Screengrab Courtesy: Youtube.com/ABP Ganga
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഗര്‍ഭിണിയായ യുവതിയെയും അഞ്ചുവയസ്സുള്ള മകനെയും കൊലപ്പെടുത്തിയ കേസില്‍ ബന്ധുവായ യുവാവ് അറസ്റ്റില്‍. കൊല്ലപ്പെട്ട ശിഖ(26)യുടെ ഭര്‍ത്താവ് സന്ദീപിന്റെ സഹോദരീഭര്‍ത്താവായ ഹരീഷ് കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും രണ്ട് കൂട്ടാളികളും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും സന്ദീപിന്റെ കുടുംബം സാമ്പത്തികമായി ഉയര്‍ന്നനിലയിലായതിലുള്ള അസൂയയാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.
സന്ദീപിന്റെ ഭാര്യ ശിഖ, മകന്‍ രുക്‌നാഷ് എന്നിവരെ തിങ്കളാഴ്ച രാത്രിയാണ് വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ബാങ്ക് മാനേജരായ സന്ദീപ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ മുറിയിലെ കട്ടിലിനുള്ളിലെ അറയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൈകള്‍ കെട്ടി വായില്‍ തുണിതിരുകിയ നിലയിലായിരുന്നു യുവതിയുടെയും മകന്റെയും മൃതദേഹങ്ങള്‍ കട്ടിലിലെ അറയില്‍ ഒളിപ്പിച്ചിരുന്നത്.
നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഹരീഷ്‌കുമാറിനെ കഴിഞ്ഞദിവസം പിടികൂടിയത്. ഇയാള്‍ക്കൊപ്പം മറ്റ് രണ്ടുപേര്‍ കൂടി കൃത്യത്തില്‍ പങ്കെടുത്തിരുന്നു. ഇതിലൊരാളായ രവി സിങ്ങിനെ കഴിഞ്ഞദിവസം ഹാപുരിലെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയതായും പോലീസ് അറിയിച്ചു. കൊലക്കേസില്‍ അറസ്റ്റ് ഭയന്ന് ഇയാള്‍ ആത്മഹത്യ ചെയ്‌തെന്നാണ് നിഗമനം.
സന്ദീപിന്റെ സഹോദരീഭര്‍ത്താവായ ഹരീഷ് ടാക്‌സി ഡ്രൈവറാണ്. നേരത്തെ ഒരുവിവാഹ ചടങ്ങിലെ കവര്‍ച്ച അടക്കം ചില മോഷണക്കേസുകളില്‍ ഇയാള്‍ പ്രതിയായിരുന്നു. ജയില്‍ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
Also Read
സന്ദീപും കുടുംബവും തന്നെക്കാള്‍ ഉയര്‍ന്നനിലവാരത്തില്‍ ജീവിക്കുന്നതും ഉയര്‍ന്ന സാമ്പത്തിക ചുറ്റുപാടുമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രതിയുടെ മൊഴി. സംഭവദിവസം ഹാപുരിലെ രണ്ട് സുഹൃത്തുക്കളെ കൂട്ടിയാണ് ഇയാള്‍ സന്ദീപിന്റെ വീട്ടിലെത്തിയത്. കുടുംബത്തെ ഒന്നാകെ ഇല്ലാതാക്കാനായിരുന്നു പദ്ധതി. എന്നാല്‍ എട്ടുമാസം ഗര്‍ഭിണിയായ ശിഖയും മകന്‍ രുക്‌നാഷും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. വീടിന്റെ വാതില്‍ തള്ളിത്തുറന്ന് അകത്തുപ്രവേശിച്ച പ്രതികള്‍ രണ്ടുപേരെയും കൊലപ്പെടുത്തി. പിന്നാലെ പണവും ആഭരണങ്ങളും കവരുകയും ചെയ്തു. ഇതിനിടെ, ശിഖയുടെ അമ്മ വീട്ടിലെത്തിയിരുന്നു. വീടിന് പുറത്ത് ഇവരെ കണ്ടതോടെ യുവതിയുടെയും മകന്റെയും മൃതദേഹങ്ങള്‍ കട്ടിലിനുള്ളിലെ അറയില്‍ ഒളിപ്പിച്ച് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഭര്‍ത്താവ് വീട്ടിലെത്തി തിരച്ചില്‍ നടത്തിയതോടെയാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
Content Highlights: up meerut pregnant woman and son murder kin arrested and one accused commits suicide


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..