യുവാവിനെ മർദിക്കുന്ന ദൃശ്യങ്ങൾ | Screengrab: twitter.com/Benarasiyaa
ലഖ്‌നൗ: മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ അടിച്ചുകൊന്ന് മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരിലെ സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയിലെ മാനേജരായ ശിവം ജൊഹ്‌രി(32)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ഉടമയായ ബന്‍കിം സുരി ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു.
ശിവം ജോലിചെയ്യുന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍നിന്ന് അടുത്തിടെ മറ്റൊരു വ്യാപാരസ്ഥാപനത്തിന്റെ സാധനങ്ങള്‍ കാണാതായിരുന്നു. ഇത് കമ്പനിയിലെ ജീവനക്കാര്‍ മോഷ്ടിച്ചതാണെന്നായിരുന്നു ഉടമ ഉള്‍പ്പെടെയുള്ളവരുടെ സംശയം. ഇതിന്റെ പേരില്‍ ഒട്ടേറെ ജീവനക്കാരെ മര്‍ദിക്കുകയും ചെയ്തു. കൊല്ലപ്പെട്ട ശിവത്തെയും ക്രൂരമായാണ് ആക്രമിച്ചത്. യുവാവിനെ തൂണില്‍ കെട്ടിയിട്ട് കമ്പിവടി കൊണ്ട് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇയാളെ ഷോക്കേല്‍പ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതോടെ പ്രതികള്‍ സര്‍ക്കാര്‍ ആശുപത്രിക്ക് പുറത്ത് മൃതദേഹം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് ശിവം ഷോക്കേറ്റ് മരിച്ചെന്ന വിവരം വീട്ടുകാര്‍ക്ക് ലഭിച്ചത്. എന്നാല്‍ പോലീസ് നടത്തിയ പരിശോധനയില്‍ ശരീരമാസകലം മുറിവുകള്‍ കണ്ടെത്തി. ഇതോടെയാണ് വിശദമായ അന്വേഷണം നടത്തിയത്.
കൊല്ലപ്പെട്ട ശിവം കഴിഞ്ഞ ഏഴുവര്‍ഷമായി ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ഉടമയായ ബന്‍കിം സുരിയ്‌ക്കൊപ്പമാണ് ജോലിചെയ്യുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു കാര്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കേസില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കൂടുതല്‍ വ്യക്തതവരികയുള്ളൂവെന്നും പോലീസ് പറഞ്ഞു.
Content Highlights: up man beaten to death over theft suspicion body dumped in hospital
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..