന്ന കാര്യം താൻ കണ്ടെത്തിയെന്നും ഇതിനെച്ചൊല്ലിയുള്ള തർക്കത്തിൽ അയാൾക്കൊപ്പം താമസിക്കാനാണ് ഇഷ്ടം എന്ന് സൊനാൽ പറഞ്ഞതായും സന പറയുന്നു.
സംഭവത്തിന് പിന്നാലെ സൊനാൽ അവളുടെ വീട്ടിലേക്ക് തിരിച്ചു പോയി. തുടർന്ന് സനയ്ക്കെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്തു. പീഡനം, തട്ടിക്കൊണ്ടു പോകൽ, ബലാത്സംഗം തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു സനയ്ക്കെതിരായ പരാതി.
എന്നാൽ, എന്താണ് സംഭവിച്ചതെന്ന കാര്യം സന പോലീസിനോട് വിശദമായിത്തന്നെ വിവരിച്ചു. ഇതോടെ ചോദ്യം ചെയ്യലിനായി സൊനാലിനും പോലീസ് നോട്ടീസ് അയച്ചു. എന്നാൽ കാര്യങ്ങൾ അത്ര നല്ല രീതിയിൽ മുന്നോട്ട് പോകുന്നില്ലെന്ന് കണ്ട സന കോടതിയെ സമീപിച്ചു. നിരവധി തവണ നോട്ടീസ് ലഭിച്ചെങ്കിലും സൊനാൽ ഹാജരാകാൻ തയ്യാറായില്ല. തുടർന്ന് ജനുവരി 18ന് പോലീസ് സൊനാലിയെ അറസ്റ്റ് ചെയ്തു. നിലവിൽ സൊനാലി ജാമ്യത്തിലാണ്, ഫെബ്രുവരി 23-നാണ് കോടതി വീണ്ടും വാദം കേൾക്കുക.
Content Highlights: UP woman changes sex for lover who moves out to live with another man
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..